സംസ്ഥാനത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കിയിരുന്നത്. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന്റെ ചുമതല അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ്. ഉച്ചഭക്ഷണഫണ്ടിലേക്ക് സര്‍ക്കാരിന്റെ പണം എത്തിയാലേ ഈ പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. പ്രധാനാധ്യാപകര്‍ മുന്‍കൈയെടുത്ത് പണം മുടക്കി ഉച്ചഭക്ഷണത്തിനുള്ള അരിയും മറ്റ് സാധനങ്ങളും വാങ്ങും. ചിലവാക്കിയ തുക ഉടന്‍ തന്നെ സര്‍ക്കാര്‍ നല്കുമ്പോള് മാത്രമേ ഈ പദ്ധതി തുടരാനാകൂ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുടക്കമില്ലാതെ തന്നെ തുക അനുവദിച്ചിരുന്നു. എന്നാല്‍ രണ്ടാംപിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പദ്ധതിയുടെ താളം തെറ്റി തുടങ്ങിയത്. ഏറെ നാളായി ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക യഥാസമയം സ്കൂളുകള്‍ക്ക് നല്‍കുന്നില്ല. പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സ്വന്തം കീശയില്‍ നിന്ന് പദ്ധതിക്കായി പണം വിനിയോഗിച്ച പ്രധാനാധ്യാപകര്‍ വെട്ടിലായിരിക്കുകയാണ്. ഇനി തങ്ങള്‍ക്ക് പണം ചിലവവഴിക്കാനാകില്ലെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. ഇപ്പോള്‍ പ്രശ്നം നിയമപോരാട്ടത്തിലേക്ക് വരെ എത്തിക്കഴിഞ്ഞു.
പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് ഹൈക്കോടതി സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ ചിലവഴിച്ച തുക എന്ന് തിരികെ നല്‍കാനാകുമെന്നാണ് ചോദിച്ചിരിക്കുന്നത്. കുടിശിക നല്‍കാനുള്ള തുക ഏതുവിധത്തില്‍ കണ്ടെത്തുമെന്നും എന്ന് നല്‍കുമെന്നും വ്യക്തമാക്കി വിശദീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കേരള പ്രദേശ് സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷനാണ് ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക കൂട്ടണമെന്നും തുക മുന്‍കൂറായി പ്രധാനാധ്യാപകര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് യഥാര്‍ത്ഥ ചിലവിന്റെ 50 ശതമാനം മാത്രമാണെന്നും ഇത് തന്നെ സമയത്ത് ലഭിക്കാത്തതിനാല്‍ മിക്ക സ്കൂളുകളിലും പ്രധാനാധ്യാപകര്‍ക്ക് സാമ്പത്തികബാധ്യതയുണ്ടാകുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ഉച്ചഭക്ഷണത്തിനുള്ള യഥാര്‍ഥ ചിലവിന്റെ അടിസ്ഥാനത്തില്‍ തുക വര്‍ധിപ്പിക്കുക, മാസാദ്യം തന്നെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രധാനാധ്യാപകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹരിജിയില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. ഉച്ചഭക്ഷണപദ്ധതിയുടെ ചെലവ് 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനസര്‍ക്കാരുമാണ് വഹിക്കുന്നതെന്നും കേന്ദ്രം ഇപ്പോള്‍ പണം നല്കുന്നില്ലെന്നുമാണ് കേരളസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളം കേന്ദ്രത്തേയും കേന്ദ്രം കേരളത്തെയും പഴിചാരി ഉച്ചഭക്ഷണ പദ്ധതി എന്നന്നേക്കുമായി മുടങ്ങുന്ന അവസ്ഥയുണ്ടാകരുത്. എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണം.