മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് മാനുഷിക പരിഗണന വേണം

കാസര്‍കോട് ജില്ലയില്‍ കടുത്ത അവഗണന നേരിടുന്ന ഒരു വിഭാഗമാണ് മാനസികവെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പല പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും അതൊക്കെ പാളുന്നതായാണ് അനുഭവം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാല്‍ അവരുടെ മാനസികനില കൂടുതല്‍ അപകടകരമാവുകയാണ്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പവരുത്തുന്നതിനായി നിലവില്‍ വന്ന ജില്ലാ മാനസികാര്യോഗ്യപരിപാടിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറേ നാളുകളായി താളം തെറ്റിയ അവസ്ഥയിലാണുള്ളത്. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍ മരുന്നെത്തിക്കാന്‍ വാഹനമില്ലാത്തതും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതുമെല്ലാം […]

കാസര്‍കോട് ജില്ലയില്‍ കടുത്ത അവഗണന നേരിടുന്ന ഒരു വിഭാഗമാണ് മാനസികവെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പല പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും അതൊക്കെ പാളുന്നതായാണ് അനുഭവം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതിനാല്‍ അവരുടെ മാനസികനില കൂടുതല്‍ അപകടകരമാവുകയാണ്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പവരുത്തുന്നതിനായി നിലവില്‍ വന്ന ജില്ലാ മാനസികാര്യോഗ്യപരിപാടിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറേ നാളുകളായി താളം തെറ്റിയ അവസ്ഥയിലാണുള്ളത്. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍ മരുന്നെത്തിക്കാന്‍ വാഹനമില്ലാത്തതും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതുമെല്ലാം ഈ പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നുമാസത്തോളമായെന്നാണ് പരാതി. ഭീമമായ തോതിലുള്ള വാടക കുടിശികയുണ്ടായതോടെയാണ് വാഹനസര്‍വീസും മുടങ്ങിയത്. ഇക്കാരണത്താല്‍ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടക്കേണ്ടിയിരുന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പ് പോലും മുടങ്ങുന്ന സ്ഥിതിയുണ്ടായി. പകരം താല്‍ക്കാലിക വാഹനം ഏര്‍പ്പെടുത്തിയതോടെയാണ് പിന്നീട് ക്യാമ്പ് നടന്നത്. എന്നാല്‍ ഈ ക്യാമ്പ് തുടങ്ങിയത് തന്നെ ഏറെ വൈകിയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്ന് ദേശീയ ആരോഗ്യദൗത്യത്തിന്റെ വാഹനത്തില്‍ മരുന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരും എത്താന്‍ താമസം നേരിട്ടതാണ് ക്യാമ്പ് വൈകാന്‍ കാരണമായത്. രാവിലെ 10 മണിമുതല്‍ മരുന്നിന് എത്തിയവര്‍ക്ക് ഒന്നരമണിക്കൂര്‍ നേരമാണ് കാത്തിരിക്കേണ്ടിവന്നത്.
ജില്ലാ മാനസികാരോഗ്യ പരിപാടി നടത്തുന്നത് എന്‍.എച്ച്. എമ്മിന്റെ നിയന്ത്രണത്തിലാണ്. 2017 മുതലാണ് ഈ പരിപാടി ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായത്. കാസര്‍കോട് ജില്ലയില്‍ 19 ഇടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശോധനയും മരുന്ന് വിതരണവുമാണ് ഇവിടെ നടത്തുന്നത്. മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ തുടര്‍ചികിത്സക്ക് ഇത് ഏറെ പ്രയോജനപ്പെടുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഇത്തരം ക്യാമ്പുകള്‍. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ക്യാമ്പുകള്‍ സുഗമമായി നടത്താന്‍ സാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ രണ്ടായിരത്തോളം പേരാണ് മാനസികാരോഗ്യപരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയിലുള്ളത്. തുടര്‍ പരിശോധനകള്‍ നടത്താനും മരുന്ന് നല്‍കാനും യഥാസമയത്ത് ക്യാമ്പിലേക്ക് ഇവരെ എത്തിക്കാറുണ്ട്. അതിനാണ് കരാര്‍ വ്യവസ്ഥയില്‍ വാഹനം ഏര്‍പ്പെടുത്തിയത്. ഈ വാഹനമാണ് കുടിശിക കാരണം ഓട്ടം നിര്‍ത്തിയത്. 33,700 രൂപയാണ് വാഹനത്തിന്റെ മാസവാടക. കുടിശിക വന്നതോടെ ഡിസംബര്‍ 10 മുതല്‍ വാഹനം ഓട്ടം നിര്‍ത്തുകയായിരുന്നു. നാല് മാസത്തെ വാടക കുടിശിക ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണ്. കുടിശിക തീര്‍ത്ത് വാഹനത്തിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം. മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മരുന്നും ചികിത്സയും മുടങ്ങുന്നത് എത്രമാത്രം അപകടകരമാണെന്ന് അധികൃതര്‍ തിരിച്ചറിയണം. മാനസികവെല്ലുവിളികള്‍ നേരിടുന്നവരെ മാനുഷിക പരിഗണനയോടെ ചേര്‍ത്തുപിടിക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.

Related Articles
Next Story
Share it