ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങള്‍

മഴക്കാലമായതിനാല്‍ കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കടലിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കൂളിക്കാന്‍ ഇറങ്ങുന്നവര്‍ മാത്രമല്ല, അപകടകരമായ സാഹചര്യങ്ങളില്‍ സെല്‍ഫിയും ഫോട്ടോഷൂട്ടും നടത്തുന്നവര്‍ പോലും വെള്ളത്തില്‍ വീണ് മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിച്ചവരുടെ എണ്ണം ഒന്‍പതാണ്. മൂവാറ്റുപുഴയില്‍ മൂന്നുപേരും ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് വിദ്യാര്‍ത്ഥികളും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ കായലില്‍ വീണ് യുവാവും വാളയാറില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും പെരിയാറില്‍ വയോധികനുമാണ് മുങ്ങിമരിച്ചത്. മൂവാറ്റുപുഴയില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഏഴുപേര്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ […]

മഴക്കാലമായതിനാല്‍ കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുകയാണ്. കടലിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കൂളിക്കാന്‍ ഇറങ്ങുന്നവര്‍ മാത്രമല്ല, അപകടകരമായ സാഹചര്യങ്ങളില്‍ സെല്‍ഫിയും ഫോട്ടോഷൂട്ടും നടത്തുന്നവര്‍ പോലും വെള്ളത്തില്‍ വീണ് മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിച്ചവരുടെ എണ്ണം ഒന്‍പതാണ്. മൂവാറ്റുപുഴയില്‍ മൂന്നുപേരും ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് വിദ്യാര്‍ത്ഥികളും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ കായലില്‍ വീണ് യുവാവും വാളയാറില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും പെരിയാറില്‍ വയോധികനുമാണ് മുങ്ങിമരിച്ചത്. മൂവാറ്റുപുഴയില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഏഴുപേര്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും പതിനഞ്ചും പതിനാറും വയസുളള കുട്ടികള്‍ അടക്കം മൂന്നുപേര്‍ മുങ്ങിമരിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രമായ തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ ജലാശയത്തില്‍ നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്.വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു രണ്ടുപേരും. കാര്‍ത്തികപ്പള്ളിയില്‍ സുഹൃത്തുക്കളോടൊപ്പം വള്ളത്തില്‍ പോയ യുവാവാണ് കാല്‍ വഴുതി കായലില്‍ വീണത്.
രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ഥികളും മുങ്ങിമരിച്ചു. പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വയോധികന്‍ മുങ്ങിമരിച്ചത്.ഇത്രയും മുങ്ങിമരണങ്ങള്‍ വ്യത്യസ്ത ഇടങ്ങളിലായി നടന്നത് ഒരേ ദിവസമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് നവദമ്പതികള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ച സംഭവം നാടിനെയാകെ വേദനയിലാഴ്ത്തിയിരുന്നു. ഇതിന് മുമ്പുള്ള ദിവസങ്ങളിലും കേരളത്തിലെ പല ഭാഗങ്ങളിലും മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിനോദയാത്രയുടെ ഭാഗമായും ജന്‍മദിനാഘോഷങ്ങളുടെ പേരിലും മധുവിധു ആഘോഷത്തിനും ഒക്കെയായി വെള്ളച്ചാട്ടം കാണാന്‍ പോകുന്നവര്‍ നിരവധിയാണ്. ശക്തമായ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നത് അപകടം തന്നെയാണ്. നീന്തലില്‍ വൈദഗ്ധ്യം ഉള്ളവര്‍ പോലും അപകടത്തില്‍പെട്ടെന്നുവരാം. പല ജലാശയങ്ങളും പുറമെ കാണുമ്പോള്‍ ശാന്തമായിരിക്കും. പുറത്തുനിന്നും വരുന്നവര്‍ക്ക് അതിനകത്തുള്ള കയത്തെക്കുറിച്ചും ചുഴിയെക്കുറിച്ചും ധാരണയുണ്ടാവില്ല. ഏത് ഭാഗത്താണ് ഇതൊക്കെ ഉള്ളതെന്ന് അറിയാതെ കുളിക്കുകയും നീന്തുകയും ഒക്കെ ചെയ്യുന്നവര്‍ക്കാണ് ജീവാപായം വരെ സംഭവിക്കുന്നത്. വഴുക്കലുള്ള പാറകളില്‍ പോയി സെല്‍ഫിയെടുക്കുന്നത് പലര്‍ക്കും ഹരമാണ്. കുത്തൊഴുക്കുള്ള ഭാഗത്തെ വഴുക്കലുള്ള പാറയില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ വീണ് മരിക്കുന്നവരും ഏറെയാണ്. അതുപോലെ എവിടെയെങ്കിലും വെള്ളക്കെട്ട് കാണുമ്പോള്‍ കുളിക്കാനിറങ്ങുന്നവരുമുണ്ട്. വെള്ളക്കെട്ടുകള്‍ക്ക് നല്ല ആഴവും അടിയില്‍ ചെളിയുമുണ്ടെങ്കില്‍ കുളിക്കുന്നവര്‍ക്ക് അപകടമുണ്ടാകും. നീന്തല്‍ അറിഞ്ഞാല്‍ കൂടിയും ചെളിയില്‍ കാല്‍ പുതഞ്ഞാല്‍ രക്ഷപ്പെടാന്‍ സാധിച്ചെന്നുവരില്ല. മുങ്ങിമരിക്കുന്നവരില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്.
നീന്തല്‍ അറിഞ്ഞാല്‍ ഏതുതരം ജലാശയത്തിലും ഇറങ്ങി നീന്താന്‍ കഴിയുമെന്ന ധാരണ തെറ്റാണ്. നീന്തലില്‍ എത്ര പരിചയസമ്പത്തുണ്ടെങ്കിലും അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുന്നതാണ് സുരക്ഷക്ക് നല്ലത്. ഇതേക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അടക്കം നല്ലൊരു ബോധവല്‍ക്കരണം നല്‍കണം. രക്ഷിതാക്കള്‍ ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കണം. സ്‌കൂള്‍ തലങ്ങളിലും ഇതേക്കുറിച്ച് അവബോധം നല്‍കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം.

Related Articles
Next Story
Share it