സര്‍ക്കാര്‍ ആസ്പത്രികളെ അനാഥമാക്കരുത്

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതായിട്ട് നാളുകളേറെയായി. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലാ ആസ്പത്രിയും ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം രോഗികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. ജില്ലാ ആസ്പത്രിയില്‍ സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും അഭാവം ആസ്പത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുന്നുണ്ട്. ജില്ലാ ആസ്പത്രിയിലെ മറ്റ് തസ്തികകളിലും ഡോക്ടര്‍മാരുടെ കുറവ് വലിയ വെല്ലുവിളിയായി മാറുകയാണ്. പല വിഭാഗങ്ങളിലും ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതായിട്ട് നാളുകളേറെയായി. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലാ ആസ്പത്രിയും ജനറല്‍ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം രോഗികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. ജില്ലാ ആസ്പത്രിയില്‍ സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും അഭാവം ആസ്പത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുന്നുണ്ട്. ജില്ലാ ആസ്പത്രിയിലെ മറ്റ് തസ്തികകളിലും ഡോക്ടര്‍മാരുടെ കുറവ് വലിയ വെല്ലുവിളിയായി മാറുകയാണ്. പല വിഭാഗങ്ങളിലും ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ ചികിത്സ കിട്ടാതെ രോഗികള്‍ക്ക് മടങ്ങിപ്പോകേണ്ടിവരുന്നു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് ഇവിടത്തെ ചികിത്സാ സംവിധാനങ്ങളെയാകെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ജനറല്‍ ആസ്പത്രിയില്‍ 11 ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. പല തസ്തികകളിലും സ്ഥിരം ഡോക്ടര്‍മാരില്ല. ഉണ്ടെങ്കില്‍ തന്നെ ചില ദിവസങ്ങളില്‍ അവധിയായിരിക്കും. ഓര്‍ത്തോ, ഇ.എന്‍.ടി, പീഡിയാട്രീഷ്യന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈക്യാട്രി, ജനറല്‍ സര്‍ജറി, ആര്‍.എം.ഒ, അസി. ഡെന്റല്‍ സര്‍ജന്‍ വിഭാഗങ്ങളിലായി ഓരോ ഒഴിവുകളാണുള്ളത്. ജനറല്‍ മെഡിസിന്‍, അത്യാഹിത വിഭാഗം എന്നിവയില്‍ രണ്ടുവീതം ഡോക്ടര്‍മാരില്ല.
ജനറല്‍ ഒ.പി. വിഭാഗത്തില്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമൂലം രോഗികള്‍ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം ജനറല്‍ ആസ്പത്രിയിലെ എല്ലാ ഒ.പിയിലുമായി പരിശോധനയ്‌ക്കെത്തിയത് 1400 രോഗികളാണ്. കുറച്ചു ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതുകാരണം പരിശോധനയ്ക്കായി രോഗികള്‍ക്ക് ഏറെ നേരമാണ് കാത്തിരിക്കേണ്ടിവന്നത്. ഈ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പനിബാധിച്ച് സര്‍ക്കാര്‍ ആസ്പത്രികളില്‍ ദിവസവും നിരവധിപേരാണ് പരിശോധനക്കും ചികിത്സക്കായും എത്തുന്നത്. അതിനനുസരിച്ച് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. സ്ഥലം മാറ്റപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നിയമനം ഉണ്ടാകുന്നില്ല. ചില ഡോക്ടര്‍മാരാകട്ടെ ദീര്‍ഘകാല അവധിയില്‍ പോവുകയും ചെയ്യുന്നു. ഫലത്തില്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ അനാഥമാവുകയാണ്. നിര്‍ധനകുടുംബങ്ങളിലെ രോഗികളാണ് ഇക്കാരണത്താല്‍ പ്രയാസപ്പെടുന്നത്. എത്രയും വേഗം ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം ആവശ്യമാണ്.

Related Articles
Next Story
Share it