തോട്ടവിള കര്‍ഷകരുടെ കണ്ണീര്‍

കാസര്‍കോട് ജില്ലയിലെ തോട്ടവിള കര്‍ഷകര്‍ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്.കാലാവസ്ഥാവ്യതിയാനവും കീടബാധയും പല തരത്തിലുള്ള രോഗബാധയും തോട്ടവിളകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു. തെങ്ങുകൃഷിയും കവുങ്ങ് കൃഷിയും അടക്കമുള്ള തോട്ടവിളകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. കഴിഞ്ഞ കൊടുംവരള്‍ച്ചയില്‍ ഏക്കര്‍ കണക്കിന് തെങ്ങുകളും കവുങ്ങുകളും നശിച്ചുപോയിട്ടുണ്ട്. ഇതിന് പുറമെ വേരുചീയല്‍രോഗം ബാധിച്ചും നിരവധി തെങ്ങുകളാണ് നശിച്ചത്. പല കവുങ്ങുകളും സമാന രോഗബാധ മൂലം നശിക്കുന്നുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ ഹ്രസ്വകാല വിളകളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് […]


കാസര്‍കോട് ജില്ലയിലെ തോട്ടവിള കര്‍ഷകര്‍ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്.കാലാവസ്ഥാവ്യതിയാനവും കീടബാധയും പല തരത്തിലുള്ള രോഗബാധയും തോട്ടവിളകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു. തെങ്ങുകൃഷിയും കവുങ്ങ് കൃഷിയും അടക്കമുള്ള തോട്ടവിളകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. കഴിഞ്ഞ കൊടുംവരള്‍ച്ചയില്‍ ഏക്കര്‍ കണക്കിന് തെങ്ങുകളും കവുങ്ങുകളും നശിച്ചുപോയിട്ടുണ്ട്. ഇതിന് പുറമെ വേരുചീയല്‍രോഗം ബാധിച്ചും നിരവധി തെങ്ങുകളാണ് നശിച്ചത്. പല കവുങ്ങുകളും സമാന രോഗബാധ മൂലം നശിക്കുന്നുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ ഹ്രസ്വകാല വിളകളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് തോട്ടം വിളകള്‍ക്കാണ്. ജില്ലയിലെ മലയോരമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമാണ് തോട്ടംവിളകള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഹ്രസ്വവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് നഷ്ടം സംഭവിച്ചാലും ചെറിയ കാലത്തിനകം തന്നെ നഷ്ടം നികത്തിയെടുക്കാനാകും. പരിഹാരമാര്‍ഗങ്ങളും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ തോട്ടം വിളകളുടെ സ്ഥിതി അതല്ല.
കഴിഞ്ഞ ദിവസം കാസര്‍കോട്ട് സംസ്ഥാന ഊര്‍ജവകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററും കൃഷിവികസന, കര്‍ഷകക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസര്‍, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ കാലാവസ്ഥാ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയില്‍ തോട്ടവിളകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വളരെ ഗൗരവപൂര്‍ണമായ ചര്‍ച്ചകളാണ് നടന്നത്. മുമ്പ് ലഭിച്ചിരുന്നത്ര ജലലഭ്യത ഇപ്പോള്‍ ലഭിക്കാത്തതും തോട്ടവിളമേഖല നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ്. തെങ്ങുകളെ അപേക്ഷിച്ച് കവുങ്ങുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം വേണ്ടത്
എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ വരള്‍ച്ചയാണ് നാട് നേരിടുന്നത്. അതുകൊണ്ടുതന്നെ തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും നല്‍കുന്ന വെള്ളം മതിയാകാത്ത സ്ഥിതിയുണ്ട്. കവുങ്ങുകള്‍ ദിവസങ്ങളോളം വെള്ളം ലഭിക്കാതിരുന്നാല്‍ ഉണങ്ങിപ്പോകും. വരള്‍ച്ച വൈകിയാണെങ്കിലും തെങ്ങുകള്‍ നശിക്കാനും ഇടവരുത്തുന്നു. വരള്‍ച്ചയും കാലാവസ്ഥാമാറ്റവും ഉണ്ടാക്കുന്ന പ്രതിസന്ധികളില്‍ നിന്നും തോട്ടവിളകളെ എങ്ങനെ മോചിപ്പിക്കുമെന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തി പരിഹാരം കാണേണ്ടത് അനിവാര്യം തന്നെയാണ്. ജലവിഭവങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവയെ വിവേകപൂര്‍വും ഉപയോഗിക്കേണ്ടതിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണം. തോട്ടവിളകര്‍ഷകര്‍ക്കുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതും ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.

Related Articles
Next Story
Share it