ആവര്‍ത്തിക്കരുത് ജീവനെടുക്കുന്ന ഇത്തരം നിയമപാലനങ്ങള്‍

നിയമം നടപ്പിലാക്കുന്നതിനിടയില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചില നടപടികള്‍ മനുഷ്യജീവനെടുക്കുന്ന അബദ്ധങ്ങളായി മാറിയ ഒട്ടേറെ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പൊലീസിന്റെ ഭാഗത്തുന്നുണ്ടായ വീഴ്ച മൂലം വിലപ്പെട്ട ഒരു മനുഷ്യജീവന്‍ പോലും പൊലിഞ്ഞിരിക്കുന്നു. അംഗഡിമുഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസ് ആണ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫറാസ്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി സ്‌കൂളിന് സമീപം എത്തിയ എസ്.ഐയും സംഘവും ഒരു കാറില്‍ വിദ്യാര്‍ഥികള്‍ […]

നിയമം നടപ്പിലാക്കുന്നതിനിടയില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചില നടപടികള്‍ മനുഷ്യജീവനെടുക്കുന്ന അബദ്ധങ്ങളായി മാറിയ ഒട്ടേറെ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പൊലീസിന്റെ ഭാഗത്തുന്നുണ്ടായ വീഴ്ച മൂലം വിലപ്പെട്ട ഒരു മനുഷ്യജീവന്‍ പോലും പൊലിഞ്ഞിരിക്കുന്നു. അംഗഡിമുഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസ് ആണ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫറാസ്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി സ്‌കൂളിന് സമീപം എത്തിയ എസ്.ഐയും സംഘവും ഒരു കാറില്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ട് ചെന്നതായിരുന്നു. ഇതോടെ കാര്‍ പിറകോട്ടെടുക്കുകയും കാറിന്റെ വാതില്‍ പൊലീസ് ജീപ്പില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ ഓടിച്ചുപോകുകയായിരുന്നു. പൊലീസിനെ ഭയന്നാണ് വിദ്യാര്‍ഥികള്‍ കാറില്‍ അവിടെ നിന്നും പോയത്. എന്നാല്‍ പൊലീസ് കാറിനെ പിന്തുടരുകയാണുണ്ടായത്. പൊലീസ് പിടികൂടുമോയെന്ന ആശങ്കയും വെപ്രാളവും കാരണം വിദ്യാര്‍ഥികള്‍ കാര്‍ അതിവേഗത്തില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മറിയുകയും ഫറാസ് ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫറാസിന്റെ നില അതീവഗുരുതരമായതോടെയാണ് മരണം സംഭവിച്ചത്. സംഭവം പൊലീസിനെതിരെ കടുത്ത പ്രതിഷേധമുയരാന്‍ ഇടവരുത്തിയിരിക്കുകയാണ്. മരിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഫറാസിന്റെ അപകടമരണത്തിന് ഉത്തരവാദികളായ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുതെന്നും നരഹത്യക്ക് കേസെടുക്കുന്നതടക്കം കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യം പൊതുവികാരമായി മാറിക്കഴിഞ്ഞു. വിവിധ സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. കുമ്പള സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരിലും മറ്റും ഇടക്കിടെ പ്രശ്നങ്ങളും സംഘട്ടനങ്ങളും ഉണ്ടാകാറുണ്ടെന്നത് വസ്തുതയാണ്. സ്‌കൂളില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള പൊലീസ് ഇടപെടലും ആവശ്യം തന്നെയാണ്. എന്നാല്‍ ആ ഇടപെടല്‍ വിദ്യാര്‍ഥികളുടെ ജീവനും ജീവിതവും സംരക്ഷിക്കാന്‍ വേണ്ടിയാകണം. ഹനിക്കാന്‍ വേണ്ടിയാകരുത്. പൊലീസിനെ ഭയന്ന് സ്ഥലം വിടുന്ന വിദ്യാര്‍ഥികളെ പിന്തുടരേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. അതിന് മാത്രം ഗുരുതരമായ സ്ഥിതിവിശേഷം സ്‌കൂളിന് അകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നാല്‍ പോലും കുട്ടികളാണ് എന്ന ബോധത്തോടെയുള്ള ആത്മസംയമനം പാലിക്കാന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ട്. ആ നിലയക്കല്ല പൊലീസ് പെരുമാറിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഒരു കുറ്റകൃത്യവും ചെയ്തിരുന്നില്ല. എന്നിട്ടും കുറ്റവാളികളെ വേട്ടയാടുന്നത് പോലെ വിദ്യാര്‍ഥികളെ പൊലീസ് പിന്തുടര്‍ന്നതാണ് ഒരു വിദ്യാര്‍ഥിക്ക് ജീവന്‍ തന്നെ നഷ്ടമാകാന്‍ കാരണം. ചെറിയകുറ്റങ്ങളുടെ പേരില്‍ പോലും പൊലീസ് ഭീകരകുറ്റവാളികളെ പോലെ ആളുകളെ ഓടിച്ച് അവരെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. പൊലീസിനെ ഭയന്നോടി കിണറ്റില്‍ വീണ് മരിച്ചവരുണ്ട്. വാഹനത്തില്‍ പോകുന്നവരെ നിസാരകാരണങ്ങള്‍ക്ക് പോലും വേട്ടയാടുന്ന രീതി ചില പൊലീസുകാര്‍ക്കുണ്ട്. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന ആളെ ചെറിയ ഒരു നിയമലംഘനത്തിന്റെ പേര് പറഞ്ഞ് പൊലീസുകാരന്‍ ഹെല്‍മറ്റ് പിടിച്ചുവാങ്ങി തലക്കടിച്ച സംഭവമുണ്ടായത് സമീപകാലത്താണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ ആള്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. നിയമപാലനത്തിന് വേണ്ടി ആളുകളെ തന്നെ അടിച്ചുകൊല്ലുകയോ മരണത്തിന് മറ്റേതെങ്കിലും രീതിയില്‍ കാരണക്കാരാവുകയോ ചെയ്യുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ മാത്രം പോരാ. അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും ആവശ്യമാണ്. വിദ്യാര്‍ഥികളുടെ മാത്രമല്ല ആരുടെയും മരണത്തിന് നിയമപാലനം കാരണമാകരുത്.

Related Articles
Next Story
Share it