കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം വഴിമുട്ടുമ്പോള്‍

ദേശീയപാത വികസനപ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതാ വികസനം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. പണി തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പാതയുടെ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശുഷ്‌ക്കാന്തി കാണിക്കുന്നില്ല. കരാറുകാരുടെ അനാസ്ഥയും പാതയുടെ വേഗത്തിലുള്ള പ്രവൃത്തിക്ക് തടസമാകുകയാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.പൂടംകല്ല് മുതല്‍ പാണത്തൂര്‍ ചിറംകടവ് വരെ 18 കി. മീറ്റര്‍ റോഡ് വീതി കൂട്ടി വളവ് നികത്തി മെക്കാഡം ടാറിംഗ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 60 കോടി രൂപയാണ് അനുവദിച്ചത്. റോഡ് പണി ആരംഭിക്കുകയും […]

ദേശീയപാത വികസനപ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുമ്പോഴും കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതാ വികസനം വഴിമുട്ടുന്ന അവസ്ഥയിലാണുള്ളത്. പണി തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പാതയുടെ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശുഷ്‌ക്കാന്തി കാണിക്കുന്നില്ല. കരാറുകാരുടെ അനാസ്ഥയും പാതയുടെ വേഗത്തിലുള്ള പ്രവൃത്തിക്ക് തടസമാകുകയാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
പൂടംകല്ല് മുതല്‍ പാണത്തൂര്‍ ചിറംകടവ് വരെ 18 കി. മീറ്റര്‍ റോഡ് വീതി കൂട്ടി വളവ് നികത്തി മെക്കാഡം ടാറിംഗ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 60 കോടി രൂപയാണ് അനുവദിച്ചത്. റോഡ് പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 12മാസത്തിനകം ടാറിംഗ് പൂര്‍ത്തിയാക്കിയത് നാല് കി.മീറ്റര്‍ മാത്രമാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുള്ള തികഞ്ഞ അനാസ്ഥയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപനവുമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
പല സ്ഥലങ്ങളിലും പണി പൂര്‍ത്തിയാക്കിയതില്‍ തന്നെ അപാകതകളുണ്ട്. റോഡ് വീതി കൂട്ടാതെയും വളവ് നികത്താതെയുമാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഓട നിര്‍മ്മിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. ഒരുവര്‍ഷം മുമ്പാണ് റോഡ് പ്രവൃത്തിക്കൊപ്പം തന്നെ കലുങ്ക് നിര്‍മ്മാണവും ആരംഭിച്ചത്. ഇതും പൂര്‍ത്തിയാക്കിയിട്ടില്ല. റോഡരികിലെ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പാതയിലെ വളവുകള്‍ നികത്തി പുറമ്പോക്ക് ഭൂമിയെടുത്ത് വീതി വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിച്ചതിലും അപാകതയുണ്ട്. റോഡരികിലേക്ക് തന്നെയാണ് വൈദ്യുതി തൂണ്‍ വീണ്ടും മാറ്റിയിരിക്കുന്നത്. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വാഹനയാത്ര ദുഷ്‌ക്കരമായി മാറുകയാണ്. കനത്ത മഴ വരുമ്പോള്‍ റോഡ് ചെളിക്കുളമായി മാറുന്നു.
അപകടങ്ങളും ഇവിടെ പതിവാണ്. കാഞ്ഞങ്ങാട്ട് നിന്ന് മലയോരമേഖലയിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും സംസ്ഥാന പാത വികസനത്തിലൂടെ സാധ്യമാകും. കയറ്റവും ഇറക്കവും ചെരിവും ഒക്കെയുള്ള സംസ്ഥാനപാതയിലൂടെ ജാഗ്രതയോടെ വാഹനങ്ങള്‍ ഓടിച്ചില്ലെങ്കില്‍ വന്‍ അപകടങ്ങളുണ്ടാകും.
യാത്രക്കാരുടെ കൂട്ടമരണത്തിന് ഇടയാക്കിയ ദുരന്തങ്ങള്‍ പോലും സംസ്ഥാന പാതയില്‍ സംഭവിച്ചിട്ടുണ്ട്. റോഡിന്റെ വീതി കൂട്ടി എത്രയും വേഗം സംസ്ഥാനപാതയുടെ വികസനം പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കണം. അലംഭാവം തുടരുകയാണെങ്കില്‍ അധികാരകേന്ദ്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടല്‍ കൂടിയേ മതിയാകൂ. ഈ വിഷയത്തില്‍ സമരപരിപാടികളെക്കുറിച്ച് ജനങ്ങള്‍ ആലോചിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it