കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള മാരകമായ ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ തലങ്ങളില്‍ സംഘടിപ്പിക്കുമ്പോഴും ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിക്കാത്തത് ആശങ്കയുളവാക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിച്ചവരെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലഹരിവിമുക്തി കേന്ദ്രങ്ങളുടെ ലക്ഷ്യം. നിരന്തരമായ ലഹരി ഉപയോഗമാണ് പലരെയും അക്രമാസക്തരും മാനസികരോഗികളുമാക്കി തീര്‍ക്കുന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വെറുപ്പ് സമ്പാദിച്ചുകൊണ്ട് ലഹരിയുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക് അതില്‍ നിന്നും സ്വയം മോചിതരാകാന്‍ സാധിക്കുന്നില്ലെങ്കിലാണ് ലഹരിവിമുക്ത കേന്ദ്രങ്ങള്‍ ആശ്രയമാകേണ്ടത്. എന്നാല്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് പോരായ്മകളുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. മയക്കുമരുന്നിന് അടിമകളാക്കപ്പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരില്‍ 70% പേരും വീണ്ടും ലഹരിക്ക് അടിമകളാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരിയില്‍ നിന്നും വിമുക്തി നേടിയെന്ന് ബോധ്യപ്പെടുമ്പോഴാണ് ഇവരെ പുനരധിവാസകേന്ദ്രങ്ങളില്‍ നിന്നും മാറ്റാറുള്ളത്. കുറച്ചുകാലം നന്നായി ജീവിക്കുമെങ്കിലും വീണ്ടും ലഹരിയുടെ ലോകത്തിലേക്ക് പലരും എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്. ചികിത്സ കഴിഞ്ഞെത്തുന്നവരെ മുന്‍വിധിയില്ലാതെ ഉള്‍കൊള്ളാനും അവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കാനും കഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ലഹരിവിമുക്തിക്ക് ശേഷവും അവഗണന തുടരുമ്പോള്‍ വീണ്ടും പഴയ ശീലത്തിലേക്ക് തന്നെ എത്തിപ്പെടുന്നു. മയക്കുമരുന്നിന്റെ നിരന്തരമായ ഉപയോഗം മൂലം സാമ്പത്തികമായി തകര്‍ന്നും ശാരീരികമായും മാനസികമായും തളര്‍ന്നുമുള്ള അവസ്ഥയിലാണ് പലരും പുനരധിവാസ കേന്ദ്രത്തിലെത്തുന്നത്. കുടുംബക്കാര് നിര്‍ബന്ധിച്ചായിരിക്കും ഇവരെ ഇത്തരം കേന്ദ്രങ്ങളിലെത്തിക്കുന്നത്. സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരവധി ഡീ അഡിക്ഷന് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
ഇവിടെയെത്തുന്ന 30 ശതമാനത്തില്‍ താഴെ പേര് മാത്രമേ ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നുള്ളൂ. ബാക്കി 70 ശതമാനം പേരും ലഹരിയില്‍ നിന്ന് മോചിതരാകുന്നില്ല. വിമുക്തി ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ ഫലപ്രദമാകാതെ ഈ സ്ഥിതിക്ക് പരിഹാരമുണ്ടാകില്ല. ലഹരിയില്‍ നിന്ന് താല്ക്കാലികമുക്തി നേടുന്നവര്‍ക്ക് സ്നേഹവും പിന്തുണയും നല്കാന് കുടുംബങ്ങള്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും ലഹരിക്ക് അടിമകളാകും. സ്വസ്ഥമായ കുടുംബത്തിനും ആരോഗ്യമുള്ള സമൂഹത്തിനും ലഹരിക്ക് അടിമകളല്ലാത്ത തലമുറ അനിവാര്യം തന്നെയാണ്.