പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം

കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുകയാണ്. പാതയോരങ്ങളിലും പുഴയോരങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമൊക്കെ വന്‍ തോതിലാണ് ഇരുളിന്റെ മറവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. അറവുശാലകളിലെയും കടകളിലെയും മാലിന്യങ്ങള്‍ മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരെ തള്ളുന്നു. വിവാഹസല്‍ക്കാരത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച് ബാക്കി വന്ന ഭക്ഷണവും നിക്ഷേപിക്കുന്നു. മഴക്കാലമായതിനാല്‍ ഇവയൊക്കെ ചീഞ്ഞളിഞ്ഞ് കൊതുകുകള്‍ പെരുകുകയും പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. കാസര്‍കോട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം പതിവാണ്. ഇത്തരക്കാരെ […]

കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുകയാണ്. പാതയോരങ്ങളിലും പുഴയോരങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമൊക്കെ വന്‍ തോതിലാണ് ഇരുളിന്റെ മറവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. അറവുശാലകളിലെയും കടകളിലെയും മാലിന്യങ്ങള്‍ മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വരെ തള്ളുന്നു. വിവാഹസല്‍ക്കാരത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച് ബാക്കി വന്ന ഭക്ഷണവും നിക്ഷേപിക്കുന്നു. മഴക്കാലമായതിനാല്‍ ഇവയൊക്കെ ചീഞ്ഞളിഞ്ഞ് കൊതുകുകള്‍ പെരുകുകയും പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. കാസര്‍കോട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം പതിവാണ്. ഇത്തരക്കാരെ പിടികൂടാനും കടുത്ത നടപടികള്‍ സ്വീകരിക്കാനും കാസര്‍കോട് നഗരസഭ ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയത് സ്വാഗതാര്‍ഹമാണ്. നഗരസഭാ ആരോഗ്യവിഭാഗം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിന് നിരീക്ഷണവും പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സബ് ജയിലിന്റെ പരിസരത്ത് മാലിന്യം തള്ളാനെത്തിയവര്‍ സഞ്ചരിച്ച വാഹനം നഗരസഭയുടെ സ്‌ക്വാഡ് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇനിയും മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങളും വ്യക്തികളും പിടിയിലാകുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് നഗരസഭ നല്‍കുന്ന മുന്നറിയിപ്പ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നാടിന്റെ പുരോഗതിക്കും മാലിന്യനിര്‍മ്മാര്‍ജ്ജനം അനിവാര്യമാണ്. ഒരു നാട്ടില്‍ എന്തൊക്കെ വികസനമുണ്ടായാലും ആ നാട് മാലിന്യം കൊണ്ട് നിറഞ്ഞതാണെങ്കില്‍ നാശത്തിലേക്ക് പതിക്കും. മാറാവ്യാധികള്‍ മൂലം പൊതുജനാരോഗ്യം അപകടത്തിലാവുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ട് ഒരു നാട്ടില്‍ വികസനത്തെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനാണ്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും മാലിന്യം നിറഞ്ഞതായാല്‍ ജീവനും ജീവിതവും വെല്ലുവിളികള്‍ നിറഞ്ഞതാവും. മാലിന്യമുക്തമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നത് തന്നെ ഏറ്റവും പ്രധാനമായ പൗരാവകാശമാണ്. എന്നാല്‍ പഞ്ചായത്തുകളും നഗരസഭകളും മാത്രം വിചാരിച്ചാല്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം സാധ്യമാകില്ല. പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും മാലിന്യത്തിനെതിരെ അനിവാര്യമാണ്. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ പൊതുജനങ്ങള്‍ തന്നെ പിടികൂടി അധികൃതര്‍ക്ക് കൈമാറണം. അതുപോലെ സ്വന്തം പറമ്പുകളിലും മറ്റുള്ളവരുടെ പറമ്പുകളിലും മാലിന്യം തള്ളാതിരിക്കാനും മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌ക്കരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാനും പൊതുജനങ്ങള്‍ തയ്യാറാകണം.

Related Articles
Next Story
Share it