പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കണം

ഏറെക്കാലത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. എന്നിട്ടും അവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ കോഴിക്കോട് വരെ പോകേണ്ടി വന്നു. പിന്നീടാണ് പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആരംഭിച്ചത്. എന്നിട്ടും കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പയ്യന്നൂരിലേത് പോലുള്ള സമ്പൂര്‍ണ്ണ പാസ്‌പോര്‍ട്ട് ഓഫീസുമല്ല അനുവദിച്ചത്. ഒരു സേവാ കേന്ദ്രം മാത്രം. അപേക്ഷ നല്‍കിയാല്‍ ഒരു മാസമോ അതിലേറെയോ എടുത്താലേ പാസ്‌പോര്‍ട്ട് ലഭിക്കു. സ്വന്തമായി ഓഫീസില്ലാത്തതിനാല്‍ ഹെഡ്‌പോസ്റ്റോഫീസിന്റെ രണ്ട് […]

ഏറെക്കാലത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. എന്നിട്ടും അവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ കോഴിക്കോട് വരെ പോകേണ്ടി വന്നു. പിന്നീടാണ് പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആരംഭിച്ചത്. എന്നിട്ടും കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പയ്യന്നൂരിലേത് പോലുള്ള സമ്പൂര്‍ണ്ണ പാസ്‌പോര്‍ട്ട് ഓഫീസുമല്ല അനുവദിച്ചത്. ഒരു സേവാ കേന്ദ്രം മാത്രം. അപേക്ഷ നല്‍കിയാല്‍ ഒരു മാസമോ അതിലേറെയോ എടുത്താലേ പാസ്‌പോര്‍ട്ട് ലഭിക്കു. സ്വന്തമായി ഓഫീസില്ലാത്തതിനാല്‍ ഹെഡ്‌പോസ്റ്റോഫീസിന്റെ രണ്ട് മുറികളില്‍ പ്രവര്‍ത്തനം ഒതുക്കേണ്ടി വന്നു. 2017 ലാണ് ഓഫീസ് തുടങ്ങിയത്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കുടുസ്സുമുറിയില്‍ നിന്ന് മോചനം ലഭിച്ചില്ല. ഇപ്പോള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തന്നെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കയാണ്. ക്രമേണ ഇത് ഇല്ലാതാക്കുന്നതിന്റെ മുന്നോടിയാണോ ഈ മരവിപ്പിക്കല്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാര്‍ച്ച് മാസം അവസാനം പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നിട്ടില്ല. എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കുന്നതിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് ബന്ധപ്പെട്ടവര്‍. ഇവിടെ നിന്നുള്ള സേവനങ്ങള്‍ നിലച്ചതോടെ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രവാസികളുമാണ് ദുരിതത്തിലായത്. ദിനംപ്രതി 80 ടോക്കണുകളായിരുന്നു ഇവിടെ നിന്ന് നല്‍കിയിരുന്നത്. കോവിഡിനെ തുടര്‍ന്ന് അപേക്ഷകള്‍ കുറഞ്ഞെങ്കിലും നഴ്‌സിങ്ങിനും മറ്റുമായി വിദേശത്തേക്ക് പോകുന്നവര്‍ നിരവധിയുണ്ട്. അത്തരക്കാര്‍ക്ക് ഇപ്പോള്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പയ്യന്നൂരിനെയോ കോഴിക്കോടിനെയോ ആശ്രയിക്കുക മാത്രമെ നിര്‍വ്വാഹമുള്ളു. പൊതു ഗതാഗതമില്ലാത്തതിനാല്‍ അവിടെയെത്തുക എന്നതും ഏറെ ക്ലേശകരമാണ്. പോസ്റ്റല്‍ വകുപ്പും വിദേശ കാര്യ മന്ത്രാലയവും തമ്മിലുള്ള ചര്‍ച്ച വൈകുന്നതാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ കാലതാമസം നേരിടുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതിനും മറ്റുമായി സെക്യൂരിറ്റി അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടി വരും. മറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ കോവിഡ് ചട്ടം പാലിച്ച് തുറന്നു പ്രവര്‍ത്തിക്കുന്നത് ഇതൊക്കെ ഏര്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് മാത്രം ഇതില്‍ തടസ്സമെന്താണെന്നാണറിയാത്തത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കാത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നത് നല്ല കാര്യം. രണ്ടാഴ്ചക്കുള്ളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ എം.പി.യെ അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് അതിന് ആവശ്യമായ സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തപാല്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി അടിയന്തിരമായി പരിഹാരം ഉണ്ടാക്കണം. മറ്റെവിടെയും ഓഫീസ് തുറക്കാന്‍ ഒരു കടമ്പയും കടക്കേണ്ടതില്ലെന്നിരിക്കെ കാസര്‍കോട്ട് ഓഫീസിനോട് മാത്രം ഒരു ചിറ്റമ്മനയം കാണിക്കുന്നതാണ് മനസ്സിലാവാത്തത്. പ്രവാസികളെയും വിദേശങ്ങളിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളെയും ഇനിയും ബുദ്ധിമുട്ടിക്കാതെ എത്രയും പെട്ടന്ന് ഓഫീസ് തുറക്കാനുള്ള നടപടി വേണം.

Related Articles
Next Story
Share it