അവകാശങ്ങളെ ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിക്കുമ്പോള്‍

പൗരന്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളെ കൈക്കൂലിക്ക് വേണ്ടി ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിക്കുന്ന ക്രൂരവിനോദം ഉദ്യോഗസ്ഥ തലങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ഈ ദുരവസ്ഥക്ക് മാറ്റമൊന്നും സംഭവിക്കാത്തതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കയ്യും കണക്കുമില്ല. കഴിഞ്ഞ ദിവസം കേരളത്തിലെ 57 പഞ്ചായത്തുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് പുറത്തുവന്നത്. എറണാകുളത്തെ ആറ് പഞ്ചായത്തുകളിലും ഇടുക്കി, കോട്ടയം ജില്ലകളിലെ അഞ്ചുവീതം പഞ്ചായത്തുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് […]

പൗരന്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളെ കൈക്കൂലിക്ക് വേണ്ടി ഫയലുകളില്‍ കുരുക്കി ശ്വാസം മുട്ടിക്കുന്ന ക്രൂരവിനോദം ഉദ്യോഗസ്ഥ തലങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ഈ ദുരവസ്ഥക്ക് മാറ്റമൊന്നും സംഭവിക്കാത്തതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് കയ്യും കണക്കുമില്ല. കഴിഞ്ഞ ദിവസം കേരളത്തിലെ 57 പഞ്ചായത്തുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് പുറത്തുവന്നത്. എറണാകുളത്തെ ആറ് പഞ്ചായത്തുകളിലും ഇടുക്കി, കോട്ടയം ജില്ലകളിലെ അഞ്ചുവീതം പഞ്ചായത്തുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് വീതം പഞ്ചായത്തുകളിലും വിജിലന്‍സ് പരിശോധന നടത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മൂന്ന് വീതം പഞ്ചായത്തുകളിലാണ് റെയ്ഡ് നടന്നത്. പൊതുജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും പിടിച്ചുവെച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവുകളാണ് പരിശോധനയില്‍ പുറത്തുവന്നത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ നല്‍കുന്നതിലും കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കാലതാമസം വരുത്തുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പഞ്ചായത്തുകള്‍ മുഖേനയുള്ള പ്രവൃത്തികളിലും മരാമത്ത് പണികളിലും കരാറുകാരെ തിരഞ്ഞെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധന നടത്തിയത്. പരിശോധന നടത്തിയ 57 പഞ്ചായത്തുകളിലായി കെട്ടിടനിര്‍മ്മാണ അനുമതിക്കായുള്ള 1689 അപേക്ഷകളും കെട്ടിട നമ്പറിന് വേണ്ടിയുള്ള 504 അപേക്ഷകളും തീരുമാനമൊന്നുമെടുക്കാതെ ഏറെ നാളായി കെട്ടിക്കിടക്കുകയാണെന്നാണ് കണ്ടെത്തിയത്. കൈക്കൂലിക്ക് വേണ്ടി ചില ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ ഫയലില്‍ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തുകളില്‍ മാത്രമല്ല നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഇത്തരം പ്രവണതകളുണ്ട്. അഴിമതി മാത്രം ലക്ഷ്യമ ിട്ടുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അഴിമതി മാത്രം മുന്‍നിര്‍ത്തി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണം. സേവനം ജനങ്ങളുടെ അവകാശമാണ്. ഔദാര്യമല്ല. അങ്ങനെയാണെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ഇക്കാര്യമാണ്. പൊതുജനങ്ങളുടെ ഔദാര്യമാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം. ജനങ്ങളുടെ നികുതിപ്പണമില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ലഭിക്കില്ല. ജനങ്ങള്‍ നല്‍കുന്ന ഔദാര്യത്തിനുള്ള പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കേണ്ട സേവനം. അത് നല്‍കണമെങ്കില്‍ കൈക്കൂലി കിട്ടിയേ മതിയാവൂ എന്ന് വിശ്വസിക്കുന്ന ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് വെക്കരുത്. പിരിച്ചുവിടുക തന്നെ വേണം. പൊതുജനങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ തടയുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം.

Related Articles
Next Story
Share it