മാധ്യമസ്വാതന്ത്ര്യത്തിനെതിരായ അധികാര ദുര്‍വിനിയോഗങ്ങള്‍

ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും അങ്ങേയറ്റം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളും അധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന പ്രവണതകളും കേരളത്തിലും വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ഏകപക്ഷീയമായി വേട്ടയാടുന്നതിനെതിരെ സുപ്രീം കോടതി നല്‍കിയിരിക്കുന്നത് ശക്തമായ മുന്നറിയിപ്പാണ്.മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറും ക്യാമറകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ […]

ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും അങ്ങേയറ്റം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളും അധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന പ്രവണതകളും കേരളത്തിലും വ്യാപകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ഏകപക്ഷീയമായി വേട്ടയാടുന്നതിനെതിരെ സുപ്രീം കോടതി നല്‍കിയിരിക്കുന്നത് ശക്തമായ മുന്നറിയിപ്പാണ്.
മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറും ക്യാമറകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുന്നതിനെതിരെ കടുത്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്.തെളിവുകള്‍ ശേഖരിക്കാനെന്ന പേരില്‍ അന്വേഷണ ഏജന്‍സികള്‍ മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഏകപക്ഷീയമായ നടപടിയും ദുര്‍വിനിയോഗവുമാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ മികച്ച മാര്‍ഗരേഖയുണ്ടാക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് തന്നെ അത് ചെയ്യേണ്ടിവരുമെന്നുമാണ് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഏകപക്ഷീയമായ നടപടികള്‍ തടയാന്‍ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യഹരജിയിലാണ് സുപ്രീം കോടതി മാധ്യമങ്ങള്‍ക്ക് അനുകൂലമായ പരാമര്‍ശം നടത്തിയത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ തടസപ്പെടുത്തുന്ന രീതിയിലാണ് അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ മുന്നോട്ടുപോകുന്നത്.
എപ്പോള്‍ എന്ത് പിടിച്ചെടുക്കണമെന്നോ അതിലെ സ്വകാര്യവിവരങ്ങള്‍ക്ക് എന്ത് തരം സംരക്ഷണം നല്‍കണമെന്നോ ഒരു മാര്‍ഗരേഖയുമില്ലാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, ധനകാര്യവിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉപകരണങ്ങളിലുണ്ടാകുമെന്നിരിക്കെ ഇതൊക്കെ പിടിച്ചെടുക്കുന്ന നടപടികളെ എങ്ങനെ അംഗീകരിക്കാനാകുമെന്ന ചോദ്യം ബാക്കിയാണ്. കേരളത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളുണ്ടാകുമ്പോള്‍ അവരുടെ വീടുകളില്‍ പോലും റെയ്ഡ് നടത്തി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. നിയമത്തിന് ആരും അതീതരല്ലെങ്കിലും പ്രതികാര നടപടികളുടെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരില്‍ പലരുടെയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ മാര്‍ഗരേഖ അനിവാര്യമാണ്.

Related Articles
Next Story
Share it