ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സമ്പൂര്‍ണ്ണമാക്കണം

ലോകം 2024ലേക്ക് പ്രവേശിച്ചപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ നേട്ടങ്ങള്‍ ഏറെയുണ്ടെങ്കില്‍ പോലും രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറയുന്നില്ലെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. എന്തൊക്കെ വികസനപദ്ധതികള്‍ നടപ്പിലാക്കിയാലും ഒരു രാജ്യത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അന്തസോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായി നടപ്പില്‍ വരുത്തണം. എന്നാല്‍ ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള കാര്യക്ഷമമായ പദ്ധതികളൊന്നും നടപ്പില്‍ വരുത്തുന്നില്ല.നീതി ആയോഗിന്റെ 2023ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 21.5 കോടി ദരിദ്രരാണ് ഉള്ളത്. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പോലും അതിദരിദ്രര്‍ താമസിക്കുന്ന ചേരികളുണ്ട്. […]

ലോകം 2024ലേക്ക് പ്രവേശിച്ചപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ നേട്ടങ്ങള്‍ ഏറെയുണ്ടെങ്കില്‍ പോലും രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറയുന്നില്ലെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്. എന്തൊക്കെ വികസനപദ്ധതികള്‍ നടപ്പിലാക്കിയാലും ഒരു രാജ്യത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അന്തസോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായി നടപ്പില്‍ വരുത്തണം. എന്നാല്‍ ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള കാര്യക്ഷമമായ പദ്ധതികളൊന്നും നടപ്പില്‍ വരുത്തുന്നില്ല.
നീതി ആയോഗിന്റെ 2023ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 21.5 കോടി ദരിദ്രരാണ് ഉള്ളത്. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പോലും അതിദരിദ്രര്‍ താമസിക്കുന്ന ചേരികളുണ്ട്. ഭിക്ഷ യാചിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്. കോവിഡിന് ശേഷം രാജ്യത്ത് ദരിദ്രരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. എല്ലാ മേഖലയിലും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ രൂക്ഷമാകാനാണ് കോവിഡ് വ്യാപനം ഇടവരുത്തിയത്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ആത്മഹത്യ ചെയ്തവരും നിരവധിയാണ്. കോവിഡ് ബാധിച്ചവരില്‍ വലിയൊരു ശതമാനവും അതിന്റെ പാര്‍ശ്വഫലങ്ങളുടെ ഭാഗമായി നിത്യരോഗികളായി മാറിയ സ്ഥിതിയാണുള്ളത്. ഏറെ പേര്‍ അകാലമരണത്തിന് ഇരകളായി. കോവിഡ് വരുത്തിവെച്ച കെടുതികളില്‍ നിന്ന് രാജ്യത്തെ ജനങ്ങള്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കടക്കെണിയും ദാരിദ്ര്യവും കേരളത്തെയും വരിഞ്ഞുമുറുക്കുകയാണ്. സാമ്പത്തിക പ്രയാസങ്ങള്‍ സംസ്ഥാന ഭരണകൂടത്തെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കേരളത്തിലും വലിയൊരു ശതമാനം യുവാക്കളും തൊഴിലില്ലായ്മ കാരണം നട്ടം തിരിയുകയാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂലി വേല ചെയ്തും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടും കുടുംബം പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. കൂലിപ്പണി മിക്ക ദിവസങ്ങളിലും ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. പ്രതികൂല കാലാവസ്ഥ കാരണം കാര്‍ഷികോല്‍പ്പാദനം കുറയുന്നതും കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കാത്തതുമാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. തേങ്ങക്കും അടയ്ക്കക്കും കുരുമുളകിനുമൊക്കെ വിലയിടിഞ്ഞിരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം ദുരിതം നിറഞ്ഞതായിരിക്കുന്നു. സാധാരണക്കാര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്ന കാലമാണിത്. കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമാകുന്ന റേഷന്‍ കടകളുടെയും സിവില്‍ സപ്ലൈസ് വിതരണകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന വിരോധാഭാസം നിലനില്‍ക്കുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രമേ നാടിന്റെ പുരോഗതി പൂര്‍ണമാകൂവെന്ന തിരിച്ചറിവില്‍ അധികാരികള്‍ ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം.

Related Articles
Next Story
Share it