സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണം

കാസര്‍കോട് ജില്ലയില്‍ പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ പടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴയും പ്രതികൂല കാലാവസ്ഥയും മൂലമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത്. പനികളില്‍ മാരകമായ എലിപ്പനിയും മലമ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ജില്ലയില്‍ പ്രതിദിനം പനിബാധിതരുടെ എണ്ണം 500ല്‍ കൂടുതലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോട് അടുക്കുകയാണ്. 1,45,579 പേരാണ് ഇതുവരെയായി പനി ബാധിച്ച് ചികില്‍സ തേടിയത്. രണ്ട്പേര്‍ക്ക് ചെള്ള് പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 55 പേര്‍ക്ക് […]

കാസര്‍കോട് ജില്ലയില്‍ പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ പടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴയും പ്രതികൂല കാലാവസ്ഥയും മൂലമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത്. പനികളില്‍ മാരകമായ എലിപ്പനിയും മലമ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ജില്ലയില്‍ പ്രതിദിനം പനിബാധിതരുടെ എണ്ണം 500ല്‍ കൂടുതലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ഈ വര്‍ഷം ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോട് അടുക്കുകയാണ്. 1,45,579 പേരാണ് ഇതുവരെയായി പനി ബാധിച്ച് ചികില്‍സ തേടിയത്. രണ്ട്പേര്‍ക്ക് ചെള്ള് പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 55 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ മാസം മാത്രം 8496 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. 151 പേര്‍ക്കാണ് ഈ വര്‍ഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രമായി 17 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ടു. 45 പേര്‍ക്കാണ് ഈ വര്‍ഷം എലിപ്പനി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ മാസത്തില്‍ മൂന്ന് പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 21 പേര്‍ക്ക് മലമ്പനിയും പിടിപെട്ടു. ഈ മാസം എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത് ഏഴുപേര്‍ക്കാണ്. പല തരത്തിലുള്ള മാരകമായതും അല്ലാത്തതുമായ പനികള്‍ക്ക് പുറമെ ചെങ്കണ്ണ് പോലുള്ള രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. പനിയെ ജലദോഷം മാത്രമെന്ന് കരുതി ആസ്പത്രിയില്‍ പോകാതിരിക്കുന്നത്പിന്നീട് പനി മൂര്‍ഛിക്കാന്‍ കാരണമാവുകയാണ്.അതുകൊണ്ട് പനിയുടെ തുടക്കത്തില്‍ തന്നെ ചികില്‍സ തേടേണ്ടത് അനുവാര്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പരിശോധനയില്‍ മാത്രമേ ഏതുതരം പനിയാണെന്ന് വ്യക്തമാവുകയുള്ളൂ. മുന്‍വിധിയോടെയുള്ളസ്വയംചികില്‍സകള്‍ അസുഖം മൂര്‍ഛിച്ച് മരണം വരെ സംഭവിക്കാന്‍ കാരണമായിത്തീര്‍ന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പനിബാധിതരെ കൊണ്ട് സര്‍ക്കാര്‍ ആസ്പത്രികളും സ്വകാര്യാസ്പത്രികളും നിറയുകയാണ്. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്ഥലം മാറ്റപ്പെട്ട പല ഡോക്ടര്‍മാര്‍ക്കും പകരമുള്ള നിയമനങ്ങള്‍ പല സര്‍ക്കാര്‍ ആസ്പത്രികളിലും നടത്തുന്നില്ല. ഡോക്ടര്‍മാരുടെയുംനഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിരവധി തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുന്നുണ്ട്. സാംക്രമിതക രോഗങ്ങള്‍ക്കെതിരെ പ്രതിരോധവും ജാഗ്രതയും ശക്തമാക്കുന്നതിനൊപ്പം ചികില്‍സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it