കേരളത്തിലെ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അധികാരികളുടെ പരിഗണന ലഭിക്കാതെ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വിഭാഗം കര്‍ഷകരാണെന്നത് യാഥാര്‍ഥ്യമാണ്. കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായവില ലഭിക്കുന്നില്ല. വിളകളുടെ സംഭരണത്തിന്റെ കാര്യത്തിലും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ല. ഇതുകാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് നെല്‍കര്‍ഷകരാണ്. സര്‍ക്കാരിന്റെ നെല്ല് സംഭരണം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതിന്റെ പേരില്‍ നൂറുകണക്കിന് നെല്‍കര്‍ഷകരാണ് കടക്കെണിയിലും പട്ടിണിയിലുമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം ഒരു കര്ഷകന് ആത്മഹത്യ ചെയ്യേണ്ടിവന്നത് നെല്ല് സംമഭരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട കാരണത്താലാണ്.
താന്‍ കൃഷിയില്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചെന്നും ഫോണിലൂടെ സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയ ശേഷമാണ് കര്‍ഷകനായ പ്രസാദ് ജീവനൊടുക്കിയത്. താന്‍ നല്കിയ നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പി.ആര്.എസ് വായ്പയായി നല്‍കിയതെന്നും അതിന്റെ പേരിലാണ് കാര്‍ഷിക വായ്പ ബാങ്ക്നിഷേധിച്ചതെന്നുമാണ് പ്രസാദിന്റെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. കാര്‍ഷികാവശ്യത്തിന് വായ്പ ലഭിക്കുന്നതിന് പി.ആര്.എസ് വായ്പാ കുടിശിക തടസമായതോടെയാണ് ഇതില്‍ മനംമുത്ത് പ്രസാദ് ആത്മഹത്യ ചെയ്തത്.
ഇതുപോലെ കേരളത്തിലെ പല കര്‍ഷകരും നെല്ല് സംഭരിച്ചതിന്റെ പണവും വായ്പയും ഒന്നും കിട്ടാതെ ആത്മഹത്യയുടെ വക്കിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നെല്‍കര്‍ഷകര്‍ ഇക്കാലത്ത് നേരിടടുന്നത് കനത്ത വെല്ലുവിളിയാണ്. ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് നെല്‍കര്‍ഷകര്‍ക്കാണ്. മുമ്പൊക്കെ മഴക്കാലത്ത് കനത്ത പേമാരിയിലാണ് നെല്‍കൃഷി നശിക്കാറുള്ളത്. എന്നാല്‍ ഇക്കുറി മഴക്കാലത്ത് രണ്ടുമാസം കാര്യമായ മഴ ലഭിക്കാതിരുന്നതാണ് നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ഏക്കര്‍ കണക്കിന് നെല്‍കൃഷി മഴ ലഭിക്കാത്തത് മൂലം ഉണങ്ങി നശിച്ചുപോയി. വേനല്‍ക്കാലത്തെ കൊടും വരള്‍ച്ച കാരണം വെള്ളം കിട്ടാതെ നെല്‍കൃഷി നശിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന കര്‍ഷകരെ മഴക്കാലവും ചതിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നെല്ല് സംഭരണം നടത്തി കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ടുവന്ന സര്‍ക്കാരിന് ഈ സംരംഭം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ലെന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. കേന്ദ്രനിയമമാണ് ബാങ്കുകള്‍ വായ്പ നിഷേധിക്കാന്‍ കാരണമെന്ന് സംസ്ഥാനസര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നു. എന്നാല്‍ സംഭരിച്ച നെല്ലിന്റെ പണം പി.ആര്.എസ് വായ്പയായി അല്ലാതെ നേരിട്ട് നല്കിയിരുന്നുവെങ്കില് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടിുന്നു. കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന നയങ്ങള്‍ ഏത് ഭാഗത്ത് നിന്നായാലും തിരുത്തപ്പെടുക തന്നെ വേണം.