കൈക്കൂലി സമൂഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം

അധികാരകേന്ദ്രങ്ങളുടെ എല്ലാ തലങ്ങളിലും കൈക്കൂലിയും അഴിമതിയും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. കൈക്കൂലി ഇല്ലാത്ത ഏത് മേഖലയുണ്ട് എന്ന ചോദ്യത്തിന് പോലും ഇപ്പോള്‍ പ്രസക്തിയില്ലാതായിരിക്കുന്നു. അഴിമതിയും കൈക്കൂലിയും തടയാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഇതൊക്കെ ശീലങ്ങളാക്കുമ്പോള്‍ താഴെ തട്ടിലുള്ള ശുദ്ധീകരണം എങ്ങനെ നടക്കും എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്കും ശസ്ത്രക്രിയകള്‍ക്കുമായി ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധവും കുറ്റകരവും മെഡിക്കല്‍ എത്തിക്സിന് വിരുദ്ധവുമാണ്. എന്നാല്‍ യാതൊരു അഭിമാനക്ഷതവും കൂടാതെ കൈക്കൂലി വാങ്ങുന്നത് ശീലമാക്കിയ ചില ഡോക്ടര്‍മാരെങ്കിലും സര്‍ക്കാര്‍ ആസ്പത്രികളിലുണ്ട്. […]

അധികാരകേന്ദ്രങ്ങളുടെ എല്ലാ തലങ്ങളിലും കൈക്കൂലിയും അഴിമതിയും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. കൈക്കൂലി ഇല്ലാത്ത ഏത് മേഖലയുണ്ട് എന്ന ചോദ്യത്തിന് പോലും ഇപ്പോള്‍ പ്രസക്തിയില്ലാതായിരിക്കുന്നു. അഴിമതിയും കൈക്കൂലിയും തടയാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഇതൊക്കെ ശീലങ്ങളാക്കുമ്പോള്‍ താഴെ തട്ടിലുള്ള ശുദ്ധീകരണം എങ്ങനെ നടക്കും എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു. സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികില്‍സക്കും ശസ്ത്രക്രിയകള്‍ക്കുമായി ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധവും കുറ്റകരവും മെഡിക്കല്‍ എത്തിക്സിന് വിരുദ്ധവുമാണ്. എന്നാല്‍ യാതൊരു അഭിമാനക്ഷതവും കൂടാതെ കൈക്കൂലി വാങ്ങുന്നത് ശീലമാക്കിയ ചില ഡോക്ടര്‍മാരെങ്കിലും സര്‍ക്കാര്‍ ആസ്പത്രികളിലുണ്ട്. രോഗിയോട് ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ നിസ്വാര്‍ഥമായ ആതുരസേവനം നടത്തുന്ന ഒരു പോട് നന്‍മയുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഇവരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ ആരോഗ്യമേഖലക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ബാധ്യതയായി മാറുകയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അനസ്തീഷ്യാവിഭാഗത്തിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. അറസ്റ്റിലായ ഡോക്ടര്‍ ഇപ്പോള്‍ റിമാണ്ടിലാണ്. ഹെര്‍ണിയയെ തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ട രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. ഈ ഡോക്ടര്‍ക്കെതിരെ ഇതിന് മുമ്പും നിരവധി തവണ കൈക്കൂലി ആരോപണങ്ങള്‍ ഉയരുകയും പിടിക്കപ്പെടുകയും ചെയ്തിരുന്നു. നിയമപരമായും വകുപ്പ് തലത്തിലും നടപടികള്‍ നേരിട്ട് പിന്നീട് തിരിച്ചുവന്ന ശേഷവും രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ശീലം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് ഡോക്ടര്‍ വീണ്ടും അറസ്റ്റിലായത്. കൈക്കൂലിക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളൊന്നും ഉണ്ടാകാത്തതുകൊണ്ടാണ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലായാല്‍ ആദ്യം സസ്പെന്‍ഷനിലാകുന്നു. പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനിടയില്‍ പലയിടങ്ങളിലായി സ്ഥലം മാറ്റം ലഭിക്കുന്നു. പോകുന്ന ഇടങ്ങളില്‍ നിന്നെല്ലാം കൈക്കൂലി വാങ്ങുകയും ചെയ്യുന്നു. ചികില്‍സക്കും ശസ്ത്രക്രിയകള്‍ക്കും പണമില്ലാത്തതുകൊണ്ടാണ് നിര്‍ധനകുടുംബങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്നത്. പണമുള്ളവര്‍ അതിനായി സ്വകാര്യാസ്പത്രികളിലേക്കാണ് പോകുന്നത്.
പാവപ്പെട്ട കുടുംബങ്ങളുടെ നിസഹായാവസ്ഥയാണ് ചില സര്‍ക്കാര്‍ ആസ്പത്രി ഡോക്ടര്‍മാര്‍ മുതലെടുക്കുന്നത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ചികില്‍സ പോലും നിഷേധിക്കുന്ന ദുരനുഭവങ്ങള്‍ പല രോഗികള്‍ക്കും നേരിടേണ്ടിവരുന്നു. കൈക്കൂലി കിട്ടാത്തതിന്റെ പേരില്‍ ചികില്‍സയും ശസ്ത്രക്രിയയും വൈകിപ്പിച്ച് രോഗികളെ മരണത്തിലേക്ക് വരെ തള്ളിവിടാന്‍ പോലും ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. ഇതിന്റെ പേരില്‍ എന്തെങ്കിലുംപ്രശ്നങ്ങളുണ്ടായാല്‍ സംഘടിത ശക്തി ഉപയോഗിച്ച് സമരങ്ങളും പണിമുടക്കുകളും നടത്തുന്നു.
സര്‍ക്കാര്‍ ആസ്പത്രികളിലെ കൈക്കൂലി സമ്പ്രദായം തടയുന്നതിന് കര്‍ശന നിയമനടപടികളും കടുത്ത വകുപ്പുതല നടപടികളും അനിവാര്യമാണ്. തുടര്‍ച്ചയായി കൈക്കൂലി വാങ്ങുന്നവരെ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിടണം.

Related Articles
Next Story
Share it