പാര്‍ലമെന്റില്‍ ആവര്‍ത്തിക്കുന്ന സുരക്ഷാവീഴ്ചകള്‍

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുരക്ഷാവീഴ്ചകള്‍ ജനാധിപത്യവിശ്വാസികളില്‍ ഉണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ച തന്നെയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംഭവിച്ചത്. പാര്‍ലമെന്റിനകത്തേക്ക് നുഴഞ്ഞുകയറിയ അക്രമികള്‍ കളര്‍ സ്പ്രേയുമായി ലോക്സഭാ എം.പിമാര്‍ക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു. പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പാര്‍ലമെന്റിനകത്ത് അതിക്രമവും കളര്‍ സ്‌പ്രേ പ്രയോഗവും നടന്നത്. എം.പിമാര്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ കീഴടക്കിയത്. പാര്‍ലമെന്റ് വളപ്പിന് പുറത്ത് ഇതേ സംഘത്തില്‍പ്പെട്ട യുവതി […]

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുരക്ഷാവീഴ്ചകള്‍ ജനാധിപത്യവിശ്വാസികളില്‍ ഉണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ച തന്നെയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംഭവിച്ചത്. പാര്‍ലമെന്റിനകത്തേക്ക് നുഴഞ്ഞുകയറിയ അക്രമികള്‍ കളര്‍ സ്പ്രേയുമായി ലോക്സഭാ എം.പിമാര്‍ക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു. പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പാര്‍ലമെന്റിനകത്ത് അതിക്രമവും കളര്‍ സ്‌പ്രേ പ്രയോഗവും നടന്നത്. എം.പിമാര്‍ ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ കീഴടക്കിയത്. പാര്‍ലമെന്റ് വളപ്പിന് പുറത്ത് ഇതേ സംഘത്തില്‍പ്പെട്ട യുവതി വര്‍ണപ്പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധമുദ്രാവാക്യം മുഴക്കിയിരുന്നു. ഈ സ്ത്രീ ഡല്‍ഹി പൊലീസിന്റെ പിടിയിലായി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ലോക്സഭക്കകത്ത് അതിക്രമം നടന്നത്. അതീവ സുരക്ഷാമേഖലയെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് 2001 ഡിസംബര്‍ 13ന് നടന്ന ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ നമുക്ക് മുന്നിലുണ്ട്. പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ചുവന്ന ലൈറ്റ് ഘടിപ്പിച്ച അംബാസിഡര്‍ കാറില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചാണ് അന്ന് പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലേക്ക് തീവ്രവാദികള്‍ ഇരച്ചുകയറിയത്. മുഴുവന്‍ സുരക്ഷാസംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയിട്ടായിരുന്നു അന്നത്തെ ആക്രമണം. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. ഈ സംഭവത്തിന് ശേഷം പാര്‍ലമെന്റിന്റെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചിരുന്നു. പാര്‍ലമെന്റിനകത്ത് പുറത്തുനിന്ന് ആരെങ്കിലും കടക്കാതിരിക്കാനുള്ള നിരീക്ഷണസംവിധാനങ്ങളും ശക്തമാക്കിയിരുന്നു. പാര്‍ലമെന്റിലെ സന്ദര്‍ശകഗ്യാലറിയിലേക്ക് കടക്കണമെങ്കില്‍ തന്നെ പല തരത്തിലുള്ള സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകണം. എന്നിട്ടുകൂടിയും പാര്‍ലമെന്റില്‍ കടക്കാന്‍ അക്രമികള്‍ക്ക് അവസരം ലഭിച്ചുവെന്നത് ഗുരുതരമായ സുരക്ഷാ പാളിച്ചകളുടെ പരിണിതഫലം തന്നെയാണ്. അതിക്രമം നടന്നത് അതീവസുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലാണ്. ഇവിടെയും ആര്‍ക്കും കടക്കാവുന്ന അവസ്ഥ തന്നെയെന്നത് നിര്‍ഭാഗ്യകരവും നടുക്കമുളവാക്കുന്നതുമാണ്. പുതിയ പാര്‍ലമെന്റില്‍ എല്ലാ സുരക്ഷാ പരിശോധനയും മറികടന്ന് ഷൂസിനുള്ളിലാണ് അക്രമികള്‍ പുകബോംബ് അകത്തെത്തിച്ചത്. പാര്‍ലമെന്റിലെ പാസ് അനുവദിക്കുന്നതിന് മുമ്പായി മൂന്ന് ഫുള്‍ബോഡി സ്‌കാനറിങ്ങും ശേഷം രണ്ട് പരിശോധനകളും ഉണ്ടാകും.
പാര്‍ലമെന്റിലേക്ക് കടക്കുന്ന സമയത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടക്കാറുണ്ട്. അതിന് ശേഷം സന്ദര്‍ശകഗ്യാലറിയിലേക്ക് കടക്കുമ്പോള്‍ ശരീര പരിശോധന നടത്തി പാസ് അല്ലാതെ മറ്റൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ ഇതൊക്കെ നിഷ്പ്രഭമാക്കിയാണ് അക്രമികള്‍ പാര്‍ലമെന്റിലേക്ക് കടന്നത്.
വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ലമെന്റില്‍ സുരക്ഷയും ജാഗ്രതയും നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം.

Related Articles
Next Story
Share it