മലയോര ഹൈവേ വേഗത്തില്‍ പൂര്‍ത്തിയാക്കണം

മലയോര പ്രദേശങ്ങളിലെ യാത്രാദുരിതം കുറയ്ക്കുന്നതിനും ഈ ഭാഗങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. മലയോരഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുക്കാല്‍ ഭാഗവും പൂര്‍ത്തിയായെന്ന് പറയുമ്പോഴും അവശേഷിച്ച ഭാഗങ്ങളില്‍ നിര്‍മ്മാണം ഒച്ചിനെ പോലെ ഇഴയുകയാണ്.നിര്‍മ്മാണം തുടങ്ങി അഞ്ച് വര്‍ഷത്തോളമായിട്ടും മലയോര ഹൈവേയുടെ നാലാംറീച്ചാണ് പൂര്‍ണമായും യാത്രായോഗ്യമല്ലാതെ കിടക്കുന്നത്. ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള 30. 88 കിലോ മീറ്ററില്‍ വനത്തിലൂടെയുള്ള 2.9 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാന്‍ ഇനിയും ബാക്കിയുണ്ട്. ഇതില്‍ ചുള്ളിയില്‍ […]

മലയോര പ്രദേശങ്ങളിലെ യാത്രാദുരിതം കുറയ്ക്കുന്നതിനും ഈ ഭാഗങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. മലയോരഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുക്കാല്‍ ഭാഗവും പൂര്‍ത്തിയായെന്ന് പറയുമ്പോഴും അവശേഷിച്ച ഭാഗങ്ങളില്‍ നിര്‍മ്മാണം ഒച്ചിനെ പോലെ ഇഴയുകയാണ്.നിര്‍മ്മാണം തുടങ്ങി അഞ്ച് വര്‍ഷത്തോളമായിട്ടും മലയോര ഹൈവേയുടെ നാലാംറീച്ചാണ് പൂര്‍ണമായും യാത്രായോഗ്യമല്ലാതെ കിടക്കുന്നത്. ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള 30. 88 കിലോ മീറ്ററില്‍ വനത്തിലൂടെയുള്ള 2.9 കിലോ മീറ്റര്‍ ദൂരം വികസിപ്പിക്കാന്‍ ഇനിയും ബാക്കിയുണ്ട്. ഇതില്‍ ചുള്ളിയില്‍ നിന്ന് ചെങ്കുത്തായ മരുതോം മലയിലൂടെയുള്ള 700 കിലോ മീറ്റര്‍ ദൂരം ഏറെ ദുര്‍ഘടം നിറഞ്ഞതാണ്.മറ്റ് മേഖലകളിലെന്നത് പോലെ ഫണ്ടിന്റെ അഭാവം തന്നെയാണ് മലയോരഹൈവേയുടെ നിര്‍മ്മാണ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ണമായാല്‍ മാത്രമേ ബസ് സര്‍വീസും കാര്യക്ഷമമാകുകയുള്ളൂ. പഴയറോഡിലൂടെയും മലയോര ഹൈവേയിലൂടെയുമായി മാലോത്തേക്കും പുല്ലൊടിയിലേക്കും ബസ് പോകുന്നുണ്ട്. മരുതോം മലയിലൂടെയുള്ള റോഡില്‍ പൂര്‍ണമായും സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് സാധിക്കുന്നില്ല. ഇടയ്ക്ക് വെച്ച് യാത്ര മുടങ്ങുന്ന സ്ഥിതിയാണുള്ളത്. നിലവില്‍ മാലോത്ത് നിന്ന് 13 കിലോ മീറ്റര്‍ അകലെ പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോളിച്ചാലിലെത്താന്‍ ഇപ്പോള്‍ ഒടയംചാല്‍ വഴി 50 കിലോ മീറ്ററിലധികം ചുറ്റിതിരിയേണ്ടിവരികയാണ്. മലയോരഹൈവേ പൂര്‍ണമായാല്‍ ബസ് യാത്ര കൂടുതല്‍ എളുപ്പമാകുമെന്നാണ് മലയോരജനത പറയുന്നത്. കാസര്‍കോട് ജില്ലാ ആസ്ഥാനത്തേക്കും സുള്ള്യ, മൈസൂരിു, ബംഗളൂരുമേഖലകളിലേക്കും എളുപ്പത്തിലെത്താന്‍ മലയോരഹൈവേ പ്രയോജനപ്പെടും. മലയോരഹൈവേയുടെ നിര്‍മ്മാണം തുടങ്ങിയത് 2018 നവംബറിലാണ്. ചെറുപുഴ മുതല്‍ നന്ദാരപ്പടവ് വരെ 127. 42 കിലോ മീറ്റര്‍ ദൂരത്തിലുള്ള വികസനത്തിനായി 298 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. നാലാം റീച്ചില്‍ പെട്ട കോളിച്ചാല്‍ മുതല്‍ ചെറുപുഴ വരെയുള്ള നിര്‍മ്മാണത്തിനായി 82 കോടി രൂപയോളമാണ് വിനിയോഗിക്കപ്പെട്ടത്. മരുതോത്തും അറയ്ക്കതട്ടിലും വനത്തിലൂടെയുള്ള അവശേഷിക്കുന്ന 2.9 കിലോ മീറ്ററാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാനുള്ളത്. വനഭൂമി വിട്ടുകിട്ടാന്‍ വൈകിയതടക്കം ഇവിടെ നിര്‍മ്മാണത്തിന് തടസ്സമാകുകയായിരുന്നു. കെ.ആര്‍.എഫ്.ബി വനഭൂമിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 109. 27 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. ഇതുവരെ തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. ചെങ്കുത്തായ മരുതോം മലയില്‍ സുരക്ഷിതത്വം ഉറപ്പാക്കി റോഡ് വികസനം നടത്തുകയെന്നത് ദുഷ്‌ക്കരമായ പ്രവൃത്തിയാണ്. മലയില്‍ റോഡ് നിര്‍മ്മാണം നടത്തുമ്പോള്‍ അത് പ്രകൃതി ക്ഷോഭത്തിന് വരെ ഇടവരുത്തും വിധം വലിയ വെല്ലുവിളിയായി മാറും. താഴ് വാരത്തെ പട്ടികവര്‍ഗകോളനിയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. 2022ലെ കാലവര്‍ഷത്തില്‍ ഇവിടെ മലയിടിച്ചലും മലവെള്ളപ്പാച്ചിലും സംഭവിച്ചിരുന്നു. റോഡിന് വിള്ളലുമുണ്ടായി. അതുകൊണ്ട് പ്രകൃതിക്ഷോഭം തടയുന്നതിനുള്ള മുന്‍കരുതലോടെ മാത്രമേ ഈ ഭാഗത്ത് വികസനപ്രവൃത്തികള്‍ നടത്താനാകൂ. മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് മലയോരത്തെ യാത്രാപ്രശ്നത്തിന് അറുതിയുണ്ടാക്കണം.

Related Articles
Next Story
Share it