മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കണം

കാസര്‍കോട് ജില്ലയില്‍ മദ്യ-മയക്കുമരുന്ന്-കഞ്ചാവ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍കോട് ജില്ലയിലേക്ക് വന്‍തോതിലാണ് മദ്യം ഒഴുകുന്നത്. കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ സ്പിരിറ്റും മദ്യവും ജില്ലയിലേക്ക് കടത്തുന്നു. കഴിഞ്ഞ ദിവസം കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ എക്സൈസ് നടത്തിയത് വന്‍ സ്പരിറ്റ് വേട്ടയാണ്. തലപ്പാടിക്കടുത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി എക്സൈസ് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് 2240 ലിറ്റര്‍ സ്പിരിറ്റും 222 ലിറ്റര്‍ വിദേശമദ്യവുമാണ് എക്സൈസ് പിടികൂടിയത്. കൂടാതെ മദ്യം നിര്‍മ്മിക്കാന്‍ […]

കാസര്‍കോട് ജില്ലയില്‍ മദ്യ-മയക്കുമരുന്ന്-കഞ്ചാവ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍കോട് ജില്ലയിലേക്ക് വന്‍തോതിലാണ് മദ്യം ഒഴുകുന്നത്. കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ സ്പിരിറ്റും മദ്യവും ജില്ലയിലേക്ക് കടത്തുന്നു. കഴിഞ്ഞ ദിവസം കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ എക്സൈസ് നടത്തിയത് വന്‍ സ്പരിറ്റ് വേട്ടയാണ്. തലപ്പാടിക്കടുത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി എക്സൈസ് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് 2240 ലിറ്റര്‍ സ്പിരിറ്റും 222 ലിറ്റര്‍ വിദേശമദ്യവുമാണ് എക്സൈസ് പിടികൂടിയത്. കൂടാതെ മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്പിരിറ്റും മദ്യവും ഇവിടെ തന്നെ നിര്‍മ്മിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്നാണ് എക്സൈസ് കണ്ടെത്തിയത്. അന്തര്‍ സംസ്ഥാന റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു. ഇതേദിവസം തന്നെയാണ് കാസര്‍കോട് ഉളിയത്തടുക്കയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ലഹരി ഗുളികകളും കഞ്ചാവും എക്സൈസ് പിടികൂടിയത്. മദ്യവും കഞ്ചാവും വില്‍പ്പന നടത്തുന്നതിനൊപ്പം എം.ഡി.എം.എയുടെ കടത്തും വില്‍പ്പനയും ജില്ലയില്‍ ഇപ്പോഴും സജീവമാണ്. മംഗളൂരുവില്‍ നിന്ന് മദ്യവും ബംഗളൂരുവില്‍ നിന്ന് മാരക ലഹരിപദാര്‍ത്ഥമായ എം.ഡി.എം.എയും ആന്ധ്രയില്‍ നിന്ന് കഞ്ചാവും വിപുലമായ തോതിലാണ് കാസര്‍കോട് ജില്ലയിലേക്ക് കടത്തുന്നത്. എം.ഡി.എം.എയുടെ വില്‍പ്പന പ്രധാനമായും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ്. നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരില്‍ ഏറെയും ഇതര സംസ്ഥാനക്കാരാണ്. വാഹനങ്ങളിലും ട്രെയിന്‍ മാര്‍ഗവും മദ്യം കടത്തിക്കൊണ്ടുവരുന്നുണ്ട്. പൊലീസും എക്സൈസും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ചെക്ക് പോസ്റ്റുകളില്‍ എക്സൈസ് പരിശോധന നടത്തുന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയും മറ്റും മദ്യവും മയക്കുമരുന്നും വാഹനങ്ങളില്‍ കടത്തുന്നുണ്ട്. അതുകൊണ്ട് ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ ഊടുവഴികളിലും പരിശോധന ശക്തമാക്കണം. മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും അടിമപ്പെട്ട് നാശത്തിലേക്ക് നീങ്ങുന്നവരില്‍ വലിയൊരു ശതമാനം കുട്ടികളും യുവാക്കളുമുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അതിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തുന്ന വീടുകള്‍ക്ക് പുറമെ സമാന്തര ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിലേക്ക് കൂടി പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന വ്യാപിപ്പിക്കണം. ജില്ലയിലെ എല്ലാ വിഭാഗങ്ങളിലും അനധികൃത മദ്യവില്‍പ്പന സാമൂഹിക വിപത്തായി മാറുകയാണ്. അതോടൊപ്പം കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന സംഘങ്ങളും പിടിമുറുക്കിയിരിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.

Related Articles
Next Story
Share it