കേരളത്തിലെ ജയിലുകളില്‍ സുരക്ഷാഭീഷണികള്‍ ആവര്‍ത്തിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. അതീവ സുരക്ഷാജയില്‍ എന്നറിയപ്പെടുന്ന വിയ്യൂര്‍ ജയിലില്‍ പോലും കഴിഞ്ഞ ദിവസം ഉണ്ടായ അക്രകമത്തില്‍ പരിക്കേറ്റത് നിരവധി പേര്‍ക്കാണ്.
കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായിതീര്‍ന്നത്. ശനിയാഴ്ച ആരംഭിച്ച തര്‍ക്കം ഞായറാഴ്ച സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമത്തില്‍ മൂന്ന് ജയില്‍ വാര്‍ഡന്‍മാര്‍ക്കും ഏതാനും തടവുകാര്‍ക്കുമാണ് പരിക്കേറ്റത്. ഭക്ഷണവിതരണം സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തടവുകാരെ ജയില്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് വരുത്തി സംസാരിക്കുന്നതിനിടെ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയും പ്രകോപിതരായ തടവുകാര്‍ അസി. പ്രിസണ്‍ ഓഫീസറെ മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിസണ്‍ ഓഫീസര്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. പിറ്റേദിവസം ഉച്ചഭക്ഷണത്തിനായി സെല്ല് തുറന്നതോടെ കൂടുതല്‍ ജീവനക്കാര്‍ സംഘടിച്ചെത്തി ജയില്‍ ജീവനക്കാരെ മര്‍ദിക്കുകയാണുണ്ടായത്. അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്ന എന്ന വിയ്യൂര്‍ ജയിലിന്റെ ഖ്യാതിക്ക് ഈ അനിഷ്ടസംഭവം കളങ്കം വരുത്തിയിരിക്കുകയാണ്.
കേരളത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലടക്കം പല ജയിലുകളിലും അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചിലയിടങ്ങളില്‍ തടവുകാര്‍ തമ്മില്‍ സംഘട്ടനമുണ്ടാകുമ്പോള്‍ മറ്റിടങ്ങളില്‍ തടവുകാരും ജയില്‍ ജീവനക്കാരും തമ്മിലാണ് ഏറ്റേുമുട്ടലുണ്ടാകുന്നത്. കൊടും ക്രിമിനലുകളായ തടവുകാരെ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ അക്രമാസക്തരായി മറ്റ് തടവുകാര്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ ജയിലുകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
ജയിലുകളിലേക്ക് കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും മൊബൈല്‍ ഫോണുകളും വരെ തടവുകാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരുണ്ട്. ജയിലുകളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിലും നിരീക്ഷണം നടത്തുന്നതിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്.
ജയില്‍ അധികൃതരുടെ അനാസ്ഥ കാരണം കൊടും കുറ്റവാളികള്‍ പോലും ജയില്‍ ചാടി രക്ഷപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുന്നു. ജയിലുകളില്‍ തടവുകാരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള അക്രമങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജയിലുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതും അനിവാര്യമാണ്.