നാളികേര കര്‍ഷകരും ദുരിതക്കയത്തിലാണ്

നെല്ല് സംഭരണത്തിന് പണം കിട്ടാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായതിന് പിന്നാലെ നാളികേര കര്‍ഷകര്‍ക്കും പറയാനുള്ളത് സമാനമായ അനുഭവം തന്നെയാണ്. പച്ചത്തേങ്ങ സംഭരണത്തിന്റെ കാര്യത്തില്‍ നാളികേര കര്‍ഷകര്‍ നേരിടുന്നതും കടുത്ത അവഗണന തന്നെയാണ്. സഹകരണ സംഘങ്ങള്‍ വഴി കേരഫെഡ് നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.പച്ചത്തേങ്ങ സംഭരണത്തിന്റെ പണം രണ്ടരമാസമായി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. പണം എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. ജൂണ്‍ 22 വരെ പച്ചത്തേങ്ങ വില്‍പ്പന നടത്തിയ കര്‍ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം […]

നെല്ല് സംഭരണത്തിന് പണം കിട്ടാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായതിന് പിന്നാലെ നാളികേര കര്‍ഷകര്‍ക്കും പറയാനുള്ളത് സമാനമായ അനുഭവം തന്നെയാണ്. പച്ചത്തേങ്ങ സംഭരണത്തിന്റെ കാര്യത്തില്‍ നാളികേര കര്‍ഷകര്‍ നേരിടുന്നതും കടുത്ത അവഗണന തന്നെയാണ്. സഹകരണ സംഘങ്ങള്‍ വഴി കേരഫെഡ് നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
പച്ചത്തേങ്ങ സംഭരണത്തിന്റെ പണം രണ്ടരമാസമായി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. പണം എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. ജൂണ്‍ 22 വരെ പച്ചത്തേങ്ങ വില്‍പ്പന നടത്തിയ കര്‍ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം പണം ലഭിച്ചത്. പൊതുമാര്‍ക്കറ്റില്‍ തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതുകാരണം കേരകര്‍ഷകര്‍ ഏറെ പ്രയാസത്തിലാണ്.
ഇതിന് പരിഹാരമെന്ന നിലയിലാണ് കേരഫെഡ് വഴി താങ്ങുവില നല്‍കി പച്ചത്തേങ്ങ സംഭരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കിലോയ്ക്ക് 34 രൂപ പ്രകാരമാണ് പച്ചത്തേങ്ങയുടെ സംഭരണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സബ്‌സിഡി തുക കേരഫെഡിന് ലഭിക്കാന്‍ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കാസര്‍കോട് ജില്ലയില്‍ ഒമ്പത് സഹകരണസ്ഥാപനങ്ങളാണ് നിലവില്‍ കേരഫെഡില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസം വീതമാണ് തേങ്ങ സംഭരണം നടത്തുന്നത്. അഞ്ചു ടണ്‍ തേങ്ങ വരെ ഓരോ സഹകരണ സ്ഥാപനങ്ങളിലും സംഭരിക്കുന്നുണ്ട്. രണ്ടരമാസത്തിനിടെ ടണ്‍ കണക്കിന് പച്ചത്തേങ്ങകള്‍ സംഭരിച്ചുകഴിഞ്ഞു.
എന്നാല്‍ യഥാസമയം പണം നല്‍കാന്‍ കേരഫെഡിന് കഴിയാത്തത് കേരകര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തന്നെ വഴിമുട്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ വിലക്ക് പൊതുമാര്‍ക്കറ്റില്‍ തേങ്ങ വിറ്റഴിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. കിലോയ്ക്ക് 2.50 രൂപയാണ് പൊതുമാര്‍ക്കറ്റില്‍ വില കിട്ടുന്നത്. സംഭരണകേന്ദ്രങ്ങളില്‍ 9.50 രൂപ അധികമായി ലഭിച്ചിരുന്നു. കൃഷിവകുപ്പിന്റെ അനുമതിപത്രം ലഭ്യമാക്കി ഏറെ ബുദ്ധിമുട്ടിയാണെങ്കില്‍ പോലും കര്‍ഷകര്‍ സംഭരണകേന്ദ്രങ്ങളില്‍ തേങ്ങയെത്തിച്ചത് പ്രതീക്ഷയോടെയായിരുന്നു.
ഓണക്കാലത്ത് പോലും തേങ്ങവില ലഭിക്കാതിരുന്നതില്‍ കര്‍ഷകര്‍ വളരെ നിരാശരാണ്. നാളികേര കര്‍ഷകര്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്. കഴിഞ്ഞ തവണ രൂക്ഷമായ വരള്‍ച്ചയും കാലവര്‍ഷം വരാന്‍ വൈകിയതും കാരണം നിരവധി തെങ്ങുകളാണ് നശിച്ചുപോയത്. അവശേഷിച്ചവയില്‍ ഉല്‍പ്പാദനം ഗണ്യമായി കുറയുകയും ചെയ്തു. കാലവര്‍ഷം വന്നിട്ടും ശക്തമായ മഴ ലഭിക്കാത്തത് മറ്റ് വിളകളെ പോലെ തന്നെ നാളികേര ഉല്‍പ്പാദനത്തിനും തിരിച്ചടിയായിട്ടുണ്ട്. അതിനിടയിലാണ് പച്ചത്തേങ്ങ സംഭരണവും പ്രയോജനപ്പെടാത്ത തരത്തിലായത്. കേരഫെഡിന് വേണ്ടി സംഭരിച്ച തേങ്ങയുടെ പണം ലഭ്യമാക്കാനും സംഭരണം ഫലപ്രദമാക്കാനും സര്‍ക്കാര്‍ ഇടപെടണം.

Related Articles
Next Story
Share it