ദേശീയപാതാ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്തോറും കാസര്‍കോട് ജില്ലയില്‍ ദേശീയപാത കേന്ദ്രീകരിച്ചുള്ള ഗതാഗതക്കുരുക്കും യാത്രാദുരിതങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കാസര്‍കോട് നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് പതിവാണ്. ആംബുലന്‍സുകളുടെ പോലും വഴിമുടക്കുന്ന വിധത്തില്‍ അസഹനീയമാണ് ഓരോ ദിവസത്തേയും ഗതാഗതപ്രശ്നങ്ങള്‍. അടിയന്തര ചികിത്സക്ക് ആസ്പത്രികളില്‍ എത്തേണ്ട രോഗികളും ഗര്‍ഭിണികളും ഏറെ സമയം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. അപകടത്തില്‍പെട്ടവരെ പോലും എത്രയും വേഗം ആസ്പത്രിയിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സമയത്തിന് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ദേശീയപാതയില്‍ അണങ്കൂരില്‍ സര്‍വീസ് റോഡിന്റെ സ്ഥലവും പ്രധാന പാതയ്ക്കായി എടുത്തതോടെ ഗതാഗതക്കുരുക്കിന് ആക്കം കൂടിയിട്ടുണ്ട്. ഈ ഭാഗത്ത് ചില കെട്ടിടങ്ങള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത് വാഹനയാത്രക്കും കാല്‍നടയാത്രക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ്. അണങ്കൂരില്‍ മാത്രമല്ല ജില്ലയില്‍ ദേശീയപാത കടന്നുപോകുന്നിടത്തെല്ലാം ഗതാഗതസ്തംഭനം പതിവാണ്. ദേശീയപാതയക്ക് ഇരുവശവും നിര്‍മ്മിച്ച സര്‍വീസ് റോഡിന് വീതി വളരെ കുറവാണ്. സര്‍വീസ് റോഡിലൂടെ പോകുന്ന ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ചെറിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും സ്ഥലമുണ്ടാകുന്നില്ല. കണ്ടെയ്നര്‍ ലോറികള്‍ വന്നാല്‍ പിന്നിലുള്ള വാഹനങ്ങള്‍ക്ക് ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങണമെങ്കില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. കണ്ടെയ്നര്‍ ലോറികള്‍ വളരെ സാവധാനത്തിലാണ് ഓടുന്നത്. ബസുകള്‍ക്ക് സര്‍വീസ് റോഡില്‍ നിര്‍ത്തി ആളുകളെ ഇറക്കാനും കയറ്റാനും പരിമിതികള്‍ ഏറെയുണ്ട്. സര്‍വീസ് റോഡരികിലൂടെ നടന്നുപോകുന്നവരും കടുത്ത ആശങ്കയിലാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഒഴിഞ്ഞുമാറാനുള്ള സ്ഥല സൗകര്യം പോലും പല ഭാഗത്തുമില്ല. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെടാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തണം. സര്‍വീസ് റോഡ് മറികടന്നുപോകാനും യാത്രക്കാര്‍ക്ക് പ്രയാസമുണ്ട്. സര്‍വീസ് റോഡിലൂടെ പോകുന്നതിനിടെ വലിയ വാഹനത്തിന്റെ എഞ്ചിന് തകരാറിലായാല്‍ പിന്നിലുള്ള വാഹനങ്ങള്‍ക്ക് മറികടന്നുപോകാന്‍ സാധിക്കില്ല. അപ്പോള്‍ ഗതാഗക്കുരുക്കില്പ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. എഞ്ചിന് തകരാര്‍ മാറ്റി വലിയ വാഹനം എപ്പോള്‍ പുറപ്പെടുന്നോ അത്രയും സമയം മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഗതാഗത സ്തംഭനത്തില്‍ വലയും. ദേശീയപാത വികസനത്തിന് 45 മീറ്റര്‍ സ്ഥലം ആവശ്യമായിരിക്കെ പലയിടത്തും 44 മീറ്റര്‍ മാത്രമേയുള്ളൂവെന്ന പരാതികളും ഉയരുന്നുണ്ട്. അതുകൊണ്ട് സര്‍വീസ് റോഡിനും വീതി കുറയുന്നു. അപ്പുറത്ത് മതിലും ഇപ്പുറത്ത് ഓവുചാലും എന്ന രീതിയിലാണ് സര്‍വീസ് റോഡ് കടന്നുപോകുന്നത്. അപ്പുറവും ഇപ്പുറവും വാഹനം തിരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അക്ഷരാര്‍ഥത്തില്‍ സര്‍വീസ് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ചക്രവ്യൂഹത്തില്‍ അകപ്പെടുകയാണ്. ഗതാഗക്കുരുക്കും അപകടസാധ്യതയും വര്‍ധിപ്പിക്കുന്നതിനാല്‍ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.
ദേശീയപാത വികസനത്തിനൊപ്പം സര്‍വീസ് റോഡുകളുടെ വീതി കൂടി കൂട്ടി ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണം.