വരള്‍ച്ചയെ എങ്ങനെ അതിജീവിക്കും

കേരളം വീണ്ടും വരള്‍ച്ചയിലേക്ക് നീങ്ങുമോയെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സ്ഥിതിഗതികള്‍. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ട് രണ്ടരമാസം പിന്നിട്ടിരിക്കുന്നു. എന്നാല്‍ ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ചതാകട്ടെ വളരെ കുറച്ചുമഴയും . രണ്ട് ദിവസമായി തീരെ മഴയില്ല. മുന്‍കാലങ്ങളില്‍ ആഗസ്ത് മാസത്തിലാണ് മഴ തകര്‍ത്തുപെയ്യാറുള്ളത്. എന്നാല്‍ ഈ ആഗസ്തില്‍ നേരിയ തോതില്‍ പെയ്യാന്‍ പോലും മഴ മടിക്കുന്നു. 1556 മില്ലിമിറ്റര്‍ മഴയാണ് ജൂണ്‍ മുതല്‍ ആഗസ്ത് മാസം വരെ […]

കേരളം വീണ്ടും വരള്‍ച്ചയിലേക്ക് നീങ്ങുമോയെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സ്ഥിതിഗതികള്‍. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ട് രണ്ടരമാസം പിന്നിട്ടിരിക്കുന്നു. എന്നാല്‍ ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ചതാകട്ടെ വളരെ കുറച്ചുമഴയും . രണ്ട് ദിവസമായി തീരെ മഴയില്ല. മുന്‍കാലങ്ങളില്‍ ആഗസ്ത് മാസത്തിലാണ് മഴ തകര്‍ത്തുപെയ്യാറുള്ളത്. എന്നാല്‍ ഈ ആഗസ്തില്‍ നേരിയ തോതില്‍ പെയ്യാന്‍ പോലും മഴ മടിക്കുന്നു. 1556 മില്ലിമിറ്റര്‍ മഴയാണ് ജൂണ്‍ മുതല്‍ ആഗസ്ത് മാസം വരെ ലഭിക്കേണ്ടത്. എന്നാല്‍ 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 44 ശതമാനത്തിന്റെ കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 60 ശതമാനമാണ് മഴ രേഖപ്പെടുത്തിയത്. ജൂലായില്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. ഒമ്പത് ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗസ്തില്‍ എത്തിയപ്പോഴേക്കും മഴ ഗണ്യമായി കുറഞ്ഞു. ആഗസ്ത് ഒന്നുമതല്‍ 15 വരെയുള്ള അവസ്ഥ പരിശോധിക്കുമ്പോള്‍ ദയനീയമാണ് കാര്യങ്ങള്‍. 254. 6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 25.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടാഴ്ചക്കുളളില്‍ സംസ്ഥാനത്ത് കാര്യമായ മഴയൊന്നും ലഭിക്കില്ലെന്നാണ് കേന്ദ്ര കാലാവസഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അടുത്ത മാസം കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.മഴയുടെ കുറവ് കാര്‍ഷികമേഖലയിലുണ്ടാക്കിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. മഴയെ വിശ്വസിച്ച് കൃഷിയിറക്കിയവരെല്ലാം വെട്ടിലായിരിക്കുന്നു. പ്രത്യേകിച്ചും നെല്‍കൃഷിയാണ് കടുത്ത വെല്ലുവിളി നേരിടുന്നത്. വയലില്‍ നല്ല വെള്ളമുണ്ടെങ്കില്‍ മാത്രമേ നെല്‍കൃഷി വളരുകയുള്ളൂ. ഏക്കര്‍ കണക്കിന് നെല്‍കൃഷി കൊടും വെയിലില്‍ ഉണങ്ങിനശിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കിണറുകളില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് പലയിടങ്ങളിലും നെല്‍കൃഷി സംരക്ഷിക്കുന്നത്. എന്നാല്‍ മഴയുടെ ലഭ്യതക്കുറവ് തുടരുകയാണെങ്കില്‍ നെല്‍കൃഷിയുടെ ജലസേചനത്തിന് ആവശ്യത്തിന് വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകും. നെല്‍കൃഷി ഉണങ്ങിനശിക്കും. കഴിഞ്ഞ കൊടുംവരള്‍ച്ചയില്‍ കാര്‍ഷികവിളകള്‍ ഉണങ്ങിനശിച്ച് കോടികളുടെ നഷ്ടമാണുണ്ടായത്. മഴക്കാലത്ത് കൃഷി ചെയ്ത് ആ നഷ്ടം നികത്താനായില്ലെങ്കിലും അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് കര്‍ഷകര്‍ കരുതിയിരുന്നത്. മഴ ഈ അവസ്ഥയിലാണെങ്കില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭീകരമായ വരള്‍ച്ചയായിരിക്കും അടുത്ത തവണയുണ്ടാകുക.കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകളും തണ്ണീര്‍ തടങ്ങളും നികത്തിയുമുണ്ടാക്കിയ കോണ്‍ക്രീറ്റ് വികസനങ്ങള്‍ ഇപ്പോള്‍ വരള്‍ച്ച ഉള്‍പ്പെടെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ദുരന്തങ്ങളായി മാറുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്തുള്ള വികസനങ്ങള്‍ ആപല്‍ക്കരമാണെന്ന് പ്രകൃതി തന്നെ ഓര്‍മ്മപ്പെടുത്തുമ്പോഴും ആരും ഇതില്‍ നിന്നും ഒരു തിരിച്ചറിവും നേടുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുര്യോഗം.

Related Articles
Next Story
Share it