ദേശസാല്‍കൃത റൂട്ടിലെ അറുതിയില്ലാത്ത യാത്രാക്ലേശങ്ങള്‍

ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കും യഥേഷ്ടം സര്‍വീസ് നടത്താവുന്ന തരത്തില്‍ ഉദാരമാക്കിയ കേന്ദ്രനയം ഗതാഗതരംഗത്ത് ഗുണകരമാകുമോ അതോ ദോഷകരമാകുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം അവകാശപ്പെട്ടതാണ് ദേശസാല്‍കൃത റൂട്ടുകളെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ പ്രശ്നത്തെ ഗൗരവമായി കണ്ട് എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കുമെന്ന ആലോചനയിലാണ് കേരളസര്‍ക്കാര്‍. ഗതാഗതമന്ത്രി ആന്റണി രാജു മോട്ടോര്‍ മേഖലയിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന ചര്‍ച്ചയില്‍ മുഴുകുകയാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഓള്‍ ഇന്ത്യ […]

ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കും യഥേഷ്ടം സര്‍വീസ് നടത്താവുന്ന തരത്തില്‍ ഉദാരമാക്കിയ കേന്ദ്രനയം ഗതാഗതരംഗത്ത് ഗുണകരമാകുമോ അതോ ദോഷകരമാകുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം അവകാശപ്പെട്ടതാണ് ദേശസാല്‍കൃത റൂട്ടുകളെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ പ്രശ്നത്തെ ഗൗരവമായി കണ്ട് എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കുമെന്ന ആലോചനയിലാണ് കേരളസര്‍ക്കാര്‍. ഗതാഗതമന്ത്രി ആന്റണി രാജു മോട്ടോര്‍ മേഖലയിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന ചര്‍ച്ചയില്‍ മുഴുകുകയാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റിനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചതോടെ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിരുന്ന സംരക്ഷണമാണ് ഇല്ലാതാകുന്നത്. ഓള്‍ ഇന്ത്യാ പെര്‍മിറ്റെടുക്കുന്ന ബസുകള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാതെ ഓടാന്‍ അനുമതി നല്‍കുന്ന വിധത്തിലാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. ദീര്‍ഘദൂരപാതകളില്‍ നിന്ന് സ്വകാര്യബസുകളുടെ സര്‍വീസ് പരമാവധി കുറച്ചുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നത്. സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ പരമാവധി യാത്രാദൂരം 140 കിലോ മീറ്ററായി ചുരുക്കുകയായിരുന്നു. ഇത്തരമൊരു അവസ്ഥക്ക് മാറ്റം വരുന്നതോടെ ദേശസാല്‍കൃത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളെക്കാള്‍ സ്വകാര്യബസുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കും. സ്വകാര്യബസുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഏഴുദിവസത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ നികുതി അടക്കുന്ന ബസുകള്‍ക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിന് ഓള്‍ ഇന്ത്യാ പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. 3.60 ലക്ഷം രൂപയാണ് പെര്‍മിറ്റ് ഫീസ് നല്‍കേണ്ടത്. ഈ തുക ബസ് കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത കാലയളവില്‍ വീതിച്ച് നല്‍കുകയാണ് ചെയ്യുന്നത്. മുമ്പ് കെ.എസ്.ആര്‍.ടി.സി ബസുകളെക്കാള്‍ സ്വകാര്യബസുകളാണ് ദേശീയ-സംസ്ഥാന പാതകളില്‍ സര്‍വീസ് നടത്തിയിരുന്നത്. പല സ്വകാര്യബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കിയതോടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ആധിപത്യം വന്നു. മിക്ക കെ.എസ്.ആര്‍.ടി.സി ബസുകളും ടൗണ്‍ ടു ടൗണ്‍ ആയാണ് ദേശീയപാതയില്‍ ഓടുന്നത്. ഓര്‍ഡിനറി ബസുകള്‍ വളരെ കുറവാണ്. അതുകൊണ്ട് ദീര്‍ഘദൂര യാത്രക്കാര്‍ ഒഴികെ പല യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് പ്രയോജനപ്പെടാത്ത സ്ഥിതിയുമുണ്ട്. സ്വാകാര്യബസുകള്‍ കൂടുതലുണ്ടായാല്‍ അത് യാത്രാക്ലേശത്തിന് ഏറെ പരിഹാരമാകുമെന്നതും വസ്തുതയാണ്.

Related Articles
Next Story
Share it