ദേശീയപാത നിര്‍മ്മാണത്തിനിടെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കരുത്

ദേശീയപാത നിര്‍മ്മാണപ്രവൃത്തി നടക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തതിനാലുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇങ്ങനെയുള്ള അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം കുണിയക്കടുത്ത് ദേശീയപാതയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞുപോയത് വിലപ്പെട്ട രണ്ട് മനുഷ്യജീവനുകളാണ്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് ദേശീയപാതവികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്കാണ്. കാറിലുണ്ടായിരുന്നവരും കാല്‍നടയാത്രക്കാരനും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണക്കമ്പനി മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് കാസര്‍കോട് ജില്ലയിലെ പല […]

ദേശീയപാത നിര്‍മ്മാണപ്രവൃത്തി നടക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തതിനാലുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇങ്ങനെയുള്ള അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം കുണിയക്കടുത്ത് ദേശീയപാതയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞുപോയത് വിലപ്പെട്ട രണ്ട് മനുഷ്യജീവനുകളാണ്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് ദേശീയപാതവികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്കാണ്. കാറിലുണ്ടായിരുന്നവരും കാല്‍നടയാത്രക്കാരനും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണക്കമ്പനി മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതെന്ന ആക്ഷേപം പൊതുവെ നിലനില്‍ക്കുന്നുണ്ട്. കുണിയയിലും ഈ രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. ദേശീയപാത നിര്‍മ്മാണ കമ്പനിയായ ഹൈദരാബാദിലെ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പ്രവൃത്തികള്‍ക്കായി ദേശീയപാതയുടെ വലിയൊരു ഭാഗത്ത് തല്‍ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ വീതിയില്ലാത്ത റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. കാല്‍നടയാത്രക്കാരും ഇതേ റോഡിലൂടെയാണ് നടന്നുപോകുന്നത്. ഇവിടെ ബദല്‍ സംവിധാനമൊന്നും ഒരുക്കിയിട്ടില്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഏത് സമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. കലുങ്ക് നിര്‍മ്മിക്കാനായി എടുത്ത കുഴിയാണ് കുണിയയില്‍ യഥാര്‍ത്ഥത്തില്‍ അപകടത്തിന് കാരണായിത്തീരുന്നത്. ഈ കുഴി വെട്ടിക്കുമ്പോഴാണ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നത്. സ്‌കൂട്ടറിലിടിച്ച ശേഷം കാര്‍ മറിഞ്ഞ കുഴിക്ക് പത്തടിയോളം താഴ്ചയുണ്ട്. കുഴിയുടെ ചുറ്റും സുരക്ഷാ വേലി കെട്ടിയില്ലെന്ന് മാത്രമല്ല മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചില്ല. രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടത്തിന് കാരണം മുന്നറിയിപ്പ് ബോര്‍ഡിന്റെ അഭാവമാണ്. ബസിനെ മറികടന്നാണ് കാര്‍ എത്തിയത്. കാര്‍ ഇടിക്കാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിന് സ്ഥലമുണ്ടായിരുന്നില്ല. പാതയുടെ രണ്ടുവശത്ത് കൂടിയും കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാനും സ്ഥലമില്ല. വാഹനങ്ങള്‍ ഈ ഭാഗത്തെത്തുമ്പോള്‍ വേഗതയിലാണ് പോകാറുള്ളത്. എന്നാല്‍ സ്പീഡ് ബ്രേക്കര്‍ പോലുമില്ല. കുണിയ സകൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം ദിവസവും നിരവധിപേര്‍ നടന്നുപോകുന്ന റോഡ് കൂടിയാണിത്. ഇവിടെ യാതൊരു സുരക്ഷിതത്വവും എര്‍പ്പെടുത്താത്തതിനാല്‍ വരും ദിവസങ്ങളിലും അപകടസാധ്യതയുണ്ട്. അപകടം നടന്ന സ്ഥലത്തിന് അടുത്തായി കാടുമൂടിക്കിടക്കുന്ന മറ്റൊരു കുഴിയുമുണ്ട്. കുണിയയില്‍ മാത്രമല്ല ദേശീയപാത കടന്നുപോകുന്ന ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് സ്വാഗതാര്‍ഹം തന്നെയാണ്. എത്രയും വേഗം ദേശീയപാത വികസനം പൂര്‍ത്തിയാക്കണമെന്നാണ് മെച്ചപ്പെട്ട യാത്രാ സൗകര്യം ആഗ്രഹിക്കുന്നവരെല്ലാം പറയുന്നത്. അതോടൊപ്പം ദേശീയപാത നിര്‍മ്മാണം ആരും അപകടത്തില്‍പ്പെടാനുള്ള കാരണമായി മാറാന്‍ പാടില്ല. യാത്രക്കാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കിവേണം ദേശീയപാത പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.

Related Articles
Next Story
Share it