ദുസഹമാകുന്ന ജനജീവിതം

കേരളത്തില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുസഹവും ദുഷ്‌ക്കരവുമായി മാറുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കടബാധ്യതയും കൊണ്ട് സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ സാധിക്കാത്തത്ര കടുത്ത സാമ്പത്തിക ഭാരമാണ് തലയിലേറ്റേണ്ടിവരുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശികയാണ് ബാക്കികിടക്കുന്നത്. ഇതുകാരണം എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരു തരം സ്തംഭനാവസ്ഥയിലാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസത്തോളമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ […]

കേരളത്തില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുസഹവും ദുഷ്‌ക്കരവുമായി മാറുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കടബാധ്യതയും കൊണ്ട് സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ സാധിക്കാത്തത്ര കടുത്ത സാമ്പത്തിക ഭാരമാണ് തലയിലേറ്റേണ്ടിവരുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശികയാണ് ബാക്കികിടക്കുന്നത്. ഇതുകാരണം എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരു തരം സ്തംഭനാവസ്ഥയിലാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസത്തോളമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇടയ്ക്കിടെ രണ്ടുമാസം പെന്‍ഷന്‍ മുടങ്ങിയിരുന്നു. നാലുമാസമായി പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഇതാദ്യമാണ്. വയോധികരും വികലാംഗരും അടക്കം അവശതയനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യം മരുന്ന് വാങ്ങാന്‍ ഉപകരിച്ചിരുന്ന തുകയാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്. സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ പല അവശ്യസാധനങ്ങള്‍ക്കും കടുത്ത ക്ഷാമമാണ്. കുടിശിക നല്‍കാത്തതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല. ഇതോടെ എല്ലാ അവശ്യസാധനങ്ങളും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുവാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. തീവില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നത് നിര്‍ധന കുടുംബങ്ങളെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്. റേഷന്‍ കടകളില്‍ നിന്നുപോലും പലപ്പോഴും അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. നിത്യചിലവിന് പോലും വകയില്ലാത്ത വിധം ജനങ്ങളെല്ലാം കഷ്ടപ്പെടുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് സപ്ലൈകോയിലൂടെ കുറഞ്ഞ നിരക്കില്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ്. എന്നാല്‍ അതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സാധാരണക്കാര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നിര്‍വാഹമില്ലാതെ തലയില്‍ കൈ വെക്കുന്നു. ഇത്രക്കും അരക്ഷിതാവസ്ഥ ജീവിതത്തില്‍ ഇതാദ്യമായാണെന്ന അഭിപ്രായമാണ് എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നത്. നെല്‍കര്‍ഷകരുടെ കുടിശികയെല്ലാം കൊടുത്തുതീര്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല നെല്‍കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് കിട്ടാനുള്ള പണം ലഭിച്ചിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലും തുക ലഭിക്കുന്നില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ക്ക് ഇനിയും വീട് നിര്‍മ്മാണത്തിന് പണം ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്. പലര്‍ക്കും ആദ്യ ഗഡു മാത്രമാണ് കിട്ടിയത്. ബാക്കി തുകക്ക് മാസങ്ങളായി കാത്തിരിപ്പ് തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങുന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പണം കിട്ടാത്തതിനാല്‍ കുട്ടികളുടെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. അങ്ങനെ എല്ലാ തലങ്ങളിലും വലിയ കര്‍ത്തവ്യമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

Related Articles
Next Story
Share it