ഇരകളുടെ കണ്ണീര് കാണാതെ പോകരുത്

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണമാവുകയാണ്. നിരന്തരമായ സമരപരിപാടികളും നിയമപരമായ പോരാട്ടങ്ങളുമായി ദുരിതബാധിതര്‍ മുന്നോട്ടുപോകുമ്പോഴും അവര്‍ ഇന്ന് നേരിടുന്ന കൊടിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ഇതുസംബന്ധിച്ച പരാതികള്‍ക്ക് തൃപ്തികരമായ മറുപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ നല്‍കാത്തതുമൂലമുള്ള പ്രയാസങ്ങള്‍ നിലനില്‍ക്കെ ദുരിതബാധിതര്‍ക്കുള്ള ചികില്‍സയും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ദുരിതബാധിതര്‍ക്ക് […]

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണമാവുകയാണ്. നിരന്തരമായ സമരപരിപാടികളും നിയമപരമായ പോരാട്ടങ്ങളുമായി ദുരിതബാധിതര്‍ മുന്നോട്ടുപോകുമ്പോഴും അവര്‍ ഇന്ന് നേരിടുന്ന കൊടിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ഇതുസംബന്ധിച്ച പരാതികള്‍ക്ക് തൃപ്തികരമായ മറുപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ നല്‍കാത്തതുമൂലമുള്ള പ്രയാസങ്ങള്‍ നിലനില്‍ക്കെ ദുരിതബാധിതര്‍ക്കുള്ള ചികില്‍സയും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ മുഖേന മരുന്നുകള്‍ വിതരണം ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ പല പഞ്ചായത്തുകളിലും മരുന്ന് വിതരണം നിര്‍ത്തിവെച്ചുവെന്നാണ് അറിയുന്നത്. അഞ്ചുവര്‍ഷത്തിലധികമായി മെഡിക്കല്‍ ക്യാമ്പുകളും നടക്കുന്നില്ല. മന്ത്രി ചെയര്‍മാനായിട്ടുള്ള എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രവര്‍ത്തനവും മാസങ്ങളായി നടക്കുന്നില്ല. സെപ്തംബര്‍ മാസം കൂടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങി ഏഴുമാസമാകും. ഓണത്തിനെങ്കിലും പെന്‍ഷന്‍ ലഭിക്കുമെന്ന് കരുതിയെങ്കിലും ഇതുസംബന്ധിച്ച പ്രതീക്ഷയും അസ്ഥാനത്താവുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും മരുന്ന് എത്തുന്നില്ല. ഇതോടെയാണ് മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ദുരിബാധിതര്‍ക്കുള്ള ചില മരുന്നുകള്‍ ലഭിക്കുന്നുണ്ടെങ്കിലും മാരകരോഗം ബാധിച്ചവര്‍ക്കുള്ള വില കൂടിയ മരുന്നുകളുടെ വിതരണം നടക്കുന്നില്ല. രോഗികളെ ആസ്പത്രികളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും പിന്‍വലിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനുമാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ രൂപീകരിച്ചിരുന്നത്. ഇതിന്റെ യോഗം ചേര്‍ന്നിട്ട് തന്നെ ഏഴുമാസത്തോളമായി. ഈ വര്‍ഷം ആദ്യം യോഗം ചേര്‍ന്നതിന് ശേഷം പിന്നീട് യോഗങ്ങളൊന്നും നടന്നില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ ബോധിക്കാന്‍ ഇരകള്‍ക്കിപ്പോള്‍ ഒരു സംവിധാനവുമില്ലാത്ത സ്ഥിതിയാണുള്ളത്. 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. മതിയായ കാരണങ്ങളില്ലാതെയാണ് പലരെയും ഒഴിവാക്കിയതെന്ന ആക്ഷേപവുമുണ്ട്. ഇവരെ തിരിച്ചടക്കണമെന്ന ആവശ്യം അധികാരികള്‍ ഗൗനിക്കുന്നില്ല. ജനിതവൈകല്യങ്ങളും മാരകരോഗങ്ങളും ബാധിച്ചവരും കിടപ്പുരോഗികളും അടക്കമുള്ളവര്‍ സര്‍ക്കാര്‍ സഹായമൊന്നും കിട്ടാതെ നരകയാതനയിലാണ്. ഇവരുടെ കണ്ണീര് അധികാരികള്‍ കണ്ണ ് തുറന്ന് കാണണം. മനുഷ്യത്വപരമായ ഇടപെടലിലൂടെ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.

Related Articles
Next Story
Share it