ദേശീയപാതാ വികസനപ്രവൃത്തികള്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നത് വളരെ സന്തോഷകരമായ കാര്യം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഏറെ ഖേദകരവുമാണ്. കഴിഞ്ഞ കുറേ നാളുകളായി കാസര്‍കോട്ടെ ജനങ്ങള്‍ ദേശീയപാതാവികസനത്തിന്റെ പേരില്‍ കുടിവെള്ളം മുടങ്ങുന്ന ദുരനുഭവങ്ങള്‍ക്ക് ഇരകളായി മാറുകയാണ്. ദേശീയപാതയുടെ പ്രവൃത്തികള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍ വ്യാപകമായി പൈപ്പ് ലൈനുകള്‍ പൊട്ടുന്നു. പൊട്ടുന്ന പൈപ്പുകള്‍ ഉടന്‍ തന്നെ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ വെള്ളമില്ലാതെ നിരവധി കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. വിദ്യാനഗറിനും നായന്മാര് മൂലക്കും ഇടയില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടക്കുമ്പോള്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായിരിക്കുകയാണ്.ദേശീയപാതാവികസന നിര്‍മ്മാണം ജീവനക്കാര്‍ മെയിന്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ചെയ്യുമ്പോഴാണ് പൈപ്പുകള്‍ പൊട്ടുന്നത്. തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുമ്പോള്‍ ദിവസങ്ങളോളമാണ് കുടിവെള്ളം മുടങ്ങുന്നത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം ശക്തമായതോടെ രണ്ട് ദിവസമായി ജലവിതരണം പുനരാരംഭിച്ചെങ്കിലും കുടുംബങ്ങള്‍ക്ക് ലഭിച്ചത് ചെളിനിറഞ്ഞ കലക്കവെള്ളമാണ്. 20 ലക്ഷത്തോളം ചെളിവെള്ളമാണ് ഈ രീതിയില്‍ വിതരണം ചെയ്തത്. സംഭരണിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം വെള്ളം ഉപയോഗിക്കാതെ കളയേണ്ടിവന്നു. പണി കഴിഞ്ഞ് ഇക്കഴിഞ്ഞ ശനിയാഴ്ച വെള്ളം തുറന്നുവിട്ടപ്പോഴാണ് വ്യാപകമായി ചെളിവെള്ളം എത്തിയത്. കാസര്‍കോട് നഗരസഭാപരിധിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം കിട്ടിയത് ചെളിവെള്ളമാണ്. ചെങ്കള, മധൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്ന ചില കുടുംബങ്ങള്‍ക്കും വിതരണത്തിനെത്തിയത് ചെളിവെള്ളം തന്നെ. ചൊവ്വാഴ്ച ഉച്ചയോടെയാണ് തെളിഞ്ഞ വെള്ളം കിട്ടിയത്. കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും കുടിവെള്ളം മുടങ്ങുമെന്നും പിന്നീട് ചെളിവെള്ളമെത്തുമുള്ള ആശങ്കയിലാണ് കുടുംബങ്ങള്‍. 13 കിലോ മീറ്റര്‍ അകലെ ബോവിക്കാനം ബാവിക്കര നുസ്രത്ത് നഗറില്‍ സ്ഥാപിച്ച ജല അതോറിറ്റിയുടെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച് വിട്ട വെള്ളമാണ് വീടുകളിലെത്തുമ്പോഴേക്കും കലക്ക വെള്ളമായി മാറിയത്. മെയിന്‍പൈപ്പ് ലൈന്‍ ദേശീയപാത വിഭാഗം ജീവനക്കാര്‍ മാറ്റി സ്ഥാപിച്ച് ഇന്റര്‍ കണക്ട് ചെയ്തതിലുണ്ടായ അപാകതയാണ് വെള്ളം പമ്പ് ചെയ്തപ്പോള്‍ ഇങ്ങനെ ചെളികയറാന് ഇടയാക്കിയതെന്നാണ് പരാതി. എന്തിന്റെ പേരിലായാലും ജനങ്ങളുടെ കുടിവെള്ളം മുടങ്ങാന്‍ ഇടവരുത്തുന്ന രീതിയില്‍ പ്രവൃത്തികള്‍ മുന്നോട്ടുപോകരുത്. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാകണം.