കുരുന്നുകളെ റാഞ്ചുന്നവര്‍ക്കെതിരെ ജാഗ്രത വേണം

കൊല്ലം ഒമയൂരില്‍ നിന്ന് ആറുവയസുകാരിയെ സ്ത്രീ ഉള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം കേരളക്കരയെയാകെ ഭയത്തിന്റെയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയത് 21 മണിക്കൂര്‍ നേരത്താണ്. അബിഗേല്‍ റെജി എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കാറിലെത്തിയ സംഘം കൊല്ലം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് അബിഗേലിനെ സംഘം കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയത്. ജോനാഥനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയാണെങ്കിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ജോനാഥന്‍ സംഘത്തിന്റെ […]

കൊല്ലം ഒമയൂരില്‍ നിന്ന് ആറുവയസുകാരിയെ സ്ത്രീ ഉള്‍പ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം കേരളക്കരയെയാകെ ഭയത്തിന്റെയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയത് 21 മണിക്കൂര്‍ നേരത്താണ്. അബിഗേല്‍ റെജി എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കാറിലെത്തിയ സംഘം കൊല്ലം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് അബിഗേലിനെ സംഘം കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയത്. ജോനാഥനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയാണെങ്കിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ജോനാഥന്‍ സംഘത്തിന്റെ നീക്കത്തെ ചെറുക്കുകയും സഹോദരിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ കുട്ടിയുടെ വെളിപ്പെടുത്തലും പൊലീസിന്റെ വ്യാപക അന്വേഷണവും മാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും ഇടപെടലും കൂടി ആയപ്പോള്‍ അബിഗേലിനെ യാതൊരു പോറലുമേല്‍ക്കാതെ കുടുംബത്തിന് തിരിച്ചുകിട്ടുകയായിരുന്നു. കുട്ടിയെ തിരികെ ലഭിക്കുന്നതുവരെയുള്ള മണിക്കൂറുകളില്‍ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മനസില്‍ തീയായിരുന്നെങ്കില്‍ നാട് ഒന്നടങ്കം അബിഗേലിനെ ജീവനോടെ കിട്ടണമെന്ന ലക്ഷ്യത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു. തങ്ങള്‍ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ഇന്നലെ ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്. കുഞ്ഞിനെ കിട്ടിയത് വലിയ ആശ്വാസം തന്നെയാണെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണ്. സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ ഇവരുടെ ഉദ്ദേശം തിരിച്ചറിഞ്ഞ് തുടര്‍ നടപടികള്‍ ശക്തമാക്കാന്‍ സാധിക്കൂ. ഇത് കേരളത്തിലെ എല്ലാ കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. ഇത്തരം സംഭവങ്ങള്‍ ഇനി നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെന്നത് പോലെ കുട്ടികളെ വിവിധ ആവശ്യങ്ങള്‍ക്കായി തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തിലുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഭിക്ഷാടനമാഫിയകളും മനുഷ്യക്കടത്ത് സംഘങ്ങളും അവയവമാഫിയകളും കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാകണമെങ്കില്‍ പ്രതികള്‍ പിടിയിലാകണം. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം സംഘം അമ്മയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. മോചനദ്രവ്യത്തിന് വേണ്ടിയായിരുന്നുവോ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഉറപ്പിക്കാന്‍ പൊലീസിനായിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനാണോ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ കടത്തി പണം സമ്പാദിക്കുന്ന സംഘങ്ങളില്‍പെട്ടവര്‍ ആകുമോയെന്ന സംശയവും പൊലീസിനുണ്ട്. ഇതേദിവസം തന്നെയാണ് കൊല്ലത്ത് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സമാനസംഭവങ്ങള്‍ മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. ഇതൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍കുട്ടികളെ റാഞ്ചുന്ന സംഘങ്ങള്‍ എവിടെയൊക്കെയോ അവസരം പാര്‍ത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കണം. കൊല്ലത്ത് മാത്രമല്ല കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഇത്തരം സംഘങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ഉണ്ടാകും. നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കളും പൊതുസമൂഹവും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അബിഗേലിനെ പോലെ തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ നമ്മള്‍ കരുതിയിരുന്നേ മതിയാകു.

Related Articles
Next Story
Share it