വീണ്ടും മാവോയിസ്റ്റ് കടന്നുകയറ്റം

ആറളം വന്യജീവിസങ്കേതത്തിനുള്ളില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് അക്രമണം ആശങ്കയുളവാക്കുന്നതാണ്. കളമശേരി സ്ഫോടനത്തിന്റെ ഞെട്ടലില്‍ കഴിയുന്ന കേരളജനതയെ സംബന്ധിച്ചിടത്തോളം ആറളം വന്യജീവിസങ്കേതത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമണവും ഏറെ അസ്വസ്ഥത ജനിപ്പിക്കുന്ന സംഭവം തന്നെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാവോ വാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും മാവോയിസ്റ്റ് അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണ് മൂന്ന് വനപാലകര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാമ്പ് ഷെഡിലേക്ക് പോകുകയായിരുന്ന വനപാലകര്‍ അവിചാരിതമായി മാവോയിസ്റ്റുകളുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ മാവോയിസ്റ്റ് സംഘം വനപാലകര്‍ക്ക് നേരെ തോക്ക് ചൂണ്ടി. […]

ആറളം വന്യജീവിസങ്കേതത്തിനുള്ളില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് അക്രമണം ആശങ്കയുളവാക്കുന്നതാണ്. കളമശേരി സ്ഫോടനത്തിന്റെ ഞെട്ടലില്‍ കഴിയുന്ന കേരളജനതയെ സംബന്ധിച്ചിടത്തോളം ആറളം വന്യജീവിസങ്കേതത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമണവും ഏറെ അസ്വസ്ഥത ജനിപ്പിക്കുന്ന സംഭവം തന്നെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാവോ വാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും മാവോയിസ്റ്റ് അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണ് മൂന്ന് വനപാലകര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാമ്പ് ഷെഡിലേക്ക് പോകുകയായിരുന്ന വനപാലകര്‍ അവിചാരിതമായി മാവോയിസ്റ്റുകളുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ മാവോയിസ്റ്റ് സംഘം വനപാലകര്‍ക്ക് നേരെ തോക്ക് ചൂണ്ടി. കൈയിലുള്ള അരിയും ക്യാമ്പിങ്ങ് സാമഗ്രികളും ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് നേരെയും ആകാശത്തേക്കുമായി ഏഴ് റൗണ്ട് വെടിവെച്ചുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. മാവോയിസ്റ്റുകള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ക്ക് പുറമെ യു.എ.പി.എ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പിനെ അതീവ ഗൗരവത്തോടെ കാണണം. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട ആയുധ ധാരികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തണ്ടര്‍ ബോള്‍ട്ട് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രധാനമായും ആദിവാസികളും മറ്റ് പിന്നോക്കവിഭാഗങ്ങളും താമസിക്കുന്ന പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നത്. ആദിവാസികള്‍ നേരിടുന്ന അവഗണനക്കും ചൂഷണത്തിനുമെതിരെ ഇടപെട്ടുകൊണ്ടാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.മാവോവാദികള്‍ ഉയര്‍ത്തുന്ന ജനകീയ വിഷയങ്ങള്‍ പ്രസക്തമാണെങ്കിലും അവര് അതിനായി സ്വീകരിക്കുന്ന ശൈലി നാടിന്റെ പൊതുവായ താല്‍പ്പര്യങ്ങള്‍ക്കും ദേശത്തിന്റെ സുരക്ഷക്കും എതിരാണ്. തിരഞ്ഞെടുപ്പിലും ജനാധിപത്യത്തിലും വിശ്വസിക്കാത്ത മാവോയിസ്റ്റുകള്‍ സായുധസമരത്തിന്റെ വക്താക്കളാണ്. മാവോയിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിന് നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത വിധത്തിലുള്ള സാുധ കലാപങ്ങളാണ് നടക്കുന്നത്. വെടിയുതിര്‍ത്തും കുഴിബോംബ് പൊട്ടിച്ചും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ മടിയില്ലാത്തവരാണ് ആയുധ ധാരികളായ മാവോയിസ്റ്റുകളെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. തങ്ങളെ ഒറ്റിക്കൊടുക്കുന്നവരെന്ന സംശത്തില്‍ സാധാരണക്കാരെ കൊല്ലാന്‍ പോലും ഇവര്‍ മടികാണിക്കാറില്ല.
അത്തരം സംസ്ഥാനങ്ങളില്‍ രൂക്ഷമായ ക്രമസമാധാനപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ സമാധാനജീവിതം തകരുകയാണ് ചെയ്യുന്നത്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പും ഇന്റലിജന്‍സ് സംവിധാനങ്ങളും ജാഗരൂകരായിരിക്കണം.

Related Articles
Next Story
Share it