ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാന്‍ നടപടി വേണം

ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസിലെ ഒട്ടേറെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ വിലപ്പെട്ട പേഴ്സുകളും ബാഗുകളുമാണ് കൊള്ളയടിക്കപ്പെട്ടത്. വൈകിട്ട് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11 മണിക്ക് ശേഷം പന്‍വേല്‍ വിട്ട ശേഷം യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്താണ് മോഷണം നടന്നത്. ബി 4 മുതല്‍ 5 വരെയുള്ള 13 കമ്പാര്‍ട്ടുമെന്റുകളിലെ യാത്രക്കാരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളുമാണ് […]

ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസിലെ ഒട്ടേറെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ വിലപ്പെട്ട പേഴ്സുകളും ബാഗുകളുമാണ് കൊള്ളയടിക്കപ്പെട്ടത്. വൈകിട്ട് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11 മണിക്ക് ശേഷം പന്‍വേല്‍ വിട്ട ശേഷം യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്താണ് മോഷണം നടന്നത്. ബി 4 മുതല്‍ 5 വരെയുള്ള 13 കമ്പാര്‍ട്ടുമെന്റുകളിലെ യാത്രക്കാരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ട്രെയിനിലുണ്ടായ കൂട്ടത്തോടെയുള്ള മോഷണത്തിനിടയാക്കിയത് റെയില്‍വെയുടെ അനാസ്ഥ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ട്രെയിനില്‍ ഗാര്‍ഡ് ഉണ്ടായിരുന്നില്ല. പരാതിപ്പെടാന്‍ ആര്‍.പി.എഫിനെയും റെയില്‍വെ പൊലീസിനെയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിന്‍ കൊങ്കണ്‍പാതയിലൂടെ ഓടിക്കൊണ്ടിരുന്നതിനാല്‍ മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടാത്തതിനാല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. റേഞ്ച് ലഭിച്ച ശേഷം പരാതിപ്പെട്ടെങ്കിലും സുരക്ഷക്ക് ആരും എത്തിയില്ലെന്നും മഡ്ഗാവില്‍ എത്തിയ ശേഷമാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ വന്നതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. കവര്‍ച്ചക്കിരയായ ചിലര്‍ മഡ്ഗാവില്‍ ഇറങ്ങുകയും ചെയ്തു. ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനില്‍ പരാതി നല്‍കാനാണ് നിര്‍ദേശമുണ്ടായത്. മഡ്ഗാവിലും മംഗളൂരുവിലും ഇറങ്ങിയവര്‍ അവിടെ പരാതി നല്‍കി. എന്നാല്‍ മോഷണം പോയ പണവും മൊബൈല്‍ഫോണുകളും സാധനങ്ങള്‍ തിരികെ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് യാത്രക്കാരുടെ ആശങ്ക. മോഷ്ടാക്കളെ കണ്ടെത്തുകയെന്നതും ദുഷ്‌കരമാണ്. കവര്‍ച്ചക്കിരയായവരില്‍ നാല് മലയാളികളുമുണ്ട്. മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. എറണാകുളം സ്വദേശിനി പൂര്‍ണശ്രീയാണ് എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്ന് പയ്യന്നൂര്‍ മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശേരിക്കുമിടയില്‍ കവര്‍ച്ചക്കിരയായത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് പഴ്സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ് ലെറ്റ് എന്നിവയടക്കം മൂന്നരപവന്‍ സ്വര്‍ണവും ഫോണും പണവും എടുത്ത് പഴ്സ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ കാസര്‍കോട് റെയില്‍വെ പൊലീസിന് സാധിച്ചു. രാത്രിയിലും പുലര്‍കാലങ്ങളിലുമാണ് ട്രെയിനുകളില്‍ കൂടുതലായും കവര്‍ച്ച നടക്കാറുള്ളത്. ഈ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വെ അധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. മോഷണത്തിനായി ട്രെയിനില്‍ യാത്രക്കാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ വരെ മുമ്പുണ്ടായിട്ടുണ്ട്. റെയില്‍വെക്ക് ദിവസവും കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന യാത്രക്കാരുടെ സംരക്ഷണം റെയില്‍വെ അധികൃതരുടെ ഉത്തരവാദിത്വം കൂടിയാണ്. അതുകൊണ്ട് രാത്രി ആയാലും പകലായാലും യാത്രക്കാരെ അക്രമികളില്‍ നിന്നും കവര്‍ച്ചക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിന് ട്രെയിനുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നടപടി വേണം.

Related Articles
Next Story
Share it