കളമശേരി സ്‌ഫോടനം

കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനം കേരളക്കരയെയാകെ നടുക്കിയിരിക്കുകയാണ്. സ്ഫോടനത്തില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ദാരുണമായി മരണപ്പെടുകയും 51 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനം നടന്നതുമുതല്‍ തികച്ചും മുന്‍വിധിയോടെയുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതൊരു തീവ്രവാദ ആക്രമണം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകളും പ്രതികരണങ്ങളും ഉയര്‍ന്നുവന്നത്. സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുവരുന്നതിന് മുമ്പ് തന്നെ ഉത്തരവാദപ്പെട്ട ചിലരു പോലും ആ നിലക്കാണ് പ്രതികരണമുയര്‍ത്തിയത്. സമൂഹത്തില്‍ […]

കൊച്ചി കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനം കേരളക്കരയെയാകെ നടുക്കിയിരിക്കുകയാണ്. സ്ഫോടനത്തില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ദാരുണമായി മരണപ്പെടുകയും 51 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനം നടന്നതുമുതല്‍ തികച്ചും മുന്‍വിധിയോടെയുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതൊരു തീവ്രവാദ ആക്രമണം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകളും പ്രതികരണങ്ങളും ഉയര്‍ന്നുവന്നത്. സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുവരുന്നതിന് മുമ്പ് തന്നെ ഉത്തരവാദപ്പെട്ട ചിലരു പോലും ആ നിലക്കാണ് പ്രതികരണമുയര്‍ത്തിയത്. സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും പടര്‍ത്തുന്ന രീതിയിലാണ് സംഭവത്തെ പലരും വ്യാഖ്യാനിച്ചത്. ഇത് കേരള ജനതയെയാകെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ കളമശേരി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി നിയമത്തിന് മുന്നിലേക്ക് വരികയും സംഭവത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയും ചെയ്തതോടെയാണ് കേരളജനതക്ക് ശ്വാസം നേരെ വീണത്. കളമശേരി സ്ഫോടനത്തെ പൊതുസമൂഹം ശക്തമായ ഭാഷയില്‍ അപലപിക്കുകയും മൂന്ന് പേര്‍ മരണപ്പെടാനിടയായതില്‍ ദുഖിക്കുകയും ചെയ്യുന്നു. എന്തൊക്കെ ന്യായവാദങ്ങളുടെ പേരിലാണെങ്കില്‍ പോലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെയും മനുഷ്യവര്‍ഗത്തിന്റെയും സുരക്ഷക്ക് ഭീഷണി തന്നെയാണ്. കളമശേരി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഹോവ സാക്ഷികളുടെ മുന്‍ വിശ്വാസികളില്‍ ഒരാളായിരുന്ന മാര്‍ട്ടിന്‍ ഡൊമനിക് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോയും ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു. യഹോവ സാക്ഷികളുടെ ആശയങ്ങളോടുള്ള വിയോജിപ്പാണ് ഡൊമനികിനെ ഇങ്ങനെയൊരു പൈശാചിക കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിയെ അമ്പരപ്പിക്കുന്നതാണ്. ഏതെങ്കിലും ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് മനുഷ്യക്കുരുതി നടത്തിയല്ല. ഏത് ആശയത്തെയും ആശയപരമായി നേരിടുകയെന്നതാണ് ജനാധിപത്യത്തിന്റെ രീതി. അക്രമമോ കൊലപാതകമോ നടത്തിയല്ല വിയോജിപ്പ് കാണിക്കേണ്ടത്. അത്തരം രീതികള്‍ മനുഷ്യത്വത്തിനും പൊതുസമൂഹത്തിനും രാജ്യത്തിനും എതിരാണ്. മനുഷ്യദ്രോഹവും രാജ്യദ്രോഹവുമാണ്. ഒരു ആശയത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ മനുഷ്യജീവന്‍ അപഹരിക്കുന്നത് സമൂഹമനസാക്ഷിക്ക് നേരെ തന്നെ നടത്തുന്ന വലിയ കുറ്റകൃത്യമാണ്. താന്‍ ചെയ്ത വലിയ കുറ്റത്തെ ആശയത്തിന്റെ പേരില്‍ നിസാരവല്‍ക്കരിക്കുകയാണ് പ്രതി ചെയ്തത്. ആ ആശയത്തിന്റെ പേരില്‍ നിരപരാധികളായ മൂന്നുപേരുടെ ജീവനാണ് കവര്‍ന്നെടുക്കപ്പെട്ടതെന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പ്രചരണങ്ങള്‍ സംഘടിതമായി നടത്തുന്നതും സമൂഹമനസാക്ഷിക്കെതിരെയുള്ള കുറ്റം തന്നെയാണ്. കളമശേരി സ്ഫോടനം നടത്തിയ വ്യക്തിക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം. അതോടൊപ്പം കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദ്വേഷപ്രചാരകര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it