പേവിഷബാധയും പാളുന്ന പ്രതിരോധവും

കേരളത്തില്‍ പേപ്പട്ടികളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. നാടും നഗരവും തെരുവ് നായ്ക്കള്‍ കയ്യടക്കിയതോടെ ഇക്കൂട്ടത്തില്‍ പേവിഷബാധയുള്ള നായ്ക്കളുടെ എണ്ണവും പെരുകുന്നു. തെരുവ് നായ്ക്കളില്‍ നിന്നും വളര്‍ത്തുനായ്ക്കളിലേക്കും പേവിഷബാധ പടരുന്നു. അതുകൊണ്ട് തന്നെ ജനജീവിതം എല്ലാ ഇടങ്ങളിലും വെല്ലുവിളി നേരിടുകയാണ്. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ പല ഭാഗങ്ങളിലും നായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. പരിശോധനയില്‍ മാത്രമേ കടിച്ചത് പേപ്പട്ടിയാണോയെന്ന് വ്യക്തമാവുകയുള്ളൂ. പേപ്പട്ടി കടിച്ച പലര്‍ക്കും പ്രതിരോധവാക്‌സിന്‍ നല്‍കിയിട്ടും മരണം സംഭവിച്ചു എന്നത് ഉയര്‍ത്തിയിട്ടുള്ള ആശങ്ക ചെറുതല്ല. പേപ്പട്ടി കടിയേറ്റ കോഴിക്കോട് പേരാമ്പ്രയിലെ […]

കേരളത്തില്‍ പേപ്പട്ടികളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. നാടും നഗരവും തെരുവ് നായ്ക്കള്‍ കയ്യടക്കിയതോടെ ഇക്കൂട്ടത്തില്‍ പേവിഷബാധയുള്ള നായ്ക്കളുടെ എണ്ണവും പെരുകുന്നു. തെരുവ് നായ്ക്കളില്‍ നിന്നും വളര്‍ത്തുനായ്ക്കളിലേക്കും പേവിഷബാധ പടരുന്നു. അതുകൊണ്ട് തന്നെ ജനജീവിതം എല്ലാ ഇടങ്ങളിലും വെല്ലുവിളി നേരിടുകയാണ്. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ പല ഭാഗങ്ങളിലും നായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. പരിശോധനയില്‍ മാത്രമേ കടിച്ചത് പേപ്പട്ടിയാണോയെന്ന് വ്യക്തമാവുകയുള്ളൂ. പേപ്പട്ടി കടിച്ച പലര്‍ക്കും പ്രതിരോധവാക്‌സിന്‍ നല്‍കിയിട്ടും മരണം സംഭവിച്ചു എന്നത് ഉയര്‍ത്തിയിട്ടുള്ള ആശങ്ക ചെറുതല്ല. പേപ്പട്ടി കടിയേറ്റ കോഴിക്കോട് പേരാമ്പ്രയിലെ വീട്ടമ്മയും പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയും പ്രതിരോധവാക്‌സിന്‍ കുത്തിവെച്ചിട്ടും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. ആന്റി റാബീസ് വാക്‌സിനാണ് രണ്ടുപേര്‍ക്കും കുത്തിവെച്ചത്. പേരാമ്പ്രയിലെ വീട്ടമ്മയുടെ മുഖത്താണ് തെരുവ് നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്റി റാബീസ് വാക്‌സിന്റെ മൂന്ന് ഡോസാണ് വീട്ടമ്മക്ക് നല്‍കിയത്. ഒരു ഡോസ് കൂടി നല്‍കാനിരിക്കെയായിരുന്നു മരണം. അയല്‍പക്കത്തെ വീട്ടിലെ നായ കടിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ കഴിയുന്നതിനിടെയാണ് ആന്റി റാബീസ് വാക്‌സിനെടുത്തിട്ടും പാലക്കാട്ടെ പെണ്‍കുട്ടി മരിച്ചത്. പേ വിഷബാധക്കെതിരായ പ്രതിരോധ വാക്‌സിനെക്കുറിച്ചുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ രണ്ട് മരണങ്ങളും. പേപ്പട്ടികളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ആന്റി റാബീസ് വാക്‌സിന്‍ കുത്തിവെച്ചാല്‍ മരണം സംഭവിക്കില്ലെന്ന് മുമ്പ് തെളിയിക്കപ്പെട്ടിരുന്നു. എങ്കില്‍ പിന്നെ വീട്ടമ്മയും പെണ്‍കുട്ടിയും മരണപ്പെടാന്‍ എന്താണ് കാരണമെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിരിക്കുകയാണ്. പേ വിഷബാധക്കെതിരായ ആന്റി റാബീസ് വാക്‌സിന്റെ ആദ്യപകുതി കേരളത്തിലെത്തിക്കുന്നത് കേന്ദ്രപരിശോധനാ ലബോറട്ടറിയുടെ അന്തിമറിപ്പോര്‍ട്ടുകള്‍ ഇല്ലാതെയാണെന്ന വിവരം ആശങ്ക ഇരട്ടിപ്പിക്കുന്നു. അപ്പോള്‍ ഗുണനിലവാരമില്ലാത്ത വാക്‌സിനാണോ പേപ്പട്ടികടിയേറ്റവര്‍ക്ക് കുത്തിവെക്കുന്നതെന്ന സംശയം ശക്തിപ്പെടുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്റെ കാര്യത്തില്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ബന്ധപ്പെട്ട വകുപ്പ് ഈ വിഷയത്തില്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണം. ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുന്ന സാഹചര്യം അനുവദിക്കപ്പെടരുത്. കൊണ്ടുവരുന്ന വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.

Related Articles
Next Story
Share it