നായ്ക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുമ്പോള്‍

കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ഒരു സാധാരണ വാര്‍ത്തയായി മാറിയിരിക്കുന്നു. നായ്ക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കടിച്ചുകീറുമ്പോഴും നിയമവും സമൂഹവും നിസംഗതയില്‍ തന്നെയാണ്. തെരുവ് നായ്ക്കള്‍ മനുഷ്യരെ കടിക്കുന്നത് ഇപ്പോള്‍ നിസാര സംഭവമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ഇനിയിപ്പോള്‍ നായ്ക്കളുടെ കടിയേറ്റ് കൂട്ടമരണങ്ങള്‍ സംഭവിച്ചാല്‍ പോലും ഇവിടത്തെ നിയമസംവിധാനങ്ങള്‍ ഉണരാന്‍ മടിക്കുമെന്നാണ് തോന്നുന്നത്. അത്തരമൊരു സാഹചര്യത്തിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പടന്നയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ കടിച്ചെടുത്തുകൊണ്ടുപോയ സംഭവം നാടിനെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് […]

കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ഒരു സാധാരണ വാര്‍ത്തയായി മാറിയിരിക്കുന്നു. നായ്ക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കടിച്ചുകീറുമ്പോഴും നിയമവും സമൂഹവും നിസംഗതയില്‍ തന്നെയാണ്. തെരുവ് നായ്ക്കള്‍ മനുഷ്യരെ കടിക്കുന്നത് ഇപ്പോള്‍ നിസാര സംഭവമായി എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ഇനിയിപ്പോള്‍ നായ്ക്കളുടെ കടിയേറ്റ് കൂട്ടമരണങ്ങള്‍ സംഭവിച്ചാല്‍ പോലും ഇവിടത്തെ നിയമസംവിധാനങ്ങള്‍ ഉണരാന്‍ മടിക്കുമെന്നാണ് തോന്നുന്നത്. അത്തരമൊരു സാഹചര്യത്തിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പടന്നയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ കടിച്ചെടുത്തുകൊണ്ടുപോയ സംഭവം നാടിനെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് കുഞ്ഞിനെ ഇട്ട് നായ ഓടിപ്പോയത്. നായയുടെ കടിയേറ്റ കുട്ടി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പട്ടാപ്പകല്‍ വീട്ടുവളപ്പില്‍ കടന്നുചെന്ന് കുഞ്ഞിനെ നായ കടിച്ചെടുത്ത് കൊണ്ടുപോയ സംഭവം ഇതിന് മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞുങ്ങളെ നായ്ക്കള്‍ കടിച്ചുകീറാറുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വീടുകളില്‍ പോലും കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ സുരക്ഷിതത്വം വലിയ ഭീഷണിയിലാകുമെന്നതില്‍ തര്‍ക്കമില്ല. പടന്നയില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളെയും തെരുവ് നായ്ക്കള്‍ അക്രമിച്ചു. മുതിര്‍ന്നവരായ ചിലരും നായ്ക്കളുടെ കടിയേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെയും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ നടന്നു. കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്കാണ് ഇന്നലെ മാത്രം നായ്ക്കളുടെ കടിയേറ്റത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. സ്‌കൂളുകളിലും മദ്രസകളിലും പോകുന്ന കുട്ടികള്‍ നായ്ക്കളുടെ ശല്യം കാരണം ഭയചകിതരാണ്. പല പൊതുസ്ഥലങ്ങളും തെരുവ് നായ്ക്കളുടെ താവളങ്ങളാണ്. കുട്ടികളെ കാണുമ്പോള്‍ ഇവ കൂട്ടത്തോടെ അക്രമിക്കാന്‍ മുതിരുന്നു. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം നായ്ക്കള്‍ കൂട്ടം ചേര്‍ന്നെത്താന്‍ സാഹചര്യമുണ്ടാക്കുന്നു. മാംസാവശിഷ്ടങ്ങള്‍ തിന്ന് ശീലിച്ച തെരുവ് നായ്ക്കള്‍ക്ക് ഹിംസ്രസ്വഭാവമുണ്ടാകുന്നു. മനുഷ്യരെപ്പോലും അക്രമക്കാന്‍ ഇത് കാരണമാകുകയാണ്. ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ കൂടുതലും കുട്ടികളാണ്. പ്രതിരോധിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ നായ്ക്കള്‍ക്ക് സാധിക്കുന്നു.നായ്ക്കള്‍ കാരണം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ മടികാണിക്കുന്നു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള അധികാരികളുടെ നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് പോലും നിയമപരമായ തടസങ്ങളുണ്ടെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ പറയുന്നത്.
നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പദ്ധതികളും നടപ്പിലാകുന്നില്ല. നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ എല്ലാ ജില്ലകളിലും എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയില്‍ ഈ പദ്ധതി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ കടിച്ചുകുടയുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നോക്കുകുത്തിയായി നിയമം നിലകൊള്ളുന്നു. എന്നാണ് ഈ ദുരവസ്ഥ മാറുകയെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

Related Articles
Next Story
Share it