പിന്നോക്കപ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നങ്ങള്‍

മഴ മാറിയതോടെ കാസര്‍കോട് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലും മലയോരമേഖലകളിലും കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. ആദിവാസികളും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ കുടിവെള്ളപ്രശ്‌നം കാരണം വലയുകയാണ്. ബദിയടുക്ക, എന്‍മകജെ, സ്വര്‍ഗ, മുളിയാര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബേഡകം തുടങ്ങിയ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള പിന്നോക്ക വിഭാഗത്തില്‍പെട്ട ജനങ്ങള്‍ കൂടുതല്‍ അധിവസിക്കുന്നുണ്ട്. ആദിവാസി-പട്ടികജാതി കോളനികളില്‍ താമസിക്കുന്നവര്‍ പലപ്പോഴും കുടിവെള്ളം കിട്ടാത്തതിനാല്‍ കടുത്ത […]

മഴ മാറിയതോടെ കാസര്‍കോട് ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലും മലയോരമേഖലകളിലും കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. ആദിവാസികളും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ കുടിവെള്ളപ്രശ്‌നം കാരണം വലയുകയാണ്. ബദിയടുക്ക, എന്‍മകജെ, സ്വര്‍ഗ, മുളിയാര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബേഡകം തുടങ്ങിയ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള പിന്നോക്ക വിഭാഗത്തില്‍പെട്ട ജനങ്ങള്‍ കൂടുതല്‍ അധിവസിക്കുന്നുണ്ട്. ആദിവാസി-പട്ടികജാതി കോളനികളില്‍ താമസിക്കുന്നവര്‍ പലപ്പോഴും കുടിവെള്ളം കിട്ടാത്തതിനാല്‍ കടുത്ത ദുരിതമാണനുഭവിക്കുന്നത്. ബദിയടുക്ക ഭാഗത്ത് കുടിവെള്ളവിതരണം മുടങ്ങുന്നതിനാല്‍ നിരവധി കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഇരുപതിലധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ടി വരുന്നു. മൊത്തം അമ്പതോളം കുടുംബങ്ങളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. നിര്‍ധന കുടുംബങ്ങള്‍ക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. മലയോരപ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ഇപ്പോള്‍തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പുലിയംകുളത്ത് റോഡിന് ഇരുവശത്തും കുടിവെള്ളസംഭരണികളുണ്ട്. എന്നാലിപ്പോള്‍ രണ്ട് സംഭരണികളിലും വെള്ളമില്ല. ജലനിധി പദ്ധതിപ്രകാരമുള്ള കുടിവെള്ളവിതരണവും നിലച്ച സ്ഥിതിയിലാണ്. ദൂരെ തോട്ടുവക്കിലെ ഓലിയില്‍ നിന്നും പഞ്ചായത്ത് കിണറില്‍ നിന്നുമാണ് ഒട്ടുമിക്ക കുടുംബങ്ങളും വെള്ളം ശേഖരിക്കുന്നത്. ഏറെ ദൂരം നടന്ന് തലച്ചുമടായി വെള്ളം ശേഖരിച്ചുകൊണ്ടുവരികയെന്നത് വലിയ അധ്വാനമാണ്. ശാരീരിക അവശതകള്‍ നേരിടുന്ന വയോധികര്‍ക്ക് പോലും ഇങ്ങനെ വെള്ളം കൊണ്ടുവരേണ്ടിവരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ രാത്രി ദൂരെയുള്ള തോട്ടിലാണ് കുളിക്കാന്‍ പോകുന്നത്. ഇഴജന്തുക്കളുടെയും മറ്റും ശല്യം ഈ ഭാഗത്തുണ്ട്. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാത്ത സ്ഥിതി വലിയൊരു മനുഷ്യാവകാശ ലംഘനമായി നിലനില്‍ക്കുമ്പോഴും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ജലസംഭരണികളും ജലനിധി പദ്ധതിയും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വെള്ളത്തിനായി ഇങ്ങനെ പെടാപ്പാട് പെടേണ്ടിവരില്ലായിരുന്നുവെന്നാണ് കോളനിവാസികള്‍ പറയുന്നത്. പിന്നോക്ക മേഖലകളില്‍ ഇതുപോലെയുള്ള കുടിവെള്ള പദ്ധതികളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. പട്ടിക വര്‍ഗ വികസനവകുപ്പ് അധികാരികളും പ്രശ്‌നപരിഹാരത്തിനായി വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന പരാതിയും ശക്തമാണ്. ജലനിധി പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇടപെടേണ്ടത് പഞ്ചായത്ത് അധികാരികളാണ്. അവര്‍ ഇക്കാര്യത്തില്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. വേനല്‍ കടുക്കുമ്പോള്‍ വരള്‍ച്ചയും രൂക്ഷമാകും. തോട്ടിലും പഞ്ചായത്ത് കിണറിലും വെള്ളം വറ്റിയാല്‍ പിന്നെ കുടിവെള്ളത്തിന് എങ്ങോട്ടുപോകുമെന്നറിയാതെ കോളനിവാസികള്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തിര ശ്രദ്ധ ചെലുത്തി പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂ.

Related Articles
Next Story
Share it