മാധ്യമസ്വാതന്ത്യത്തിന് വീണ്ടും കൂച്ചുവിലങ്ങിടുമ്പോള്‍

കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം വീണ്ടും വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ പരീക്ഷണഘട്ടങ്ങളെ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ നാവരിയാന്‍ ശ്രമിച്ചവര്‍ എത്ര ഉന്നതമായ പദവികള്‍ അലങ്കരിച്ചവരായവര്‍ പോലും പരാജയപ്പെട്ട ചരിത്രമേയുള്ളൂ.ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. രാജ്ഭവനില്‍ നിന്നുള്ള ക്ഷണപ്രകാരമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത്. എന്നാല്‍ കൈരളിയുടെയും മീഡിയാവണ്ണിന്റെയും പ്രവര്‍ത്തകരെ അവിടെ […]

കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം വീണ്ടും വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ പരീക്ഷണഘട്ടങ്ങളെ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളുടെ നാവരിയാന്‍ ശ്രമിച്ചവര്‍ എത്ര ഉന്നതമായ പദവികള്‍ അലങ്കരിച്ചവരായവര്‍ പോലും പരാജയപ്പെട്ട ചരിത്രമേയുള്ളൂ.
ഏറ്റവുമൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. രാജ്ഭവനില്‍ നിന്നുള്ള ക്ഷണപ്രകാരമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത്. എന്നാല്‍ കൈരളിയുടെയും മീഡിയാവണ്ണിന്റെയും പ്രവര്‍ത്തകരെ അവിടെ നിന്ന് ഇറക്കിവിടുകയാണുണ്ടായത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വെല്ലുവിളികളും വിലക്കുകളുമെല്ലാം കേരളത്തില്‍ സര്‍വ്വസാധാരണമായത് പോലെയാണ് ഇപ്പോള്‍ കാണുന്നത്. തങ്ങള്‍ക്ക് അഹിതകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ വേണ്ട എന്ന് പറയുന്നതിനെ ന്യായീകരിക്കാനാവില്ല. ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം മാത്രമല്ല, ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി കൂടിയാണ്. ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കേള്‍ക്കാനുമുള്ള സ്വാതന്ത്ര്യം പൗരാവകാശത്തില്‍ പ്രധാനമാണ്. ചോദ്യങ്ങള്‍ വേണ്ട, പറയുന്ന കാര്യങ്ങള്‍ മൗനമായി കേട്ടാല്‍ മതിയെന്ന രീതി ഏകാധിപത്യമാണ്. അത്തരത്തിലുള്ള സമീപനമാണ് ചില ഉന്നതരുടെ ഭാഗത്ത് നിന്നടക്കം കണ്ടുവരുന്നത്. കൈരളിയുടെയും മീഡിയാവണ്ണിന്റെയും മാതൃകയിലുള്ള ചോദ്യങ്ങള്‍ തന്നോട് മറ്റ് മാധ്യമങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന ധ്വനി കൂടി ഗവര്‍ണറുടെ നടപടിയില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഗവര്‍ണര്‍ ഏതാനും മാധ്യമപ്രവര്‍ത്തകരെ മാത്രം സ്ഥാപനത്തിന്റെ പേരു പറഞ്ഞ് ഗെറ്റ് ഔട്ട് പറയുന്ന സംഭവമുണ്ടായത്.
കഴിഞ്ഞ മാസം അവസാനം ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ചില മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്ഭവനുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്നുപറഞ്ഞായിരുന്നു അന്നത്തെ വിലക്ക്. ചില ചാനലുകളെ മാത്രം തിരഞ്ഞുപിടിച്ച് ഒഴിവാക്കുമ്പോള്‍ ജനാധിപത്യത്തില്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ദുര്‍ബലപ്പെടുത്തുന്നത്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുമ്പോള്‍ ഭരണഘടനാപദവിയുടെ അന്തസിന് കൂടി ഇടിവ് സംഭവിക്കുകയാണ്. തൊഴില്‍ ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഒരു പോലെ പ്രധാനമാണ്. നടപടികള്‍ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ നാളിതുവരെ മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന അവകാശം ഇല്ലായ്മ ചെയ്യുന്ന പ്രവണതയെ ഏത് ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന രാജ്യങ്ങളുടെ മാതൃക ജനാധിപത്യത്തിന് ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. പ്രത്യേകിച്ച് കേരളം പോലുള്ള സാക്ഷരസമ്പന്നമായ സംസ്ഥാനങ്ങളില്‍. ഇതനുവദിച്ച് കൊടുത്താല്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കും ഭീഷണിയും നിരന്തരം നേരിടേണ്ടിവന്നേക്കാം. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്തണം. ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടേ മതിയാകൂ.

Related Articles
Next Story
Share it