പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസം വരുത്തരുത്

കാസര്‍കോട് ജില്ലയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഏറെ പ്രതീക്ഷയോടെ നവകേരള സദസ്സില്‍ പരാതികള്‍ നല്‍കിയത്. പലരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച വലിയ പരാതികളും ചെറിയ പരാതികളും ഒക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി നടത്തിയ നവകേരള സദസ്സില്‍ ലഭിച്ചു. പരാതികള്‍ക്കൊക്കെ വേഗത്തില്‍ പരിഹാരമുണ്ടാകുമെന്നായിരുന്നു അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാലിപ്പോള്‍ പരാതികള്‍ പരിഹരിക്കുന്നതില്‍ വേഗം പോരെന്ന് മാത്രമല്ല പല ഗൗരവമേറിയ പരാതികളും പരിഹരിക്കപ്പെടാതെ […]

കാസര്‍കോട് ജില്ലയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഏറെ പ്രതീക്ഷയോടെ നവകേരള സദസ്സില്‍ പരാതികള്‍ നല്‍കിയത്. പലരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച വലിയ പരാതികളും ചെറിയ പരാതികളും ഒക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി നടത്തിയ നവകേരള സദസ്സില്‍ ലഭിച്ചു. പരാതികള്‍ക്കൊക്കെ വേഗത്തില്‍ പരിഹാരമുണ്ടാകുമെന്നായിരുന്നു അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ്. എന്നാലിപ്പോള്‍ പരാതികള്‍ പരിഹരിക്കുന്നതില്‍ വേഗം പോരെന്ന് മാത്രമല്ല പല ഗൗരവമേറിയ പരാതികളും പരിഹരിക്കപ്പെടാതെ പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 14, 698 പരാതികളാണ് ലഭിച്ചത്. എന്നാല്‍ 198 പരാതികള്‍ക്ക് മാത്രമേ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ പോലും പരിഹാരമാകാതെ കിടക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ടായിട്ടുണ്ട്. പ്രാദേശികമായി ഉദ്യോഗസ്ഥതലത്തിലും മറ്റും പരിഹരിക്കേണ്ട പരാതികള്‍ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി അവസാനിച്ചിട്ടും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്ന നിരാശയാണ് എവിടെയും. പരാതികളും നിവേദനങ്ങളും വിവിധ വകുപ്പുകളിലേക്ക് കൈമാറുന്നതിനും മറ്റുമായുള്ള വേര്‍തിരിക്കല്‍ ഇപ്പോഴും നടന്നുവരികയാണ്. തരം തിരിച്ച് അയച്ച പരാതികള്‍ അതാത് വകുപ്പുകളിലേക്ക് കൈമാറുന്നതിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ബന്ധപ്പെട്ട ഓഫീസ് ഇതല്ലെന്ന കുറിപ്പ് സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ നവകേരള സദസ്സ് കൈകാര്യം ചെയ്യുന്ന വകുപ്പിലേക്ക് തിരിച്ചയക്കുന്ന പരാതികളും ഏറെയാണ്. ഇവ വീണ്ടും പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിലേക്ക് അയക്കുമ്പോള്‍ പരിഹാരം പിന്നെയും നീളുമെന്ന് വ്യക്തമാണ്. പരാതികള്‍ പരിശോധിച്ച് അയക്കുന്ന ഉദ്യോഗസ്ഥരാകട്ടെ ജോലിഭാരം കൊണ്ട് ഏറെ പ്രയാസപ്പെടുകയാണ്. കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറയുന്നതും ഇടയ്ക്കിടെ കണക്ഷന്‍ പോകുന്നതും സൈറ്റ് പണിമുടക്കുന്നതും ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയാകുകയാണ്. അപ്ഡേഷന്‍ നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇത് തടസ്സമാകുന്നു. പരിഹരിക്കപ്പെട്ട നിവേദനങ്ങളും പരാതികളും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. അടിയന്തര സഹായം ആവശ്യമായ അപേക്ഷകളില്‍ പോലും വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകുന്നില്ല. അപേക്ഷകളും പരാതികളും നിവേദനങ്ങളും വേഗത്തില്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. പരിഹാരം കാത്തുള്ള പ്രശ്നങ്ങള്‍ പലരുടെയും ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നതായിരിക്കും. അവര്‍ക്ക് എത്രയും വേഗം ആശ്വാസം പകരുകയെന്നത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്.

Related Articles
Next Story
Share it