സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണം

കാസര്‍കോട് ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും അപകടത്തില്‍പ്പെട്ടത് രണ്ട് സ്‌കൂള്‍ ബസുകളാണ്. ചൊവ്വാഴ്ച രാവിലെ അറന്തോട് ഇറക്കത്തില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കും 12 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കുകള്‍ നിസാരമായി എന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ടെങ്കിലും ഈ അപകടത്തെ ഗൗരവത്തോടെ തന്നെ കാണണം. നീര്‍ച്ചാല്‍ ഭാഗത്തുനിന്നും കുട്ടികളെയും കയറ്റി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്. കാസര്‍കോട്ടെ സ്വകാര്യസ്‌കൂളിന്റെ ബസാണ് […]

കാസര്‍കോട് ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും അപകടത്തില്‍പ്പെട്ടത് രണ്ട് സ്‌കൂള്‍ ബസുകളാണ്. ചൊവ്വാഴ്ച രാവിലെ അറന്തോട് ഇറക്കത്തില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കും 12 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കുകള്‍ നിസാരമായി എന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ടെങ്കിലും ഈ അപകടത്തെ ഗൗരവത്തോടെ തന്നെ കാണണം. നീര്‍ച്ചാല്‍ ഭാഗത്തുനിന്നും കുട്ടികളെയും കയറ്റി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്. കാസര്‍കോട്ടെ സ്വകാര്യസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം സംഭവിക്കാതിരുന്നത്. ബുധനാഴ്ച വൈകിട്ട് പെരിയടുക്ക എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസ് സ്‌കൂളിന് സമീപത്തെ വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളെ കയറ്റാനായി എത്തിയ ബസാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. കുട്ടികളെ കയറ്റുന്നതിന് മുമ്പായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കുട്ടികളെ കയറ്റിയതിന് ശേഷമായിരുന്നു അപകടമെങ്കില്‍ ഒരുപക്ഷെ ജീവാപായം തന്നെ സംഭവിക്കുമായിരുന്നു. ഈ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.
വിദ്യാനഗര്‍ ചാലയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവം നടന്നിട്ട് അധിക കാലമായിട്ടില്ല. ഫിറ്റ്‌നസ് ഇല്ലാതെയും മറ്റുമാണ് ചില സ്‌കൂള്‍ ബസുകള്‍ കുട്ടികളെ കൊണ്ടുപോകുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. കുട്ടികളുടെ യാത്രാസുരക്ഷിതത്വത്തിന് ഇത്തരം ബസുകള്‍ വലിയ ഭീഷണി തന്നെയാണ്. പരിചയസമ്പന്നരല്ലാത്ത ആളുകളെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് അതിന് എത്രമാത്രം യോഗ്യതയുണ്ടെന്ന് പരിശോധിക്കേണ്ടത് പരമപ്രധാനമാണ്. ശ്രദ്ധയും ജാഗ്രതയും ഉള്ളവരെ തന്നെയാകണം മറ്റ് ബസുകളിലെന്നതുപോലെ സ്‌കൂള്‍ ബസുകളിലും ഡ്രൈവര്‍മാരായി ചുമതലപ്പെടുത്തേണ്ടത്. വാഹനം ഓടിക്കുന്ന സമയത്ത് പോലും മദ്യലഹരിയില്‍ ആയിരിക്കുന്നവരെ ഒരു കാരണവശാലും ഡ്രൈവര്‍മാരായി നിയോഗിക്കരുത്. മദ്യലഹരിയില്‍ സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നത് മൂലമുള്ള അപകടങ്ങളും അപകടമരണങ്ങളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമതയും വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുരുന്നുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കാത്ത വിധത്തില്‍ കാര്യക്ഷമതയുള്ള സ്‌കൂള്‍ ബസുകളും കാര്യപ്രാപ്തിയുള്ള ഡ്രൈവര്‍മാരുമാണ് വേണ്ടത്. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍ പെടുന്ന സാഹചര്യം കണക്കിലെടുത്ത് പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it