പാതയോരത്തെ<br>അനധികൃത ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍

പാതയോരത്തെ അനധികൃതബോര്‍ഡുകളും തോരണങ്ങളും ബാനറുകളും വലിയൊരു സാമൂഹ്യപ്രശ്നമായി നിലനില്‍ക്കുകയാണ്. കാസര്‍കോട് ജില്ല അടക്കം സംസ്ഥാനത്തെ എല്ലാഭാഗങ്ങളിലും ഗ്രാമ-നഗര-തീരദേശവ്യത്യാസങ്ങളില്ലാതെ പൊതുസ്ഥലങ്ങളിലെ അനധികൃതബോര്‍ഡുകള്‍ അപകടഭീഷണിയാവുകയാണ്. അനധികൃതമായവ മാത്രമല്ല അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളുമൊക്കെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. കൂടുതലും ഇത്തരം ബോര്‍ഡുകള്‍ നഗരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പൊതുപരിപാടികള്‍ നടക്കാറുള്ളത് നഗരഭാഗങ്ങളിലാണ്. കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ നഗരങ്ങള്‍ എന്ന നിലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നിരവധി ബാനറുകളും ബോര്‍ഡുകളുമുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ബോര്‍ഡുകളും ബാനറുകളുമൊക്കെ സ്ഥാപിക്കുന്നത് സാധാരണമാണ്. […]

പാതയോരത്തെ അനധികൃതബോര്‍ഡുകളും തോരണങ്ങളും ബാനറുകളും വലിയൊരു സാമൂഹ്യപ്രശ്നമായി നിലനില്‍ക്കുകയാണ്. കാസര്‍കോട് ജില്ല അടക്കം സംസ്ഥാനത്തെ എല്ലാഭാഗങ്ങളിലും ഗ്രാമ-നഗര-തീരദേശവ്യത്യാസങ്ങളില്ലാതെ പൊതുസ്ഥലങ്ങളിലെ അനധികൃതബോര്‍ഡുകള്‍ അപകടഭീഷണിയാവുകയാണ്. അനധികൃതമായവ മാത്രമല്ല അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളുമൊക്കെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. കൂടുതലും ഇത്തരം ബോര്‍ഡുകള്‍ നഗരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പൊതുപരിപാടികള്‍ നടക്കാറുള്ളത് നഗരഭാഗങ്ങളിലാണ്. കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ നഗരങ്ങള്‍ എന്ന നിലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നിരവധി ബാനറുകളും ബോര്‍ഡുകളുമുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ബോര്‍ഡുകളും ബാനറുകളുമൊക്കെ സ്ഥാപിക്കുന്നത് സാധാരണമാണ്. പരിപാടികള്‍ അവസാനിക്കുമ്പോള്‍ ഇതെല്ലാം നീക്കം ചെയ്യണമെന്നത് നിയമപരമായ നിര്‍ദേശമാണ്. എന്നാല്‍ പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല. പരിപാടി കഴിഞ്ഞാലും ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളുമൊക്കെ അവിടെ തന്നെയുണ്ടാകും. ദിവസങ്ങളോളം ഈ സ്ഥിതി തുടരും. പരാതികള്‍ ശക്തമാകുമ്പോള്‍ പൊലീസെത്തി നീക്കം ചെയ്യും. തിരക്കേറിയ നഗരങ്ങളില്‍ ഇവ അതേ പടി നിലനില്‍ക്കുന്നത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. നടന്നുപോകുമ്പോള്‍ ബോര്‍ഡുകളില്‍ തട്ടി വാഹനങ്ങള്‍ മറിഞ്ഞുവീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടന്നുപോകുമ്പോള്‍ ബാനറില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടവരും ഗുരുതരമായി പരിക്കേറ്റവരും ഉണ്ട്. റോഡിലെ ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റുകളിലും വരെ ബോര്‍ഡുകളും ബാനറുകളും കൂറ്റന്‍ കട്ടൗട്ടുകളും സ്ഥാപിക്കുന്നു. ഇതിനെല്ലാം പുറമെ വിവിധ സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്തുന്ന ബോര്‍ഡുകള്‍ യഥാസമയം നീക്കം ചെയ്യേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്. ബോര്‍ഡുകളും ബാനറുകളും മൂലം എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാറുള്ളത്. ഈ മനോഭാവം മാറണം. ബോര്‍ഡുകളും ബാനറുകളും യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഭീഷണിയാകുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഉടനടി അത് നീക്കാനുള്ള നടപടിയുമുണ്ടാകണം. പാതയോരത്തെ അനധികൃത കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ഡിസംബര്‍ പന്ത്രണ്ടിനകം പ്രാഥമിക, ജില്ലാ സമിതികള്‍ രൂപീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാകണം.

Related Articles
Next Story
Share it