നിയമനം ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ

പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും കൊടികുത്തി വാഴുന്നതിനിടയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരുന്ന ഒരു യുവാവ് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. അഡ്‌വൈസ് മെമ്മോ പോലും ലഭിച്ച് ജോലി നല്‍കാത്ത പി.എസ്.സി.യുടെ ക്രൂരതയുടെ ഇരയാണ് ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര കരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു. പി.എസ്.സി.യുടെ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമത്തില്‍ ഞായറാഴ്ച വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജോലി ലഭിക്കാത്ത നിരാശയാണ് ആത്മഹത്യക്ക് കാരണമെന്ന് അനു എഴുതിവെച്ച […]

പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും കൊടികുത്തി വാഴുന്നതിനിടയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരുന്ന ഒരു യുവാവ് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. അഡ്‌വൈസ് മെമ്മോ പോലും ലഭിച്ച് ജോലി നല്‍കാത്ത പി.എസ്.സി.യുടെ ക്രൂരതയുടെ ഇരയാണ് ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര കരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു. പി.എസ്.സി.യുടെ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമത്തില്‍ ഞായറാഴ്ച വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജോലി ലഭിക്കാത്ത നിരാശയാണ് ആത്മഹത്യക്ക് കാരണമെന്ന് അനു എഴുതിവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. എംകോം ബിരുദധാരിയായ അനു സിവില്‍ എക്‌സൈസ് റാങ്ക് പട്ടികയില്‍ 77-ാം റാങ്ക് നേടിയിരുന്നു. 2019 ഏപ്രിലില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയായിരുന്നു ഇത്. 208 പേരുള്ള റാങ്ക് പട്ടികയില്‍ നിന്ന് 72പേരെ മാത്രമാണ് നിയമിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് കാലാവധി അവസാനിച്ചു. കോവിഡ് കാരണം സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ട് മാസം കൂടി കാലാവധി നീട്ടി. ജൂണ്‍ 19ന് റാങ്ക് പട്ടിക റദ്ദായെങ്കിലും നിയമനങ്ങളൊന്നും നടക്കാത്തതിനാല്‍ പിന്നീട് രണ്ട് മാസം കൂടി കാലാവധി നീട്ടി. കോവിഡ് ആയതിനാല്‍ പിന്നെയും നിയമനങ്ങള്‍ ഒന്നും നടത്താതെ തന്നെ റാങ്ക് പട്ടിക റദ്ദാക്കി. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്ന അനു ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടി യൂണിഫോമിട്ട് ഒരു ദിവസം വീട്ടിലെത്തുമെന്ന അനുവിന്റെ പ്രതീക്ഷയാകെ തകര്‍ത്തത് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ പോയതാണ്. പിന്‍വാതിലില്‍ കൂടി നിയമനം നടത്തുന്നതും താല്‍ക്കാലികക്കാരെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തുന്നതും ഏറെ പ്രതിഷേധത്തിന് വഴി വെച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു യുവാവിനെ കൊലക്ക് കൊടുത്തിരിക്കുന്നത്. ഒട്ടേറെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട നിരവധി യുവാക്കള്‍ ഈ രീതിയില്‍ ആത്മഹത്യയുടെ വക്കിലാണ്്. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിച്ചത് വെറും 14 ശതമാനം പേര്‍ക്ക് മാത്രമാണ്. മൂന്ന് വര്‍ഷമെടുത്ത് ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. കാലാവധി പൂര്‍ത്തിയായപ്പോഴാകട്ടെ നാലിലൊന്ന് പേര്‍ക്ക് പോലും നിയമനം നല്‍കാനായില്ല. പേരിന് മാത്രം നിയമനം നടക്കുമ്പോഴും പുതിയ റാങ്ക് പട്ടിക തയ്യാറാക്കാന്‍ പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചിരിക്കയാണ്. 2016ല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും 2017ല്‍ പരീക്ഷ നടത്തുകയും ചെയ്തു. 2019ലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കായിക പരീക്ഷക്ക് മുമ്പ് ശാരീരിക പരീക്ഷയും നടത്തിയിരുന്നു ഈ കടമ്പകളെല്ലാം കടന്നതിന് ശേഷമാണ് പട്ടിക തയ്യാറാക്കുന്നത്. എന്നിട്ടും നാലിലൊന്ന് പേരെ മാത്രം നിയമിച്ച് പട്ടിക റദ്ദാക്കുകയായിരുന്നു. സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് പുറമെയാണ് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് 221 പേര്‍ പട്ടികയിലുള്ളപ്പോള്‍ നിയമനം നല്‍കിയത് 26 പേര്‍ക്ക് മാത്രമാണ്. പരീക്ഷയും ഇന്റര്‍വ്യൂവും കായിക പരീക്ഷകളുമൊക്കെ കഴിയുമ്പോഴേക്കും പല ഉദ്യോഗാര്‍ത്ഥികള്‍ക്കും പിന്നീട് ഒരു പരീക്ഷ എഴുതാന്‍ കഴിയാത്ത രീതിയില്‍ വയസ്സ് പിന്നിട്ടിരിക്കും. 35 വയസ് കഴിഞ്ഞാല്‍ പിന്നീട് പരീക്ഷ എഴുതാനാവില്ല. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്ന നിബന്ധനയുമുണ്ട്. ഇതൊക്കെ മറികടന്നാണ് നിയമനങ്ങള്‍ നടക്കുന്നത്. അനുവിന്റെ ആത്മഹത്യ ഒരു പാഠമാകണം. നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ ലിസ്റ്റിന്റെ കാലാവധി നീട്ടണം.

Related Articles
Next Story
Share it