എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള ചികിത്സാ സഹായം മുടങ്ങുന്നത് ക്രൂരം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികില്‍സാസഹായവും മരുന്നും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ദുരിതബാധിതര്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ നിരവധി പേര്‍ക്ക് ലഭിച്ചിരുന്ന ചികില്‍സാ സഹായം ഏതുസമയത്തും നിലയ്ക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പലര്‍ക്കും ഇപ്പോള്‍ തന്നെ ചികില്‍സാസഹായം ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒരുമാസക്കാലമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമരുന്ന് നല്‍കുന്നില്ല. സൗജന്യമരുന്ന് വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. […]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികില്‍സാസഹായവും മരുന്നും നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ദുരിതബാധിതര്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ നിരവധി പേര്‍ക്ക് ലഭിച്ചിരുന്ന ചികില്‍സാ സഹായം ഏതുസമയത്തും നിലയ്ക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പലര്‍ക്കും ഇപ്പോള്‍ തന്നെ ചികില്‍സാസഹായം ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഒരുമാസക്കാലമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമരുന്ന് നല്‍കുന്നില്ല. സൗജന്യമരുന്ന് വിതരണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസക്കാലമായി. 2,200, 12000 എന്നിങ്ങനെയുള്ള ക്രമത്തിലാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നത്. അത്യാവശ്യം മരുന്നുകള്‍ വാങ്ങാനെങ്കിലും ഈ തുക ഉപകരിച്ചിരുന്നു. ഓണക്കാലമായിട്ടുപോലും അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. 2,200 രൂപ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അടുത്ത കാലത്തായി 500 രൂപ വെട്ടിക്കുറച്ചാണ് നല്‍കിവരുന്നത്. ക്രമേണ അവശേഷിച്ച തുക പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുമുള്ളത്. ഈ പഞ്ചായത്തുകളിലെ ദുരിതബാധിതരെ ആസ്പത്രികളിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേകം വാഹനം തന്നെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ ദുരിതബാധിതര്‍ക്കായി ഉപയോഗിക്കാത്ത സാഹചര്യമാണുള്ളത്. യാത്രാസൗകര്യം ഇല്ലാതായതിന് പുറമെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മരുന്നു കൂടി ലഭിക്കാതിരുന്നതോടെ ഇവര്‍ ഇനിയെങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.ജനിതകവൈകല്യങ്ങളും മാരകരോഗങ്ങളും ബാധിച്ച് കുട്ടികള്‍ അടക്കം ദുരിതത്തില്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നിരവധിയാണ്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള രോഗം ബാധിച്ചവര്‍ കൂടുതലുമുള്ളത്. ഇവര്‍ക്ക് മതിയായ മരുന്നും ചികില്‍സയും ലഭിക്കാത്തതിനാല്‍ മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഒരുനേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിമ്പോലും ഏറെ പ്രയാസപ്പെടുന്ന കുടുംബങ്ങളാണ് അധികവും. മാറിമാറി അധികാരത്തില്‍ വന്നവരുടെ ദുഷ്ചെയ്തികളുടെ പരിണിതഫലങ്ങളാണ് ഇവരെല്ലാം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്നതിനും അവര്‍ക്ക് പട്ടിണി കൂടാതെ ജീവിക്കാനും ആവശ്യമായ ധനസഹായം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അത് മറക്കരുത്.

Related Articles
Next Story
Share it