ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി വേണം

കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാവുകയാണ്. ദിവസവും ഇതുസംബന്ധിച്ച ഒരു വാര്‍ത്തയെങ്കിലും പത്രത്തിലുണ്ടാകുമെന്നതാണ് സ്ഥിതി. അത്രമാത്രം ആഴത്തിലാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ നമ്മുടെ നാട്ടില്‍ വേരൂന്നിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പലിശരഹിത വായ്പ അടക്കം വാഗ്ദാനം ചെയാണ് ആളുകളെ തട്ടിപ്പുസംഘങ്ങള്‍ വലയില്‍ വീഴ്ത്തുന്നത്. ഇതിനായി പ്രത്യേകം ആപ്പുകളും തയ്യാറാക്കുന്നു. എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന് കരുതി ആപ്പുകള്‍ തുറക്കുന്നവരുടെ അക്കൗണ്ടില്‍ നിന്ന് പിന്നീട് ലക്ഷക്കണക്കിന് രൂപയാണ് അപഹരിക്കപ്പെടുന്നത്. അതോടൊപ്പം വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഓണ്‍ലൈനില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പണം […]

കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാവുകയാണ്. ദിവസവും ഇതുസംബന്ധിച്ച ഒരു വാര്‍ത്തയെങ്കിലും പത്രത്തിലുണ്ടാകുമെന്നതാണ് സ്ഥിതി. അത്രമാത്രം ആഴത്തിലാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ നമ്മുടെ നാട്ടില്‍ വേരൂന്നിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പലിശരഹിത വായ്പ അടക്കം വാഗ്ദാനം ചെയാണ് ആളുകളെ തട്ടിപ്പുസംഘങ്ങള്‍ വലയില്‍ വീഴ്ത്തുന്നത്. ഇതിനായി പ്രത്യേകം ആപ്പുകളും തയ്യാറാക്കുന്നു. എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന് കരുതി ആപ്പുകള്‍ തുറക്കുന്നവരുടെ അക്കൗണ്ടില്‍ നിന്ന് പിന്നീട് ലക്ഷക്കണക്കിന് രൂപയാണ് അപഹരിക്കപ്പെടുന്നത്. അതോടൊപ്പം വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഓണ്‍ലൈനില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദേശം. കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുമാസത്തിനിടെ മുന്നൂറിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്. വായ്പക്ക് പുറമെ ഇരട്ടിലാഭമുണ്ടാക്കാനുള്ള കുറുക്കിവഴിയെന്ന നിലയില്‍ മറ്റു പല പദ്ധതികളും തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിച്ച് അവതരിപ്പിക്കുന്നുണ്ട്. പാര്‍ട്ട് ടൈം ജോലി, ഓണ്‍ലൈന്‍ ട്രേഡിങ്ങ്, ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങി പല തരത്തിലുള്ള വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിയവര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായിരിക്കുന്നത്. ഫേസ് ബുക്കും വാട്‌സ് ആപും വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. ജോലിയും ഇരട്ടിലാഭവും വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. ഇതൊക്കെ ലഭിക്കണമെങ്കില്‍ മുന്‍കൂര്‍ പണം അയക്കണമെന്ന് ആവശ്യപ്പെടുന്നു. വാഗ്ദാനപ്രകാരമുള്ള ജോലിയും പണവും ആദ്യം നല്‍കും. പിന്നീട് മികച്ച ജോലിയും പ്രതിഫലവും ലഭിക്കുന്നതിന് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഓണ്‍ലൈന്‍ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എന്ന് കാണിച്ച് വെര്‍ച്വല്‍ വാലറ്റുകളില്‍ തുകയായോ പോയിന്റായോ കാണിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നത്. ഇത് പിന്‍വലിക്കുന്നതിന് കൂടുതല്‍ നിക്ഷേപം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതോടെ ലാഭം പ്രതീക്ഷിച്ച് വലിയ തുക തന്നെ നിക്ഷേപിക്കുന്നു. എന്നാല്‍ വെര്‍ച്വല്‍ വാലറ്റുകളിലെ തുകയോ പോയിന്റുകളോ പിന്‍വലിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം നടന്നത് ഈയിടെയാണ് . ഇതുസംബന്ധിച്ച പരാതികളില്‍ പൊലീസ് കേസെടുക്കാറുണ്ടെങ്കിലും പലപ്പോഴും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചെന്നുവരില്ല. ആ രീതിയിലാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വിദേശികളുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് നാട്ടില്‍ തന്നെ തട്ടിപ്പുകള്‍ നടത്തുന്നവരുമുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ അയച്ചുതരാമെന്ന് പറഞ്ഞ് വലിയ തുക അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടുന്ന ഒട്ടനവധി സന്ദേശങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ് ആപിലും വരുന്നുണ്ട്. ഇത് വിശ്വസിച്ച് പണം തട്ടിപ്പുകാര്‍ നല്‍ക്കുന്ന അക്കൗണ്ടില്‍ അയക്കും. സമ്മാനം കിട്ടില്ലെന്ന് മാത്രമല്ല അയച്ച തുക നഷ്ടമാവുകയും ചെയ്യുന്നു. തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനുള്ള ജാഗ്രത കാണിച്ചാല്‍ തട്ടിപ്പുസംഘങ്ങളുടെ കുടില പദ്ധതികളെ പരാജയപ്പെടുത്താന്‍ സാധിക്കും. ഫേസ് ബുക്കിലും വാട്‌സ് ആപിലും ഇന്‍സ്റ്റഗ്രാമിലും വരുന്ന വ്യാജസന്ദേശങ്ങളില്‍ കുടുങ്ങാതിരിക്കാനുള്ള ജാഗ്രതയും വിവേകവും മലയാളികള്‍ക്കുണ്ടാകണം.

Related Articles
Next Story
Share it