പാഴാകുന്ന തീര സംരക്ഷണപദ്ധതികള്‍

കാസര്‍കോട് ജില്ലയില്‍ തീരസംരക്ഷണത്തിനായി കോടികള്‍ ചിലവിടുമ്പോഴും പല പദ്ധതികളും പാഴായിപ്പോകുന്ന അനുഭവമാണ് ഇവിടത്തെ ജനങ്ങള്‍ക്കുള്ളത്. കടല്‍ ഭിത്തികള്‍ അടക്കമുള്ള നിര്‍മ്മാണപ്രവൃത്തികള്‍ പോലും ഉദ്ദേശിച്ച ഫലം ചെയ്യാതെ നശിച്ചുപോകുന്നു. മഴക്കാലത്താണ് തീരദേശ ജനത ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നത്. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരമാലകള്‍ക്ക് ശക്തിയേറുന്നു. അതിശക്തമായി തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറുമ്പോള്‍ കടല്‍ഭിത്തികള്‍ തകര്‍ന്നുപോകുകയാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് മാത്രം ചെലവഴിച്ചത് 6.34 കോടി രൂപയാണ്. കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 5.75 […]

കാസര്‍കോട് ജില്ലയില്‍ തീരസംരക്ഷണത്തിനായി കോടികള്‍ ചിലവിടുമ്പോഴും പല പദ്ധതികളും പാഴായിപ്പോകുന്ന അനുഭവമാണ് ഇവിടത്തെ ജനങ്ങള്‍ക്കുള്ളത്. കടല്‍ ഭിത്തികള്‍ അടക്കമുള്ള നിര്‍മ്മാണപ്രവൃത്തികള്‍ പോലും ഉദ്ദേശിച്ച ഫലം ചെയ്യാതെ നശിച്ചുപോകുന്നു. മഴക്കാലത്താണ് തീരദേശ ജനത ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നത്. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തിരമാലകള്‍ക്ക് ശക്തിയേറുന്നു. അതിശക്തമായി തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറുമ്പോള്‍ കടല്‍ഭിത്തികള്‍ തകര്‍ന്നുപോകുകയാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് മാത്രം ചെലവഴിച്ചത് 6.34 കോടി രൂപയാണ്. കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 5.75 കോടി രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കടലാക്രമണഭീഷണി നേരിടുന്ന വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി 1.18 കോടി രൂപയാണ് ചിലവിട്ടത്. എന്നാല്‍ ഈ പദ്ധതികളൊന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന് പ്രയോജനപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള തീരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കടലാക്രമണങ്ങളുണ്ടാകുമ്പോള്‍ ഏറെ ആശങ്കയോടെയാണ് കഴിയുന്നത്. മഞ്ചേശ്വരം മുസോടി കടപ്പുറം കടലാക്രമണം രൂക്ഷമായി അനുഭവപ്പെടാറുള്ള തീരദേശമാണ്. ഇവിടെ നിരവധി കുടുംബങ്ങള്‍ മഴക്കാലമാകുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്. മുസോടി കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടും തിരമാലകള്‍ വീടുകളിലേക്ക് ഇരച്ചുകയറുന്നു. കടല്‍തീര സംരക്ഷണത്തിനായി മുസോടിയില്‍ ഗ്രോയിന്‍സ് ഫീല്‍ഡിന്റെ രണ്ട് കടല്‍ഭിത്തികളാണ് നിര്‍മ്മിച്ചത്. ഗ്രോയിന്‍സ് ഫീല്‍ഡ് തീരസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനുമായി കടല്‍തീരങ്ങളിലും നദീതടങ്ങളിലും പുലിമുട്ട് പോലെയാണ് നിര്‍മ്മിക്കുന്നത്. കടലിലേക്ക് നീളത്തില്‍ കരിങ്കല്‍ ഭിത്തികള്‍ പണിയുകയാണ് ചെയ്യുന്നത്. നിശ്ചിത അകലം ഭിത്തികള്‍ തമ്മിലുണ്ടെന്നത് കൂടാതെ നീളത്തില്‍ വ്യത്യാസമുണ്ട്. ഇത്തരം ഭിത്തികള്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന വിശ്വാസമാണ് അസ്ഥാനത്തിലാത്. ഗ്രോയിന്‍സ് ഫീല്‍ഡ് ഭിത്തികള്‍ നിര്‍മ്മിച്ചിട്ടും കടലാക്രമണം രൂക്ഷമായതോടെ പ്രദേശത്തെ 11 കുടുംബങ്ങളാണ് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറ്റിയത്. എന്നാല്‍ ഇവിടെ വിട്ടുപോകാനാകാതെ നിസ്സഹായാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളുണ്ട്. തങ്ങള്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്നാണ് ഇവര്‍ പറയുന്നത്. മഞ്ചേശ്വരം തുറമുഖത്തിന് സമീപം ഗ്രോയിന്‍സ് ഫീല്‍ഡില്‍ 17 കരിങ്കല്‍ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയായത് കഴിഞ്ഞ ഒക്ടോബറിലാണ്. എന്നാല്‍ കടലാക്രമണം വരുമ്പോള്‍ ഈ ഭിത്തികള്‍ സുരക്ഷിതബോധം നല്‍കുന്നില്ലെന്നാണ് തീരദേശകുടുംബങ്ങള്‍ പറയുന്നത്. മഞ്ചേശ്വരം തുറമുഖത്തിന് സമീപം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്ന നിലയിലാണുള്ളത്. അവശേഷിക്കുന്ന ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്. എത്ര രൂക്ഷമായ കടലാക്രമണം ഉണ്ടായാല്‍ പോലും നശിക്കാത്തതും കുടുംബങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതുമായ രീതിയില്‍ കരിങ്കല്‍ ഭിത്തികള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

Related Articles
Next Story
Share it