നെല്‍കര്‍ഷകരുടെ കണ്ണീര് കാണണം

കാലവര്‍ഷം ചതിച്ചതോടെ ഏറ്റവുമധികം ദുരിതവും പ്രതിസന്ധിയും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്ന് നെല്‍കര്‍ഷകരാണ്. കാലവര്‍ഷത്തെ വിശ്വസിച്ച് നെല്‍കൃഷിയിറക്കിയവരൊക്കെയും ഇപ്പോള്‍ കടുത്ത വെല്ലുവിളിയെ നേരിടുകയാണ്. ജൂണ്‍ മാസത്തില്‍ തന്നെ വൈകിയാണ് മഴയെത്തിയത്. ജൂലായ് മാസം വരെ മാത്രമാണ് മഴ കിട്ടിയത്. ആഗസ്ത് മാസത്തില്‍ മഴ പെയ്തില്ല. വൈകിയാണ് മഴ വന്നതെങ്കിലും നെല്‍കൃഷിക്കാര്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. കനത്ത മഴ ലഭിക്കുമെന്ന് വിശ്വസിച്ചാണ് പാടങ്ങളിലെല്ലാം ഞാറ് നട്ടത്. നാടെങ്ങും മഴപ്പൊലിമ ആഘോഷങ്ങള്‍ നടക്കുകയും ചെയ്തു. ഞാറുകള്‍ വളര്‍ന്നുതുടങ്ങുന്ന ഘട്ടത്തില്‍ നല്ല മഴ ലഭിക്കണം. എന്നാല്‍ […]

കാലവര്‍ഷം ചതിച്ചതോടെ ഏറ്റവുമധികം ദുരിതവും പ്രതിസന്ധിയും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്ന് നെല്‍കര്‍ഷകരാണ്. കാലവര്‍ഷത്തെ വിശ്വസിച്ച് നെല്‍കൃഷിയിറക്കിയവരൊക്കെയും ഇപ്പോള്‍ കടുത്ത വെല്ലുവിളിയെ നേരിടുകയാണ്. ജൂണ്‍ മാസത്തില്‍ തന്നെ വൈകിയാണ് മഴയെത്തിയത്. ജൂലായ് മാസം വരെ മാത്രമാണ് മഴ കിട്ടിയത്. ആഗസ്ത് മാസത്തില്‍ മഴ പെയ്തില്ല. വൈകിയാണ് മഴ വന്നതെങ്കിലും നെല്‍കൃഷിക്കാര്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. കനത്ത മഴ ലഭിക്കുമെന്ന് വിശ്വസിച്ചാണ് പാടങ്ങളിലെല്ലാം ഞാറ് നട്ടത്. നാടെങ്ങും മഴപ്പൊലിമ ആഘോഷങ്ങള്‍ നടക്കുകയും ചെയ്തു. ഞാറുകള്‍ വളര്‍ന്നുതുടങ്ങുന്ന ഘട്ടത്തില്‍ നല്ല മഴ ലഭിക്കണം. എന്നാല്‍ ഞാറുകള്‍ മൂപ്പെത്തും മുമ്പ് തന്നെ മഴ അപ്രത്യക്ഷമായിരിക്കുകയാണ്. ഞാറുകള്‍ കരിഞ്ഞുണങ്ങിതുടങ്ങിയിരിക്കുന്നു. ചിങ്ങമാസത്തില്‍ ശക്തമായ മഴ ലഭിക്കേണ്ടതാണെങ്കിലും കടുത്ത വരള്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
മഴക്കാലത്ത് പേമാരിയിലാണ് പൊതുവെ നെല്‍കൃഷി നശിക്കാറുള്ളത്. തുടര്‍ച്ചയായി പാടത്ത് വെള്ളം നിറഞ്ഞാണ് നെല്‍കൃഷി ചീഞ്ഞ് നശിക്കാറുള്ളത്. എന്നാല്‍ ഇത്തവണ മഴക്കാലത്ത് കൊടുംവരള്‍ച്ച വന്നാണ് വ്യാപകമായി നെല്‍കൃഷി നശിക്കുന്നതെന്നാണ് വിരോധാഭാസം. പല നെല്‍കര്‍ഷകരുടെയും ഉപജീവനമാര്‍ഗമാണ് ഇതോടെ വഴിമുട്ടിയിരിക്കുന്നത്. അതോടൊപ്പം വലിയ സാമ്പത്തിക ബാധ്യതയും ഇവര്‍ അഭിമുഖീകരിക്കുന്നു.
മിക്ക കര്‍ഷകരും കൂലിക്ക് ആളുകളെ ഏര്‍പ്പെടുത്തിയാണ് പാടം ഉഴുതുമറിക്കുന്നതും ഞാറ് നടുന്നതും അടക്കമുള്ള ജോലികള്‍ ചെയ്യിച്ചത്. ഇതിനായി ഇവര്‍ക്ക് വലിയ തോതിലുള്ള സാമ്പത്തികബാധ്യതയാണ് ഉണ്ടായത്. ഞാറുകള്‍ ഉണങ്ങിനശിച്ചതോടെ നെല്‍കര്‍ഷകരെല്ലാം കണ്ണീരിലാണ്. ഈ നഷ്ടം എങ്ങനെ നികത്തുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും വഴിമുട്ടുകയാണ്. നഷ്ടപരിഹാരത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി അവസാനിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയത്. സംസ്ഥാനത്തിന്റെ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് ഏറെ കര്‍ഷകര്‍ പുറത്താണ്.
കേന്ദ്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ ഫസല്‍ ഭീമ യോജനയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ആഗസ്ത് 31നാണ് അവസാനിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന് ഇരകളാകുന്ന കര്‍ഷകര്‍ക്കാണ് വിള ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നത്. കാലവര്‍ഷമില്ലാത്തതുമൂലമുള്ള വരള്‍ച്ചയില്‍ നെല്‍കൃഷി നശിക്കുന്നത് ഇതാദ്യമാണ്. ഫസല്‍ ഭീമയോജനയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കേന്ദ്രത്തിന്റെ നഷ്ടപരിഹാരം ലഭിക്കുന്നത്. ഫസല്‍ ഭീമ യോജനയുടെ കാലാവധി നീട്ടുകയോ സംസ്ഥാനത്ത് ഇന്‍ഷൂറന്‍സ് ഇല്ലാത്ത കര്‍ഷകര്‍ക്ക് കൂടി നഷ്ടപരിഹാരം ലഭിക്കുന്നതിന് പ്രത്യേക പ്രഖ്യാപനം നടത്തുകയോ ചെയ്യുക എന്നതാണ് സംസ്ഥാനസര്‍ക്കാരിന് ചെയ്യാവുന്ന ഏക കാര്യം. അതുകൊണ്ട് നെല്‍കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം.

Related Articles
Next Story
Share it