സ്ത്രീധനത്തിന്റെ പേരില്‍ പെരുകുന്ന ആത്മഹത്യകള്‍

സ്ത്രീധനത്തിന്റെ പേരിലും ദാമ്പത്യത്തിലെ മറ്റ് പ്രശ്നങ്ങള്‍ കാരണവുമൊക്കെ സ്ത്രീകള്‍ ജീവനൊടുക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീപീഡനത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടുകൂടിയും ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പീഡനം സഹിക്കാനാകാതെ ചില സ്ത്രീകള്‍ ജീവനൊടുക്കുന്നു. മറ്റു ചില സ്ത്രീകളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്നു. ഭര്‍തൃഗൃഹത്തിലെ നിരന്തരമായ ഉപദ്രവം കാരണം ജീവന്‍ നഷ്ടമാകുന്ന സ്ത്രീകളുടെ പട്ടിക നീണ്ടുപോകുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തോടെ […]

സ്ത്രീധനത്തിന്റെ പേരിലും ദാമ്പത്യത്തിലെ മറ്റ് പ്രശ്നങ്ങള്‍ കാരണവുമൊക്കെ സ്ത്രീകള്‍ ജീവനൊടുക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീപീഡനത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടുകൂടിയും ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് യാതൊരു കുറവുമില്ല. പീഡനം സഹിക്കാനാകാതെ ചില സ്ത്രീകള്‍ ജീവനൊടുക്കുന്നു. മറ്റു ചില സ്ത്രീകളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്നു. ഭര്‍തൃഗൃഹത്തിലെ നിരന്തരമായ ഉപദ്രവം കാരണം ജീവന്‍ നഷ്ടമാകുന്ന സ്ത്രീകളുടെ പട്ടിക നീണ്ടുപോകുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തോടെ കേരളത്തില്‍ വീണ്ടും സ്ത്രീധനവിഷയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും മാത്രമല്ല നാലാള്‍ കൂടുന്ന പൊതുസ്ഥലങ്ങളില്‍ പോലും ഡോ. ഷഹ്നയുടെ മരണത്തിനിടയാക്കിയ സ്ത്രീധനപ്രശ്നം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളേജിനടുത്ത ഫ്ളാറ്റിലാണ് ഡോ. ഷഹ്നയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്. 150 പവന്‍ സ്വര്‍ണ്ണവും 15 ഏക്കര്‍ ഭൂമിയും വിലപിടിപ്പുള്ള കാറുമാണ് ഷഫ്നയോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത് നല്‍കാനുള്ള സാമ്പത്തികശേഷി ഡോ. ഷഹ്ന യുടെ കുടുംബത്തിനുണ്ടായിരുന്നില്ല. ഇതോടെ വിവാഹം മുടങ്ങുന്ന സ്ഥിതി വന്നതോടെ കടുത്ത മനപ്രയാസത്തിലായ ഷഹ്ന ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിന് വലിയ കളങ്കമാണ് വരുത്തിവെക്കുന്നത്. അഞ്ചല്‍ ഉത്ര എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവം മലയാളികള്‍ മറക്കാറായിട്ടില്ല. അത്രക്ക് ക്രൂരവും ദാരുണവുമായിരുന്നു അഞ്ചല്‍ ഉത്രയുടെ കൊലപാതകം. ഉത്രയുടെ ആഭരണവും പണവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു ഭര്‍ത്താവ് സൂരജ് ഇങ്ങനെയൊരു നീചകൃത്യം ചെയ്തത്. ഈ കേസില്‍ സൂരജിന് കോടതി 17 വര്‍ഷം തടവും ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്.
കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തതും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരപീഡനം സഹിക്കാനാവാതെയായിരുന്നു. മോട്ടോര്‍ വാഹനവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. പീഡനവും മര്‍ദ്ദനവും സഹിക്കാനാകാതെയാണ് വിസ്മയ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. ഈ കേസില്‍ ഭര്‍ത്താവ് 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. സ്ത്രീധനത്തോട് ആര്‍ത്തികാണിച്ച് ഭാര്യമാരെ പീഡിപ്പിക്കുന്ന പുരുഷന്മാര്‍ക്ക് രണ്ട് വിധികളും പാഠമാകണമെന്നാണ് സ്ത്രീധനത്തിനെതിരെ ചിന്തിക്കുന്ന സമൂഹം ആഗ്രഹിച്ചതെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. വിവാഹിതരായ സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന മാരകമായ വിപത്തായി സ്ത്രീധനപ്രശ്നം
ഇപ്പോഴും തുടരുകയാണ്. ഏറ്റവുമൊടുവില്‍ വടകര ഓര്‍ക്കാട്ടേരിയില്‍ ഷെബിന എന്ന യുവതി ഭര്‍തൃവീട്ടിലെ പീഡനവും മര്‍ദ്ദനവും കാരണം ആത്മഹത്യ ചെയ്ത സംഭവവും പുറത്തുവന്നിരിക്കുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീധനനിരോധനനിയമം നമ്മുടെ നാട്ടില്‍ നടപ്പിലാക്കിവരികയാണ്. 1961ലാണ് സ്ത്രീധനനിരോധനനിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും ഈ നിയമപ്രകാരം കുറ്റകരമാണെങ്കിലും വധുവിന്റെ വീട്ടുകാരോട് സ്ത്രീധനം വാങ്ങുന്നത് തങ്ങളുടെ അവകാശമായി വരനും കുടുംബവും കരുതുന്നു. വിദ്യാഭ്യാസപരമായി ഉയര്‍ന്നവരാണ് സ്ത്രീധനം വാങ്ങുന്നവരില്‍ മറ്റ് വിഭാഗങ്ങളെക്കാള്‍ മുന്‍പന്തിയിലുള്ളത്. മകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍മക്കളുടെ രക്ഷിതാക്കള്‍ സ്ത്രീധനം നല്‍കിയുള്ള വിവാഹത്തിന് സമ്മതിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെയും സ്ത്രീധനം ആവശ്യപ്പെടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണത കാലങ്ങളായി തുടരുകയാണ്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രചരണക്യാമ്പയിന്‍ നടക്കേണ്ട സമയമാണിത്. സ്ത്രീധനപീഡനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും വേണം.

Related Articles
Next Story
Share it