അമിതമായ വിലക്കയറ്റം കാരണം ജനജീവിതം അങ്ങേയറ്റം ദുസഹമാവുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ ജീവിതം എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ വിഷമവൃത്തത്തില്‍ കഴിയുന്നു.വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ വിപണിയില്‍ ഇടപെടാനോ തയ്യാറാകാതെ ബന്ധപ്പെട്ട അധികാരികള്‍ നിസംഗത തുടരുന്നു.ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്നതും പൊതുവായി ഗുണകരമല്ലാത്തതുമായ വിഷയങ്ങളെ വിവാദമാക്കി നിര്‍ത്തി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. പല തരത്തിലുള്ള പ്രതികരണങ്ങളിലൂടെ മിത്ത് വിവാദം അടക്കമുള്ള വിഷയങ്ങളെ ആളിക്കത്തിച്ചും ചര്‍ച്ച ചെയ്തും ഭരണപക്ഷവും പ്രതിപക്ഷവും ബി.ജെ.പിയും ഒക്കെ മുന്നോട്ടുപോകുമ്പോള്‍ വിലക്കയറ്റം തടയുന്ന കാര്യത്തില്‍ ആരും ശ്രദ്ധ പുലര്‍ത്തുന്നില്ല. വിവാദവിഷയങ്ങള്‍ മുറുകെ പിടിച്ച് സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നവര്‍ അവശ്യസാധനങ്ങളുടെ തീവില കാരണം ജീവിതം വഴിമുട്ടിയവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക പോലും ചെയ്യുന്നില്ല. മുമ്പൊക്കെ പൊതുജനങ്ങളുടെ അടിസ്ഥാന ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ശക്തമായ സമരപരിപാടികള്‍ നടത്തിയിരുന്നു. അധികാരകേന്ദ്രങ്ങളുടെ നയങ്ങളെ തിരുത്തിക്കാന്‍ ഇത്തരം സമരപരിപാടികളും പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദങ്ങളുമൊക്കെ ഇടവരുത്തിയിരുന്നു. എന്നാല്‍ ഇക്കാലത്ത് സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും ഒരു പാര്‍ട്ടിക്കും താല്‍പ്പര്യമില്ലാത്ത സ്ഥിതിയാണുള്ളത്. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓണവും വന്നെത്തുന്നത്. മുമ്പൊക്കെ ഓണം ഉള്‍പ്പെടെയുള്ള ആഘോഷക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള ഒരു നടപടിയും കാണുന്നില്ല. റേഷന്‍ കടകളിലൂടെ ലഭിക്കുന്ന കൂടുതല്‍ അരിയും മറ്റ് സാധനങ്ങളും സിവില്‍ സപ്ലൈസിന്റെ മാവേലി സ്റ്റോറുകള്‍ വഴി വില കുറച്ചുകിട്ടുന്ന സാധനങ്ങളുമാണ് വിലക്കയറ്റത്തെ നേരിടാന്‍ സഹായകമാകാറുള്ളത്. ഇക്കുറി റേഷന്‍ കടകളിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വെട്ടിക്കുറച്ചാണ് അരി നല്‍കുന്നത്. മാവേലി സ്റ്റോറുകളിലാകട്ടെ പല അവശ്യസാധനങ്ങളും ലഭ്യവുമല്ല. ഈ സാഹചര്യത്തില്‍ തീവില കൊടുത്ത് പല സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് പുറത്തുനിന്നും വാങ്ങേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വിതരണം ബി.പി.എല്‍ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ ദുരിതഫലങ്ങള്‍ ബി.പി.എല്‍ വിഭാഗം മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്നുണ്ട്. വെള്ള-നീല കാര്‍ഡുകളുടെ ഉടമകളായ എല്ലാവരും സമ്പന്നരല്ല. ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ പോലും നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.പി.എല്‍ കാര്‍ഡുകളില്‍ ദരിദ്രര്‍ മാത്രമല്ല മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരുമുണ്ട്. അതുകൊണ്ട് കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജനങ്ങളുടെ പൊതു ജീവിത നിലവാരം നിര്‍ണ്ണയിക്കാന്‍ കഴിയില്ല. സപ്ലൈകോയുടെ സ്റ്റോറുകളില്‍ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കിയും എല്ലാവര്ക്കും ഓണക്കിറ്റുകള്‍ നല്‍കിയും വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിവാദങ്ങളില്‍ അഭിരമിക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കാണാതെ പോകരുത്.