രോഗികളുടെ ജീവന്‍ വില കുറച്ചു കാണരുത്

കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സി.ഐ.ജി പുറത്തുവിട്ട റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണ്. കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകള്‍ വിതരണം ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയില്‍ അതീവ ഗുരുതരവും ആശങ്കാജനകവുമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മരുന്നുകളുടെ […]

കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സി.ഐ.ജി പുറത്തുവിട്ട റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണ്. കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകള്‍ വിതരണം ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയില്‍ അതീവ ഗുരുതരവും ആശങ്കാജനകവുമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആസ്പത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്.പരിശോധനാ കാലയളവില്‍ നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആസ്പത്രികളിലും വിതരണം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകള്‍ 148 ആസ്പത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നും ഇതിനകകം തെളിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്സിഎല്ലിന്റെ നടപടിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.ആസ്പത്രികളില്‍ നിന്ന് ഓരോ വര്‍ഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്റന്റ് നല്‍കുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്സിഎല്‍ മരുന്നു സംഭരിക്കുന്നത്. 2017 മുതല്‍ 2022 വരെ 4732 ഇനം മരുന്നുകള്‍ക്ക് ആസ്പത്രികള്‍ ഇന്റന്റ് നല്‍കിയെങ്കിലും കെഎംഎസ്സിഎല്‍ പൂര്‍ണമായും ഓര്‍ഡര്‍ നല്‍കിയത് 536 ഇനങ്ങള്‍ക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75% കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ മരുന്ന് തിരികെ നല്‍കി കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാവുന്നതാണ്.
4,049 ബാച്ച് മരുന്നുകളില്‍ 1610 ബാച്ചുകളും 75% ഷെല്‍ഫ് ലൈഫ് ഇല്ലാത്തതായിരുന്നുവെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. കമ്പനികളില്‍ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തു. 46 ഇനം മരുന്നുകള്‍ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കരട് റിപ്പോര്‍ട്ടിനെ ദുര്‍ബലമായ വാദങ്ങള്‍ നിരത്തിയാണ് കെഎംഎസ്സിഎല്‍ ന്യായീകരിക്കാന്‍ ശ്രമിച്ചതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രോഗികളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ തികച്ചും കച്ചവട താല്‍പ്പര്യത്തിലൂന്നിയാണ് മരുന്ന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവാരമില്ലാത്ത മരുന്ന് കഴിച്ച് രോഗികള്‍ക്ക് ജീവഹാനിയോ കടുത്ത ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇതിന് മുമ്പും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ കടുത്ത നടപടി വേണം. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഗുണനിലവാരമുള്ളതും കാലാവധി കഴിയാത്തതുമായ മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന് സാധിക്കണം.

Related Articles
Next Story
Share it