ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥക്ക് പരിഹാരം വേണം

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി ദയനീയം തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാക്കസേരകള്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ പരിഹസിക്കുന്ന കാഴ്ച പതിവായിരിക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 1649 കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്.14,358 തസ്തികകളിലാണ് ഇത്രയം കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇങ്ങനെയുള്ള ആളില്ലാക്കസേരകളില്‍ ഇരിക്കേണ്ടവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടാകാറില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ചുമതലയേറ്റ […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി ദയനീയം തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാക്കസേരകള്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ പരിഹസിക്കുന്ന കാഴ്ച പതിവായിരിക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 1649 കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്.
14,358 തസ്തികകളിലാണ് ഇത്രയം കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇങ്ങനെയുള്ള ആളില്ലാക്കസേരകളില്‍ ഇരിക്കേണ്ടവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇവിടെ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടാകാറില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ചുമതലയേറ്റ ഉടന്‍ തന്നെ ദീര്‍ഘകാല അവധിയില്‍ പോകുന്നവരാണ് ഏറെയും. ഇങ്ങനെ അവധിയില്‍ പോകുന്നവരില്‍ പലരും തിരിച്ചുവരാറുമില്ല. അവര്‍ ഭരണതലത്തിലുള്ള സ്വാധീനവും മറ്റും ഉപയോഗിച്ച് വേറെ എവിടെയെങ്കിലും സൗകര്യപ്രദമായ ഇടങ്ങളില്‍ സ്ഥലംമാറ്റം തരപ്പെടുത്തിയെടുക്കും. അതേ സമയം പകരം നിയമനം നടത്തുന്നുമില്ല. ഇതാകട്ടെ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ജില്ലയിലെ മുളിയാര്‍ വില്ലേജ് ഓഫീസില്‍ ഓഫീസറുടെയും വില്ലേജ് അസിസ്റ്റന്റിനെയും സേവനമില്ലാതായിട്ട് മാസങ്ങളോളമായി. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തുന്നവര്‍ക്ക് നിരാശരായി തിരിച്ചുപോകേണ്ട അവസ്ഥയാണുണ്ടാകുന്നത്. വീട് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണം, പ്ലാന്‍, നികുതി തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കാനാകാതെ കാലതാമസം നേരിടുന്ന സാഹചര്യമാണ് ഇവിടെയുളളതെന്ന പരാതി ശക്തമാണ്. ഇതൊക്കെ വേഗത്തില്‍ ശരിയാക്കി കിട്ടണമെങ്കില്‍ വില്ലേജ് ഓഫീസറും അസിസ്റ്റന്റും ആവശ്യമാണ്. ജില്ലയിലെ മറ്റുചില വില്ലേജ് ഓഫീസുകളിലും സമാനമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലും കൂട്ടത്തോടെയുള്ള സ്ഥലം മാറ്റങ്ങള്‍ വലിയ പ്രശ്നമാകുന്നുണ്ട്. പല വികസന പദ്ധതികളും മുടങ്ങിപ്പോകാന്‍ ഇത് ഇടവരുത്തുന്നു.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പ് അന്നത്തെ കലക്ടര്‍ സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓരോ വകുപ്പിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ കണക്കുകള്‍ സഹിതമാണ് അന്നത്തെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പിന്നോക്ക ജില്ലയായ കാസര്‍കോട്ട് ഉദ്യോഗസ്ഥരില്ലാത്ത പ്രശ്നത്തിന് പരിഹാരമായി നിര്‍വഹണ ഉദ്യോഗസ്ഥ കാഡറിലുള്ളവരുടെ സേവനകാലാവധി മൂന്നുവര്‍ഷം നിര്‍ബന്ധമാക്കുന്നത് ഉചിതമായിരിക്കുമെന്ന് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതിനായി പ്രത്യേകിച്ചുള്ള നിയമനരീതി നടപ്പാക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായില്ല. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുകള്‍ പൂര്‍ണമായും നികത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it