ദേശീയപാതാ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കാസര്‍കോട് ജില്ലക്ക് വലിയൊരു കളങ്കമായി നിലനില്‍ക്കുന്നത് രൂക്ഷമായ മാലിന്യപ്രശ്നമാണ്. ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും തീരദേശങ്ങളും മലയോരപ്രദേശങ്ങളും മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നോട്ട് പോകുമ്പോഴും മാലിന്യങ്ങള്‍ തള്ളുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. നഗരഭാഗങ്ങളിലും റോഡരികുകളിലും ജനവാസകേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുകയാണ് ചെയ്യുന്നത്. വല്ലപ്പോഴും മാത്രമാണ് മാലിന്യങ്ങള്‍ തള്ളുന്നവര്‍ പിടിയിലാകുന്നത്. രാത്രി ഏറെ നേരം ഉറക്കമിളച്ചിരുന്നാണ് മാലിന്യനിക്ഷേപകരെ നാട്ടുകാര്‍ പിടികൂടാറുള്ളത്. എന്നാല്‍ ഇതൊന്നും മാലിന്യം തള്ളുന്നവരെ പിന്തിരിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം. അവര്‍ തങ്ങളുടെ ദുഷ്കൃത്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുകയാണ്. കാസര്‍കോട് നഗരസഭാ ഓഫീസിന്റെ സമീപത്തുപോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. നഗരസഭാ ഓഫീസ് സ്ഥിതി ചെയ്യുന്ന പുലിക്കുന്നില്‍ നിന്ന് ചന്ദ്രഗിരി പാലത്തിലേക്കുള്ള റോഡരികിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഫോര്‍ട്ട് റോഡില്‍ നിന്ന് തളങ്കരയിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്ന റോഡിന് സമീപവും തെരുവത്ത് മഡോണ സ്കൂളിന് അടുത്തായുള്ള റോഡിലും മാലിന്യം തള്ളിയതായി കാണാം. എട്ടുമാസം മുമ്പ് കാസര്‍കോട് ജില്ലയിലെത്തിയ മന്ത്രി എം.ബി രാജേഷ് കാസര്‍കോട്ടെ മാലിന്യങ്ങള്‍ കണ്ട് അമ്പരക്കുകയും എത്രയും വേഗം അവ നീക്കാന്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മന്ത്രി പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് മാലിന്യം ശ്രദ്ധയില്‍പെട്ടത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പഴയപടി തന്നെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ടാക്സി സ്റ്റാന്റും പരിസരവും മലിനജലത്തില്‍ മുങ്ങിക്കിടക്കുകയാണ്. ബസ്സ്റ്റാന്റ് കെട്ടിടത്തിലെ കക്കൂസ് മാലിന്യങ്ങളും മലിനജലവും സംഭരിക്കാന്‍ പുതുതായി നിര്‍മ്മിച്ച ടാങ്ക് നിറഞ്ഞൊഴുകുന്നത് മൂലമാണ് മലിനജലം പരക്കുന്നത്. രണ്ടാഴ്ചയിലേറെയായി ഈ ഭാഗത്ത് നടന്നുപോകാന്‍ പോലും സാധിക്കാത്ത വിധം മലിനജലം നിറയുന്നു. ചെര്‍ക്കള ടൗണ്‍ പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. സ്ഥിരമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അത്തരം ഇടങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാനും മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം.