ജില്ലയുടെ ദുരിതങ്ങളിലേക്ക് കണ്ണ് തുറക്കണം

നവകേരള സദസ്സിന്റെ സംസ്ഥാന തല ഉല്‍ഘാടനം ശനിയാഴ്ച മഞ്ചേശ്വരത്ത് നടക്കുമ്പോള്‍ കാസര്‍കോട് ജില്ല അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും വരും നാളുകളിലെങ്കിലും പരിഹാരമുണ്ടാകുമോയെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. നവകേരളസദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നു എന്നത് കൊണ്ടുതന്നെ ഈ പരിപാടിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളെ സംബന്ധിച്ച് ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. വികസന രംഗത്തും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ കാസര്‍കോട് ജില്ലയോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയും വിവേചനവും കാണിക്കുന്നുവെന്ന ആക്ഷേപം പൊതുവെയുണ്ട്. ഈ […]

നവകേരള സദസ്സിന്റെ സംസ്ഥാന തല ഉല്‍ഘാടനം ശനിയാഴ്ച മഞ്ചേശ്വരത്ത് നടക്കുമ്പോള്‍ കാസര്‍കോട് ജില്ല അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും വരും നാളുകളിലെങ്കിലും പരിഹാരമുണ്ടാകുമോയെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. നവകേരളസദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നു എന്നത് കൊണ്ടുതന്നെ ഈ പരിപാടിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളെ സംബന്ധിച്ച് ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. വികസന രംഗത്തും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ കാസര്‍കോട് ജില്ലയോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയും വിവേചനവും കാണിക്കുന്നുവെന്ന ആക്ഷേപം പൊതുവെയുണ്ട്. ഈ ആരോപണങ്ങളൊക്കെയും ശരിയാണെന്ന് അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജനങ്ങള്‍ അവഗണനയുടെ കയ്പുനീര്‍ കുടിക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലെ ഗവ. മെഡിക്കല്‍ കോളേജുകള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വെറും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജാണ് കാസര്‍കോട് ജില്ലയ്ക്കുള്ളത്. ഇവിടെ ഇപ്പോഴും മെച്ചപ്പെട്ട ചികില്‍സക്ക് വേണ്ട സജ്ജീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. കാസര്‍കോട് ജില്ലക്കാര്‍ക്ക് വിദഗ്ധ ചികില്‍സ വേണമെങ്കില്‍ മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടുപോകണം. കോവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെ നിര്‍മ്മിച്ച ടാറ്റയുടെ ആസ്പത്രിയും അടിസ്ഥാന ചികില്‍സാ സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താതെ നോക്കുകുത്തിയായി നിലകൊള്ളുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെയെല്ലാം അവസ്ഥ അങ്ങേയറ്റം ദയനീയം തന്നെയാണ്. പല ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഡോക്ടര്‍മാരില്ലാത്ത കാരണത്താല്‍ അടച്ചുപൂട്ടുന്നു. മറ്റ് ജില്ലകളിലേക്കത് സ്ഥലം മാറ്റപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് പകരം ഇവിടത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിയമനം ഉണ്ടാകുന്നില്ല. ഇതുകാരണം ജില്ലയിലെ പാവപ്പെട്ട രോഗികള്‍ വിദഗ്ധ ചികില്‍സ ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പല വില്ലേജ് ഓഫീസുകളിലും ഓഫീസര്‍മാര്‍ ഇല്ലാത്തതും മൂലം ജനങ്ങള്‍ വലയുകയാണ്. ജില്ലയിലെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ കൈക്കൂലിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങുകളാണ്. പൊതുമരാമത്ത് രംഗത്തും ഗതാഗത മേഖലയിലും കടുത്ത അവഗണനയാണ് ജില്ലയിലെ ജനങ്ങള്‍ നേരിടുന്നത്. ദേശീയ-സംസ്ഥാനപാതകളില്‍ കുറച്ച് സ്വകാര്യബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കെ .എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസും വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. മലയോര-ഗ്രാമ-തീരദേശ- അതിര്‍ത്തി പ്രദേശങ്ങളിലും ബസ് സര്‍വീസുകള്‍ കാര്യക്ഷമമല്ല. ഉള്ള ബസുകളില്‍ സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ സാഹചര്യത്തിലാണ് ബസുകള്‍ ഓടിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും ജില്ലയിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നില്ലെന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കുമ്പള-മഞ്ചേശ്വരം സ്റ്റേഷനുകള്‍ വിഭജിച്ച് പൈവളിഗെ പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ല. കാസര്‍കോട് ജില്ലയെ ടൂറിസം മേഖലയിലടക്കം വികസനക്കുതിപ്പിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമായ പെരിയ എയര്‍സ്ട്രിപ്പിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച മട്ടാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറെയുള്ള കാസര്‍കോട് ജില്ലക്ക് എയിംസ് വേണമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്ന വസ്തുതയും മുന്നിലുണ്ട്. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്നങ്ങള്‍ ജില്ലക്കുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാകുന്നതിനുള്ള ഇടപെടല്‍ ജില്ലയിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാകണം.

Related Articles
Next Story
Share it